പലിശരഹിത വായ്പ ലഭ്യമാക്കണം: ന്യൂനപക്ഷ കമ്മീഷന്‍
Friday, March 27, 2015 1:05 AM IST
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നു ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എം. വീരാന്‍കുട്ടി. സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ട് ആവശ്യത്തിനു തികയാത്തതിനാല്‍ വിദ്യാഭ്യാസ വായ്പകള്‍ പലതും പ്രയോജനപ്പെടുത്താനാവുന്നില്ല. രാജ്യത്തു ന്യൂനപക്ഷ ജനസംഖ്യയില്‍ ആറാം സ്ഥാനത്താണു കേരളം. ഇതു പരിഗണിച്ചു കേരളത്തിനുള്ള സഹായം ഇരട്ടിയാക്കണം.

കളക്ടറേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് നടപടികളിലെ വീഴ്ച മുതല്‍ പിഎച്ച്ഡി പ്രവേശനം വരെയുള്ള നിരവധി പരാതികള്‍ക്കാണു കഴിഞ്ഞ ദിവസം നടന്ന സിറ്റിംഗില്‍ പരിഹാരം കണ്െടത്താനായത്.

27 കേസുകള്‍ പരിഗണിച്ചതില്‍ ഏഴു പരാതികള്‍ തീര്‍പ്പാക്കി, ബാക്കിയുള്ളവ തുടര്‍നടപടികള്‍ക്കും വിചാരണയ്ക്കുമായി മാറ്റിവച്ചു. കമ്മീഷന്റെ അടുത്ത സിറ്റിംഗ് അടുത്ത മാസം 23ന് നടക്കും. സിറ്റിംഗില്‍ കമ്മീഷന്‍ അംഗം അഡ്വ.വി.വി ജോഷി, സെക്രട്ടറി എം.എച്ച്. മുഹമ്മദ് റാഫി എന്നിവര്‍ സന്നിഹിതരായിരുന്നു.


ന്യൂനപക്ഷ വിഭാഗത്തിലുള്ള പാവപ്പെട്ടവര്‍ക്കു കമ്മീഷന്റെ പ്രവര്‍ത്തനം വലിയ ആശ്വാസമാണെന്നു വി.വി. ജോഷി വ്യക്തമാക്കി. ദളിത് ക്രെെസ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കുക, ന്യൂനപക്ഷ വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കു പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കമ്മീഷനുകളുടെ യോഗത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.