ദൈവസന്നിധിയിലെ അലങ്കാരം
Saturday, March 7, 2015 12:21 AM IST
തീര്‍ഥാടനം-20/ ഫാ. ജേക്കബ് കോയിപ്പള്ളി

"ഞാന്‍ ലോകത്തിന്റെ പ്രകാശമാണ് എന്നെ അനുഗമിക്കുന്നവന് അന്ധകാരം ഉണ്ടാവില്ല.'' ക്രിസ്തു തന്നെത്തന്നെ ഉപമിച്ചതു പ്രകാശത്തോടാണ്. അവന്‍ നല്കിയ ഉറപ്പാണ് അവനെ അനുഗമിക്കുന്നവനില്‍ അന്ധകാരം ഉണ്ടാവില്ല എന്നുള്ളത്. വിശ്വാസിയും അന്ധകാരവും പരസ്പരം ചേരാത്തതായ യാഥാര്‍ഥ്യങ്ങളാണ്. വിശ്വസിക്കുന്നവന്‍ പ്രകാശിക്കുന്നു എന്നതാണു പരമാര്‍ഥം.

തീര്‍ഥാടകന്‍ പ്രസന്നവദനനാണ്. കാരണം അവന്‍ അന്വേഷിക്കുന്നതും അനുഗമിക്കുന്നതും പ്രകാശത്തെയാണ്. പ്രകാശമില്ലാത്ത അവസ്ഥയാണല്ലോ അന്ധകാരം. ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ ചുവട്ടില്‍ നില്ക്കുമ്പോള്‍ പിന്നെ എന്ത് അന്ധകാരം! പ്രകാശത്തിന്റെ അടുത്തേയ്ക്ക് എത്തുംതോറും അന്ധകാരത്തിന്റെ തോതു കുറയുന്നു. നോമ്പിലെ യാത്രയില്‍ ഒരുവന്‍ പ്രകാശധാരയില്‍ മുങ്ങിക്കുളിക്കുകയാണ്. അന്ധകാരമില്ലാത്ത മനസ്, വാക്ക്, നോക്ക് ഇവയൊക്കെ വ്യക്തി, സമൂഹത്തിനായി നല്കുന്ന അവിസ്മരണീയമായ സംഭാവനയാണ്. കൂടിയ വാട്ട്സിന്റെ ബള്‍ബുകളല്ല ദൈവസന്നിധിയിലെ അലങ്കാരം, മറിച്ച് പ്രകാശിക്കുന്ന മനസുകളാണു ദൈവസന്നിധിയിലെ അലങ്കാരം. അങ്ങനെ അലങ്കാരമായിത്തീരുന്നവനില്‍ അളവില്ലാതെ ദൈവം നന്മ പൊഴിക്കുമെന്നു ചരിത്രം നമുക്കു സാക്ഷ്യം നല്കുന്നു.

തന്റെ മുമ്പിലൂടെ കടന്നുപോയ സഞ്ചാരികളെ അവര്‍ ദൈവദൂതന്മാരാണെന്നറിയാതെ സ്വീകരിച്ച, വിശ്വാസികളുടെ പിതാവായ അബ്രാഹം വെളിച്ചം ഉള്ളില്‍ സൂക്ഷിച്ച മനുഷ്യനാണ്. ലോകം നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ടു ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ എന്നു ക്രിസ്തു പഠിപ്പിച്ചപ്പോള്‍ ആ പ്രകാശം ആഗിരണം ചെയ്യേണ്ടത് അവനില്‍ നിന്നു തന്നെയാണെന്നും നമുക്കു മനസിലാക്കി തന്നു. യഥാര്‍ഥത്തില്‍ അന്ധകാരത്തില്‍ കഴിയുന്നവന്‍ ആരാണ്? അത് ഉള്ളിലുള്ള ദൈവികതയ്ക്കു മൂടുപടം തയ്പിച്ച് ഇടുന്നവരാണ്. യഥാര്‍ഥമായ വെളിച്ചം ലോകത്തിലേയ്ക്കു വന്നു. എന്നാല്‍, ലോകം അതിനെ സ്വീകരിച്ചില്ല എന്നു പറയുമ്പോള്‍, അന്ധകാരത്തില്‍ കഴിയാനാഗ്രഹിക്കുന്ന ഒരു മനുഷ്യപ്രലോഭനത്തെക്കുറിച്ചുള്ള സൂചന അതിലുണ്ട്. വെളിച്ചം ദുഃഖമാണെന്നും തമസ് സുഖപ്രദമാണെന്നും കവി പാടിയതിന്റെ പൊരുളും അതുതന്നെയാണ്.


നമ്മുടെ സ്വാര്‍ഥതകളും അശുദ്ധിയും സ്വാര്‍ഥസംഭാഷണങ്ങളും നാം മുറുകെ പിടിക്കുമ്പോള്‍, എല്ലാറ്റിന്റെയും അടിസ്ഥാനം സാമ്പത്തികനേട്ടമാകുമ്പോള്‍ തമസാണു നമുക്കു സുഖപ്രദം. വെളിച്ചത്തിലേയ്ക്കു വരുന്നവന്‍ തമസിന്റെ പ്രവൃത്തികളോടു യാത്രപറയുകയാണ്. അത് എന്നേയ്ക്കുമുള്ള ഒരു യാത്ര പറച്ചിലാണ്. "ഇതാ പകല്‍ സമീപിച്ചിരിക്കുന്നു നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ വെടിഞ്ഞു പകലിനു യോജിച്ചവിധം പെരുമാറാം.'' എന്ന വിശുദ്ധ പൌലോസിന്റെ വാക്കുകള്‍ ഇതാണു നമ്മെ ഓര്‍മിപ്പിക്കുക.അന്ധകാരത്തിന്റെ പ്രവൃത്തികള്‍ അസൂയയും കലഹവും ദ്രവ്യാഗ്രഹവും വഞ്ചനയും ആസക്തികളും ദുര്‍മോഹവും വ്യഭിചാരവുമൊക്കെയാണ്.

തീര്‍ഥാടകാ! ഇവയൊക്കെ ഉള്ളില്‍ പൊതിഞ്ഞു സൂക്ഷിച്ച് യാത്രചെയ്യാന്‍, കഴിയുന്ന വിധത്തില്‍ തന്റെ സ്വാതന്ത്യ്രം ദുരുപയോഗിക്കാന്‍ മനുഷ്യനു കഴിവുണ്ട്. പ്രകാശത്തിന്റെ വാതിലുകളടയ്ക്കുന്ന അന്ധകാരത്തിന്റെ കവചങ്ങളെ വലിച്ചുകീറുക. ജീവിതത്തിന്റെ ഉള്ളറകള്‍ വരെ വെളിച്ചമുള്ളവനാകുക. നിന്നിലുള്ള വെളിച്ചത്തെ നീ ഇരുട്ടാക്കിയാല്‍ പിന്നെ നീ എങ്ങനെ മുന്നോട്ടുനടക്കും? നോമ്പുനാളുകളില്‍ കണ്ണുകളില്‍ നിന്ന് ചില ചെതുമ്പലുകള്‍ അടര്‍ന്നുവീഴട്ടെ. വിശുദ്ധ പൌലോസിനു വീണ്ടും കാഴ്ച കിട്ടിയപോലെ വീണ്ടും കാഴ്ച ലഭിക്കുന്ന കാലയളവാകട്ടെ ഈ നോമ്പുകാലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.