ലോക്കോ പൈലറ്റുമാര്‍ സമരം ചെയ്താല്‍ നടപടി: റെയില്‍വേ
Tuesday, March 31, 2015 12:46 AM IST
തിരുവനന്തപുരം: ലോക്കോ പൈലറ്റുമാര്‍ നടത്തുന്ന സമരം നിയമപരമല്ലെന്നും സമരം നടത്തിയാല്‍ ശിക്ഷാനടപടി ഉണ്ടാകുമെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ ബാജ്പേയ് പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു ലോക്കോ പൈലറ്റുമാര്‍ക്കെതിരെയാണു റെയില്‍വേ ശിക്ഷാ നടപടി എടുത്തത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിക്ഷയില്‍ ഇളവു നല്‍കിയതായും സുനില്‍ ബാജ്പേയ് പറഞ്ഞു.

ഇന്നു രാവിലെ എട്ടു മുതല്‍ അഞ്ച് മിനിറ്റ് നേരമാണു സമരം നടത്തുന്നത്. ഈ സമയം 42 തീവണ്ടികളാണു ട്രാക്കിലൂടെ ഓടുക. സമരം നടത്തുന്ന ലോക്കോ പൈലറ്റുമാര്‍ തീവണ്ടി നിറുത്തിയിട്ടാല്‍ അതു പരിശോധിച്ച ശേഷമായിരിക്കും ശിക്ഷാനടപടി സ്വീകരിക്കുക. സമരം ചെയ്യുന്നവര്‍ തീവണ്ടി പാലങ്ങളില്‍ നിറുത്തിയിടരുതെന്ന് ആവശ്യപ്പെട്ടതായും സുനില്‍ ബാജ്പേയ് പറഞ്ഞു.

സമരം നടത്തുന്ന സമയത്തു ലേക്കോപൈലറ്റുമാര്‍ ലോക്കോ ഇന്‍സ്പെക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. ഇന്‍സ്പെക്ടര്‍മാര്‍ ഈ സമയം ലോക്കോ റൂമില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറ ഞ്ഞു.


ചുവപ്പ് ലൈറ്റ് മറികടന്ന കുറ്റത്തിന് ഒരു ലോക്കോ പൈലറ്റിനെ സര്‍വീസില്‍നിന്നു പിരിച്ചുവിടുകയും അസിസ്റന്റ് ലോക്കോ പൈലറ്റിനെതിരേ അച്ചടക്ക നടപടിയെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണു സമരം. തിരുവനന്തപുരം- മുംബൈ എക്സ്പ്രസ് ഒല്ലൂര്‍ റെയില്‍വേ സ്റേഷനില്‍ ചുവപ്പ് ലൈറ്റ് അവഗണിച്ച് നൂറു മീറ്ററോളം മുന്നോട്ടുപോയതിനാണ് ലോക്കോ പൈലറ്റ് കെ.ഡി. മാത്യു, അസിസ്റന്റ് ലോക്കോ പൈലറ്റ് ഗോപകുമാര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുത്തത്. സംഭവം നടന്നയുടന്‍ തന്നെ ഇരുവരേയും സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് സര്‍വീസില്‍നിന്നു പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച് ശിക്ഷാ നടപടികളില്‍ ഇളവ് വരുത്തി. ലോക്കോ പൈലറ്റിനോട് നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യപ്പെട്ടു. അസിസ്റന്റ് ലോക്കോ പൈലറ്റിന്റെ ശമ്പളവും വിരമിക്കുന്നതു വരെയുള്ള ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.