എല്‍ഡിഎഫ് വിട്ടുപോയ കക്ഷികള്‍ മടങ്ങിവരണം: കാനം രാജേന്ദ്രന്‍
എല്‍ഡിഎഫ് വിട്ടുപോയ കക്ഷികള്‍  മടങ്ങിവരണം: കാനം രാജേന്ദ്രന്‍
Wednesday, March 4, 2015 11:49 PM IST
കോട്ടയം: മറ്റു പാര്‍ട്ടികളെ വിളിച്ചുകയറ്റണമെന്നല്ല ഇടതുമുന്നണി വിപുലീകരണമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയില്‍നിന്നു വിവിധ സാഹചര്യത്തില്‍ വിട്ടുപോയ കക്ഷികള്‍ മടങ്ങി വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പേരിന്റെ മനോഹാരിതയിലല്ല മുന്നണിയിലേക്ക് ഘടകകക്ഷികളെ എടുക്കുന്നത്. യുഡിഎഫ് നയം നടപ്പാക്കാന്‍ എല്‍ഡിഎഫിലേക്കു ചേക്കേറുന്നതിനോടും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ് പാര്‍ട്ടികളുടെ പരമ്പരാഗത സമരരീതികള്‍ മാറണമെന്നതിനോടു യോജിക്കുന്നു. പലപ്പോഴും ജനങ്ങളെ സ്വാധീനിക്കുന്ന മുദ്രാവാക്യങ്ങളായിരിക്കില്ല സമരരീതികളിലുള്ളത് എന്നതാകാം ജനങ്ങളെ മുന്നണിയില്‍ നിന്നകറ്റുന്നത്.

വ്യക്തികളുടെ സ്വകാര്യജീവിതത്തിനു തടസം വരാത്ത സമരരീതികള്‍ വേണം. സമരം ചെയ്യുന്നവര്‍ വികസനത്തിനെതിരാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന പ്രചാരണം മുന്നണിയെ ഇടത്തരക്കാരില്‍നിന്ന് അകറ്റിയതായും അദ്ദേഹം പറഞ്ഞു. കാലത്തിന്റെ ചുവരെഴുത്തുകള്‍ മുന്നില്‍ക്കണ്ടുള്ള രീതികളിലേക്കു മാറണമെന്നും അദ്ദേഹം പറഞ്ഞു.

കാലമിത്രയായിട്ടും കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി മാറാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ലെന്നതു ചിന്തിക്കേണ്ടിയിരിക്കുന്നു. ആം ആദ്മി പോലുള്ള പാര്‍ട്ടികളുടെ ആശയങ്ങള്‍ ശാശ്വതമായി നിലകൊള്ളണമെന്നില്ല. സാമുദായിക സംഘടനകള്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തകര്‍ന്നു. ബിജെപിയുടെ വളര്‍ച്ചയുടെ ഗ്രാഫ് മുകളിലേക്കാണ്. ബിജെപി ശക്തിപ്പെടുമ്പോള്‍ സ്വഭാവികമായും അതിന്റെ ദൂഷ്യം എല്‍ഡിഎഫിനുണ്ടാകുമെന്നും കാനം പറഞ്ഞു.


എന്നാല്‍, സിപിഎം ദുര്‍ബലപ്പെട്ടുവെന്നു പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ന്യൂനപക്ഷ, ഭൂരിപക്ഷ പ്രീണനം, തീവ്രവാദം എന്നിവയെ പാര്‍ട്ടി ശക്തമായി എതിര്‍ക്കും. ജനപക്ഷ പോരാട്ടങ്ങളിലൂടെ മുന്നണിയെ വളര്‍ത്താനാകും സിപിഐയുടെ ശ്രമം. സിപിഐ വേറിട്ട പാര്‍ട്ടിയായി നിലനില്‍ക്കുന്നുവെന്നതിനു തെളിവാണു പരിഭവമോ പരാതിയോ ഇല്ലാതെ സെക്രട്ടറിയെ തെരഞ്ഞെടുത്തതിലൂടെ തെളിയിക്കുന്നതെന്നും സംസ്ഥാനസമ്മേളനത്തിലൂടെ രാഷ്ട്രീയപരമായും സംഘടനാ പരമായും ഊര്‍ജം കൈവരിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞുവെന്നും കാനം പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പക്വതയും പരിചയവുമുള്ള പാര്‍ട്ടിയാണ് സിപിഎം. വിഎസ് വിഷയം ഏതെങ്കിലും തരത്തില്‍ തെരഞ്ഞെടുപ്പുകളെ ബാധിച്ചാല്‍ മുന്നണിക്കുള്ളില്‍ ഉന്നയിക്കും. സിപിഎമ്മില്‍ പിണറായി മാറി കോടിയേരിയും സിപിഐയില്‍ പന്ന്യന്‍ മാറി കാനവും സെക്രട്ടറിയായതുകൊണ്ട് പാര്‍ട്ടികളിലോ മുന്നണിയിലോ നയപരമായ കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, പ്രസ് ക്ളബ് പ്രസിഡന്റ് എസ്. മനോജ്, സെക്രട്ടറി ഷാലു മാത്യു എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.