മാവോയിസ്റ് ആക്രമണം: അന്വേഷണം നിലച്ചു
Thursday, March 5, 2015 12:22 AM IST
റെനീഷ് മാത്യു

കണ്ണൂര്‍: മാവോയിസ്റ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു പോലീസ് രജിസ്റര്‍ ചെയ്ത പത്തോളം കേസുകളുടെ അന്വേഷണം നിലച്ചു. വയനാട് തിരുനെല്ലിയിലെ അഗ്രഹാരം റിസോര്‍ട്ട്, എറണാകുളത്തെ നീറ്റ ജലാറ്റിന്‍ കമ്പനി ഓഫീസ്, കണ്ണൂര്‍ നെടുംപൊയിലിലെ ക്വാറി, പാലക്കാട് അട്ടപ്പാടി ഫോറസ്റ് റേഞ്ച് ഓഫീസ്, പാലക്കാട് ചന്ദ്രനഗറിലെ കെഎഫ്സി റസ്റോറന്റ്, വയനാട് പേര്യ റേഞ്ചില്‍പ്പെട്ട പാനോത്ത് സെക്ഷനിലെ ഫോറസ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിവയ്ക്കു നേരേ നടന്ന ആക്രമണങ്ങള്‍, വയനാട് വെള്ളമുണ്ടയില്‍ പോലീസ് സംഘത്തിനു നേരേ നടന്ന വെടിവയ്പ്, വയനാട് വെള്ളമുണ്ടയില്‍ ട്രാഫിക് പൊലീസുകാരന്‍ പ്രമോദ് ഭാസ്കരനെ വീട്ടിലെത്തി വധഭീഷണി മുഴക്കി ബൈക്ക് തകര്‍ത്ത സംഭവം, വയനാട് വനത്തില്‍ സ്ഫോടക വസ്തുക്കളുണ്ടാക്കുന്നതിനിടെ മാവോയിസ്റ് പ്രവര്‍ത്തകനായ സിനോജ് എന്ന രാജന്‍ കൊല്ലപ്പെട്ട സംഭവം, കോഴിക്കോട് തൊട്ടില്‍പ്പാലം പോലീസ് സ്റേഷന്‍ പരിധിയിലുള്ള ചൂരണിമലയില്‍ മാവോയിസ്റുകള്‍ എര്‍ത്ത്മൂവര്‍ കത്തിച്ച സംഭവം തുടങ്ങിയ കേസുകളുടെ അന്വേഷണമാണു നിലച്ചിരിക്കുന്നത്.

മാവോയിസ്റ് ആക്രമണങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് ഇതുവരെ അഞ്ചു പേരെ അറസ്റ് ചെയ്തു. അഭിഭാഷകനായ തുഷാര്‍ നിര്‍മല്‍ സാരഥി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജയ്സണ്‍ സി. കൂപ്പര്‍, കേളകം സ്വദേശി ജോസ്, കാസര്‍ഗോഡ് സ്വദേശികളായ അരുണ്‍ ബാലന്‍, ശ്രീകാന്ത് പ്രഭാകരന്‍ എന്നിവരാണ് അറസ്റിലായത്. എന്നാല്‍, പ്രതികള്‍ക്ക് അക്രമസംഭവങ്ങളുമായും മാവോയിസ്റുകളുമായുമുള്ള ബന്ധം തെളിയിക്കാന്‍ ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സാധിച്ചിട്ടില്ല.


കേളകം സ്വദേശി ജോസ്, കാസര്‍ഗോഡ് സ്വദേശികളായ അരുണ്‍ ബാലന്‍, ശ്രീകാന്ത് പ്രഭാകരന്‍ എന്നിവര്‍ക്ക് അട്ടപ്പാടി ഫോറസ്റ് റേഞ്ച് ഓഫീസിനു നേരെയും പാലക്കാട് നഗരത്തില്‍ ചന്ദ്രനഗറിലെ കെഎഫ്സി റസ്റോറന്റിനു നേ രേയും നടന്ന ആക്രമണത്തില്‍ പങ്കുണ്െടന്ന് അന്വേഷണസംഘം പറയുന്നുണ്െടങ്കിലും ഇവരുടെ കൂടെ ആക്രമണത്തില്‍ പങ്കെടുത്ത മറ്റു പ്രതികളെ പിടികൂടാനും സാധിച്ചിട്ടില്ല.

മാവോയിസ്റ് വേട്ടയ്ക്കായി രൂപീകരിച്ച തണ്ടര്‍ബോള്‍ട്ടിന് മാവോയിസ്റുകളുടെ ആക്രമണം തടയുന്നതിനു മാത്രമേ ചുമതലയുള്ളൂ. മാവോയിസ്റ് ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം അതതു പോലീസ് സ്റേഷന്‍ പരിധിയിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ്. ഡിവൈഎസ്പി മുതല്‍ സിഐവരെയുള്ളവരാണു അന്വേഷണം നടത്തുന്നത്. പ്രത്യേക പരിശീലനം ലഭിക്കാത്തവരാണു മാവോയിസ്റ് ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. അതിനാല്‍ത്തന്നെ അന്വേഷണങ്ങളെല്ലാം പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മാവോയിസ്റ് ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.