പി.സി. ജോര്‍ജിനു സസ്പെന്‍ഷന്‍
പി.സി. ജോര്‍ജിനു സസ്പെന്‍ഷന്‍
Saturday, April 18, 2015 12:06 AM IST
തിരുവനന്തപുരം: പി.സി. ജോര്‍ജ് എംഎല്‍എയെ കേരള കോണ്‍ഗ്രസ്- എം വൈസ് ചെയര്‍മാന്‍ പദവിലും പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളിലുംനിന്നു സസ്പെന്‍ഡ് ചെയ്തു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി തീരുമാനം അറിയിച്ചു.

പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുകയും പാര്‍ട്ടിക്കെതിരെ അപവാദപ്രചരണം നടത്തുകയും ചെയ്തതിന്റെ പേരിലാണു നടപടി.

പാര്‍ട്ടി ഭരണഘടനയനുസരിച്ചു ചെയര്‍മാന്റെ പ്രത്യേക അധികാരമുപയോഗിച്ചാണു നടപടി. അറുപതു ദിവസത്തിനകം സ്റിയറിംഗ് കമ്മിറ്റി സസ്പെന്‍ഷന്‍ നടപടി സാധൂകരിക്കണം. അന്വേഷണ വിധേയമായാണു നടപടി. ജോര്‍ജിന്റെ പാര്‍ട്ടി അംഗത്വത്തിനു പ്രശ്നമില്ല.

ഇപ്പോഴത്തെ നടപടിയോടെ പി.സി. ജോര്‍ജ് എംഎല്‍എ കേരള കോണ്‍ഗ്രസ് -എമ്മിന്റെ സാധാരണ അംഗമായി മാറിയിരിക്കുകയാണ്. ജോര്‍ജിനെതിരേയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചേക്കും. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം തുടര്‍നടപടി.

ജോര്‍ജിനു പകരം വൈസ് ചെയര്‍മാനെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ച ഉണ്ടായില്ല. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ചു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.

കെ.എം. മാണിക്കും ജോസ് കെ. മാണിക്കുമെതിരേ പരസ്യനിലപാടെടുക്കുകയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനെ തുടര്‍ന്നു കേരള കോണ്‍ഗ്രസ് - എമ്മില്‍ ജോര്‍ജിനെതിരെ തുടക്കമിട്ട നീക്കങ്ങളുടെ രണ്ടാംഘട്ടമായാണ് ഇന്നലെ പാര്‍ട്ടി പദവികളില്‍ നിന്നു സസ്പെന്‍ഡ് ചെയ്തത്. ആദ്യം ചീഫ് വിപ്പ് പദവിയില്‍നിന്നു ജോര്‍ജിനെ നീക്കിയിരുന്നു.

പാര്‍ട്ടിയില്‍നിന്നു പുറത്തുപോയതിനു സമാനമായ നിലയാണിപ്പോള്‍. എന്നാല്‍, എംഎല്‍എ പദവിയില്‍ തുടരാന്‍വേണ്ടി ജോ ര്‍ജിനു പാര്‍ട്ടിയില്‍ തുടരേണ്ട നിലയാണുള്ളത്.


പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയാല്‍ മാത്രമേ എംഎല്‍എ പദവി നിലനിര്‍ത്തിക്കൊണ്ടു ജോര്‍ജിനു പുറത്തുപോകാന്‍ സാധിക്കുകയുള്ളു. സ്വമേധയാ പുറത്തുപോയാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാകും.

കെ.എം. മാണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ ആരോപണങ്ങളുന്നയിച്ചുകൊണ്ടു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിക്കിട്ടാന്‍ ജോര്‍ജ് സമ്മര്‍ദം ചെലുത്തിയെങ്കിലും പാര്‍ട്ടി നേതൃത്വം അതിനു തയാറായില്ല. ഈ സാഹചര്യത്തില്‍ നിയമസഭയില്‍ ജോര്‍ജിന് പാര്‍ട്ടി വിപ്പിന് അനുസരിക്കേണ്ടിവരും.

പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് - സെക്യുലര്‍ ടി.എസ്. ജോണിന്റെ നേതൃത്വത്തില്‍ പുനരുജ്ജീവിപ്പിച്ചെങ്കിലും ജോര്‍ജ് ഭാരവാഹിത്വം സ്വീകരിക്കുകയോ പുതിയ പാര്‍ട്ടിയുമായി പരസ്യമായി സഹകരിക്കുകയോ ചെയ്തിട്ടില്ല. പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യത നേരിടേണ്ടിവരുമെന്നതിനാലാണിത്.

കേരള കോണ്‍ഗ്രസ്- എമ്മിന്റെ ഇരുപതംഗ ഉന്നതാധികാര സമിതിയില്‍ പി.സി. ജോര്‍ജും ടി.എസ്. ജോണും യോഗത്തിനെത്തിയില്ല. മറ്റൊരു അംഗമായ തോമസ് ജോസഫ് ആരോഗ്യപ്രശ്നങ്ങള്‍ മൂലം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. അവശേഷിക്കുന്ന 17 പേരും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തു.

പന്ത്രണ്ടു ജില്ലാ പ്രസിഡന്റുമാരും ഇന്നലെ തിരുവനന്തപുരത്തെത്തി. പാലക്കാട് ജില്ലാ പ്രസിഡന്റ് മരണമടഞ്ഞതിനെ തുടര്‍ന്ന് ആ പദവി ഒഴിഞ്ഞുകിടക്കുകയാണ്.

മലപ്പുറം ജില്ലാ പ്രസിഡന്റ് ആരോഗ്യപരമായ കാരണങ്ങളാലാണ് എത്താതിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.