കോടിയേരിയെയും പിണറായിയെയും ബാറുടമകള്‍ ബന്ധപ്പെട്ടിരുന്നതായി ശബ്ദരേഖ
Wednesday, April 1, 2015 12:18 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയും ബാറുടമകള്‍ ബന്ധപ്പെട്ടിരുന്നതായി ബിജു രമേശ് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ബിജു രമേശിനു മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു നടത്തിയ പത്രസമ്മേളനത്തില്‍ ശബ്ദരേഖയിലെ ചില ഭാഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ കേള്‍പ്പിച്ചു.

ബാറുടമകളുടെ യോഗത്തില്‍ ബിജു രമേശിന്റെ പ്രസംഗത്തിലാണു പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും സമീപിച്ചിരുന്നതായി വ്യക്തമാക്കുന്നത്. എല്‍ഡിഎഫിലെ ഉന്നത നേതാക്കളുമായി ബിജു രമേശ് തിരുവനന്തപുരത്തെ സിപിഎം എംഎല്‍എയുടെ വീട്ടില്‍ ഒത്തു ചേര്‍ന്നു ചര്‍ച്ച നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതായി കെ. ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത് ഏതു നേതാക്കളാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണു മന്ത്രി കെ. ബാബു ശബ്ദരേഖ പുറത്തുവിട്ടത്.


പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും ബിജു രമേശ് സമീപിച്ചതായി കെ. ബാബു പറഞ്ഞു. വി.എസിനെ കണ്ടതിനുശേഷം പിണറായി വിജയനെയും കാണുമെന്നു ബിജു പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.