മാണിക്കെതിരേ സമരം; തീരുമാനം നാളെ
Thursday, March 5, 2015 12:22 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കെ പ്രക്ഷോഭ പരിപാടികളെ സംബന്ധിച്ചു തീരുമാനിക്കാനുള്ള നിര്‍ണായക എല്‍ഡിഎഫ് യോഗം നാളെ ചേരും. ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭയ്ക്കകത്തും പുറത്തും ഒരുപോലെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. എന്നാല്‍, സമരത്തിന്റെ രീതി സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. നേരത്തെ മുന്നണി യോഗങ്ങളില്‍ പ്രാഥമിക ചര്‍ച്ച നടന്നെങ്കിലും തീരുമാനമുണ്ടായില്ല. സിപിഎമ്മിനും സിപിഐക്കും പുതിയ സംസ്ഥാന സെക്രട്ടറിമാര്‍ വന്ന സാഹചര്യത്തില്‍ മാണിക്കെതിരെയുള്ള സമരം എങ്ങനെ സംഘടിപ്പിക്കുകയെന്നതായിരിക്കും ഇരുവരും നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളി.

സിപിഎം സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിനെതിരേയുള്ള സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടാകുമെന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയാകും പ്രതിപക്ഷം നിയമസഭയില്‍ മന്ത്രി കെ.എം. മാണിയെ നേരിടുക. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു ഭരണപക്ഷവും വ്യക്തമാക്കിയതിനാല്‍ നിയമസഭയ്ക്കകത്തും പുറത്തും സംഘര്‍ഷം ഉണ്ടാകാനാണു സാധ്യത.

ബജറ്റ് അവതരിപ്പിക്കുന്ന മാര്‍ച്ച് പതിമൂന്നിനു നിയമസഭ വളയാനാണു എല്‍ഡിഎഫ് ആലോചന. നിയമസഭ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഉപയോഗിച്ചു വളയുന്നതിനെ സംബന്ധിച്ചു മുന്നണി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പവും ഉണ്ടായിരുന്നു. സര്‍ക്കാരിനെതിരേ നടത്തിയ പല സമരങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിന്റെ പേരുദോഷം എല്‍ഡിഎഫിനെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയൊരു സമരം ഏറ്റെടുക്കുകയും മാണി സുഗമമമായി ബജറ്റ് അവതരിപ്പിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ ഇടതുമുന്നണിക്കു കൂടുതല്‍ പ്രതികൂലമാകും. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്താകും എല്‍ഡിഎഫ് യോഗം തീരുമാനമെടുക്കുക. പ്രതിപക്ഷ ഉപനേതാവു കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭ ഇതുവരേയും കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ കാണേണ്ടിവരുമെന്നു ആദ്യം പറഞ്ഞതു കോടിയേരിയാണ്. പ്രതിപക്ഷ ഉപനേതാവെന്ന നിലയില്‍ സഭയ്ക്കകത്തും പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ പുറത്തും ഒരുപോലെ സമരത്തിനു നേതൃത്വം നല്‍കേണ്ട ഉത്തരവാദിത്തമാണ് അദ്ദേഹത്തിനുള്ളത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഈ സമരം പുതിയ പരീക്ഷണമാണ്.


എല്‍ഡിഎഫ് സമരങ്ങളുടെ മുന്‍നിരയില്‍ സാധാരണയായി കാനത്തെ കാണുന്നതു വിരളമായിട്ടാണ്. നിയമസഭയ്ക്കു പുറത്തു നടക്കുന്ന സമരത്തിനു സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കാനാണു സാധ്യത. എന്നാല്‍, സമരത്തിന്റെ രൂപത്തെ ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങള്‍. യുവജനപ്രസ്ഥാനങ്ങളെ മുന്നില്‍ നിര്‍ത്തി നിയമസഭയ്ക്കു പുറത്തു ശക്തമായ സമരം സംഘടിപ്പിക്കാന്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ഏഴിനു മാണിക്കെതിരേ പഞ്ചായത്തു കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ കുറ്റവിചാരണ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.