ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കും: വിക്രമസിംഗെ
ഇന്ത്യയുമായുള്ള ബന്ധം  സുദൃഢമാക്കും: വിക്രമസിംഗെ
Sunday, April 19, 2015 10:24 PM IST
ഗുരുവായൂര്‍: ഇന്ത്യയും ശ്രീലങ്കയുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കുമെന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ശ്രീവത്സം ഗസ്റ് ഹൌസിലെത്തിയ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളികളെ അറസ്റ്ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, താന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാണെന്നും ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ താത്പര്യത്തിനാണു ശ്രീലങ്ക പരിഗണന നല്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നം ഇന്ത്യയുമായുള്ള ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ല. ചൈനയോടു കൂടുതല്‍ ആഭിമുഖ്യമില്ല. എല്ലാ അയല്‍രാജ്യങ്ങളുമായി ശ്രീലങ്ക നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ശ്രീലങ്കയിലെ തമിഴര്‍ ശ്രീലങ്കക്കാരാണെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശ്രീലങ്കന്‍ പ്രസിഡന്റ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്െടന്നും മോദിയുടെ സന്ദര്‍ശനത്തോടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാകുമെന്നും വിക്രമസിംഗെ വ്യക്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ഇതിനുമുമ്പും പലപ്രാവശ്യം എത്തിയിട്ടുണ്െടന്നും ഇത് എട്ടാമത്തെ സന്ദര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ സന്ദര്‍ശനമായതിനാല്‍ മാധ്യമപ്രവര്‍ത്തകരെ കാണില്ലെന്നായിരുന്നു പോലീസിനു ലഭിച്ച അറിയിപ്പ്.

എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ താത്പര്യപ്പെടുന്നെന്നു പ്രധാനമന്ത്രിയെ അറിയിച്ചതോടെ ശ്രീവത്സം ഗസ്റ് ഹൌസിലെ ലോബിയിലെത്തി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.