സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചതായി മദ്യനിരോധന സമിതി
Friday, March 27, 2015 1:01 AM IST
തിരുവനന്തപുരം: സമ്പൂര്‍ണ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന പ്രഖ്യാപനം അട്ടിമറിച്ചതിലൂടെ ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് കേരള മദ്യനിരോധന സമിതി രക്ഷാധികാരി പാളയം മുന്‍ ഇമാം പി.കെ മൌലവി ഫാറൂഖി പത്രസമ്മേളനത്തില്‍ ആരോപിച്ചു. 56 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ ഫാ. വര്‍ഗീസ് മുഴുത്തേറ്റിന്റെ നേതൃത്വത്തില്‍ നടന്നു വന്ന സത്യാഗ്രഹസമരം ഇന്നലെ വൈകുന്നേരം അവസാനിപ്പിച്ചു.

മദ്യനിരോധനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഓഗസ്റ് 20ന് തയാറാക്കിയ മദ്യനയം അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹത്തിന് മദ്യനിരോധന സമിതി തുടക്കം കുറിച്ചത്. ഇന്നു മുതല്‍ തൃപ്പൂണിത്തുറയില്‍ സമരം പുനരാരംഭിക്കും. മരടില്‍ പുതിയ ബാറിനു മുനിസിപ്പാലിറ്റി അംഗീകാരം നല്‍കിയതില്‍ പ്രതിഷേധിച്ചാണു സത്യഗ്രഹം അങ്ങോട്ടുമാറ്റുന്നത്.

കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തെ മന്ത്രിമാര്‍തന്നെ അട്ടിമറിക്കുകയായിരുന്നെന്ന് ഹംസ മൌലവി പറഞ്ഞു. പരസ്പരവിരുദ്ധമായ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും നടത്തുന്നത്. മദ്യമെന്ന വിപത്തിനെ സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ ഏതറ്റം വരെയും മദ്യനിരോധന സമിതി പോകും. മദ്യമെന്ന സാമൂഹിക വിപത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ വ്യക്തികളെയും സംഘടനകളെയും അണിനിരത്തി തുടര്‍പ്രക്ഷേഭങ്ങള്‍ക്കു തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കോഴയാരോപണങ്ങളില്‍ നടത്തുന്ന ബഹളത്തിനപ്പുറം മദ്യനയം അട്ടിമറിച്ചതില്‍ പ്രതിപക്ഷത്തിനുപോലും പരാതിയില്ലെന്നു മദ്യനിരോധനസമിതി രക്ഷാധികാരി ഫാ. ജോണ്‍ അരീക്കല്‍ പറഞ്ഞു. മദ്യനിരോധനം പ്രഖ്യാപിത നിലപാടാണെന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗ് പോലും ഇപ്പോള്‍ മൌനം പാലിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനമനഃസാക്ഷി അംഗീകരിക്കാത്ത സര്‍ക്കാരിന് അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ തിരിച്ചടി നല്‍കുമെന്ന് മദ്യനിരോധന സമിതി നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനം പാര്‍ട്ടി നയമായി പ്രഖ്യാപിച്ച വെല്‍ഫെയര്‍ പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവയുമായും വിവിധ പോരാട്ടസംഘടകളോടും ചേര്‍ന്ന് വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടപെടുന്ന കാര്യം മദ്യനിരോധന സമിതിയുടെ പരിഗണനയിലുണ്െടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.