ഹൈക്കോടതി വിധി സമൂഹത്തെ ചിന്തിപ്പിക്കേണ്ടത്: ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം
ഹൈക്കോടതി വിധി സമൂഹത്തെ ചിന്തിപ്പിക്കേണ്ടത്: ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം
Thursday, April 2, 2015 2:37 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ചുകൊണ്ട് ഫൈവ് സ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സ്വാഗതാര്‍ഹമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം.

വിധിയില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തെ ചിന്തിപ്പിക്കുന്നതാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യവര്‍ജനത്തിലൂടെ പടിപടിയായി മദ്യ നിരോധനം യാഥാര്‍ഥ്യമാക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവരണം. മദ്യാസക്തിയെ സമൂഹത്തില്‍നിന്നു പൂര്‍ണമായും തുടച്ചുമാറ്റാന്‍ സന്നദ്ധ സംഘടനകളും ഒരുമിച്ചു പ്രവര്‍ത്തിക്കണം.

മന്ത്രിമാര്‍ക്കെതിരേ ആരോപണമുണ്ടായാലുടന്‍ രാജിവയ്ക്കണമെന്ന അഭിപ്രായം സഭയ്ക്കില്ല. നീതിന്യായ കോടതികള്‍ കുറ്റക്കാരനാണെന്നു കണ്െടത്തുന്നതുവരെ അവരുടെ നിരപരാധിത്വം അംഗീകരിക്കപ്പെടണം. ഇത്തരം കാര്യങ്ങളില്‍ സഭയ്ക്ക് അവരെ നിര്‍ബന്ധിക്കാനാവില്ല. അഴിമതിയെ സഭ നൂറുശതമാനം എതിര്‍ക്കുന്നു. മന്ത്രിമാര്‍ മാത്രമല്ല, മെത്രാന്മാര്‍ അഴിമതി കാണിച്ചാലും ശക്തമായ നടപടികളുണ്ടാവണമെന്നാണ് അഭിപ്രായം. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരേ മാധ്യമങ്ങള്‍ ചെയ്യുന്നതുപോലെ സഭയ്ക്കു പ്രവര്‍ത്തിക്കാനാവില്ലെന്നും ഡോ. സൂസപാക്യം കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി ഏറെ ആശങ്കാജനകമായിരുന്നു. ഡിവിഷന്‍ ബഞ്ചിന്റെ വിധിയോടെ ആ ആശങ്ക മാറിയിരിക്കുകയാണ.് ടൂറിസം മാത്രമല്ല ജനക്ഷേമവും സര്‍ക്കാരിന്റെ പരിഗണനാ വിഷയമാണ്. മദ്യ ഉപയോഗത്തില്‍ കേരളം മുന്നിലാണെന്നും അതിനാല്‍ മദ്യ ഉപയോഗം കുറയ്ക്കാനാണ് സര്‍ക്കാര്‍ പുതിയ മദ്യനയം രൂപീകരിച്ചതെന്നുമുള്ള ഡിവിഷന്‍ ബഞ്ചിന്റെ വിലയിരുത്തല്‍ പ്രശംസനീയമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.


ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൂട്ടുന്ന ബാറുകള്‍ക്കു പകരം ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിക്കാനുള്ള തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാറുകള്‍ പൂട്ടുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് ഉപാധിയായാണ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിനോട് കോടതി അനുകൂല നിലപാട് സ്വീകരിച്ചത്. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ കാര്യം ഗൌരവമായി കാണേണ്ടതാണ്. എന്നാല്‍, ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വ്യാപകമായുണ്ടാവുന്നതിന്റെ ആപത്ത് വളരെ വലുതാണ്. വീര്യം കുറഞ്ഞ മദ്യം ഉപയോഗിക്കുന്ന യുവാക്കള്‍ പിന്നീടു വലിയ മദ്യാസക്തിയിലേക്കു പോകാനുള്ള ഉപാധിയാവും പുതിയ തീരുമാനം.

ബാറുകള്‍ പൂട്ടുന്നതുമൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കു വരുമാനമുണ്ടാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് ചെയ്യേണ്ടതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേരയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.