ജോര്‍ജിനെതിരായ നടപടി ഏകകണ്ഠം: കെ.എം. മാണി
ജോര്‍ജിനെതിരായ നടപടി  ഏകകണ്ഠം: കെ.എം. മാണി
Saturday, March 28, 2015 12:00 AM IST
തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തുനിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്നും പി.സി. ജോര്‍ജിനെ മാറ്റണമെന്ന തീരുമാനം ഏകകണ്ഠമായിരുന്നുവെന്നു കേരള കോണ്‍ഗ്രസ് -എം ചെയര്‍മാനായ ധനമന്ത്രി കെ.എം. മാണി വ്യക്തമാക്കി. തന്റെ ഔദ്യോഗിക വസതിയില്‍ 26നു ചേര്‍ന്ന യോഗത്തില്‍ താനും പി.ജെ. ജോസഫും ഉള്‍പ്പെടെ എട്ട് എംഎല്‍എമാരും പങ്കെടുത്തു. മറിച്ചുള്ള പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിദേശത്തു പോകുകയാണ്. ജോര്‍ജിനെ മാറ്റുന്ന കാര്യത്തിലുള്ള തീരുമാനം മുഖ്യമന്ത്രി തിരിച്ചുവരുന്ന ഉടന്‍നടപ്പിലാവുമെന്നും മാണി അറിയിച്ചു. ജോര്‍ജിനെതിരേയുള്ള നടപടി ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ജോര്‍ജിനെ പങ്കെടുപ്പിക്കേണ്ട എന്നതു പാര്‍ട്ടിയലെ പൊതുവികാരമായിരുന്നു. ചീഫ് വിപ്പ് സ്ഥാനത്തുനിന്നും യുഡിഎഫ് ഉന്നതാധികാരസമിതിയില്‍നിന്നും ജോര്‍ജിനെ ഒഴിവാക്കണമെന്ന തീരുമാനം ഏകകണ്ഠമായിരുന്നു. ഈ തീരുമാനം മുഖ്യമന്ത്രിയെ താനും പി.ജെ. ജോസഫും ചെന്നുകണ്ടു രേഖാമൂലം അറിയിച്ചു.

കഴിഞ്ഞ നാലു വര്‍ഷം യുഡിഎഫിനെ ശിഥിലീകരിക്കാന്‍ ജോര്‍ജ് നടത്തിയ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും യുഡിഎഫ് നേതൃത്വത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. മന്ത്രിമാരുള്‍പ്പെടെ നിരവധി നേതാക്കള്‍ക്കെതിരേ ജോര്‍ജ് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഈ സ്ഥിതി ഇനിയും തുടരാനാകില്ലെന്ന ഉറച്ച നിലപാടാണു പാര്‍ട്ടിക്കുള്ളത്. ജോര്‍ജിനെതിരേ നടപടി വേണമെന്നു യുഡിഎഫ് നേതാക്കള്‍ നിരവധിതവണ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനോടു താന്‍ പല പ്രാവശ്യം നേരിട്ടു സംസാരിക്കുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.


ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ്-എമ്മിന് യുഡിഎഫ് നല്കിയ മൂന്നു പദവികളിലൊന്നാണ്. അതു പിന്‍വലിക്കാനുള്ള സ്വാതന്ത്യ്രം പാര്‍ട്ടിക്കുണ്ട്. യുഡിഎഫിനും പാര്‍ട്ടിക്കും വിരുദ്ധമായി ജോര്‍ജ് മാധ്യമങ്ങളിലൂടെ നിരന്തരം നടത്തിവരുന്ന പ്രസ്താവനകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും യുഡിഎഫ് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. അതുകൊണ്ടാണ് യുഡിഎഫുമായി ബന്ധപ്പെട്ട് ജോര്‍ജിനു നല്‍കിയിട്ടുള്ള രണ്ടു സ്ഥാനങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചത്: മന്ത്രി മാണി വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.