പ്രവൃത്തിയുടെ ചിറകുകള്‍
പ്രവൃത്തിയുടെ ചിറകുകള്‍
Tuesday, March 3, 2015 12:24 AM IST
തീര്‍ഥാടനം -16/ ഫാ. ജേക്കബ് കോയിപ്പള്ളി

ആഗ്രഹിക്കുന്ന നന്മയേക്കാള്‍ ആഗ്രഹിക്കാത്ത തിന്മ. അതാണു മനുഷ്യജീവിതത്തിലെ പ്രഹേളിക. എത്രയോ പ്രതിജ്ഞകള്‍, എത്രയോ വാഗ്ദാനങ്ങള്‍. എല്ലാം ഞൊടിയിടയില്‍ തകര്‍ന്നുവീഴുന്നു. ഇനി മോഷ്ടിക്കില്ല എന്നു കരുതുന്നവന്‍ ചെറിയ ചെറിയ മോഷണങ്ങള്‍ വലിയ മോഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താന്‍ ചെയ്യുന്നതു മോഷണമല്ല എന്നു നീതീകരിക്കുന്നു. ഇനി കുടിക്കില്ല എന്നു വാക്കു പറയുന്നവന്‍ ചെറുതായി കുടിക്കാം എന്നു മനസില്‍ക്കണ്ട് ആ വാക്കു നല്‍കുന്നു. പരസ്പരം കൈകള്‍ കൊടുത്തു മൂന്നാമതൊരാളുടെ സാന്നിധ്യത്തില്‍ ഒരുമിക്കുമ്പോഴും അത്ര പൂര്‍ണമായൊന്നും എനിക്കു മറക്കാന്‍ പറ്റില്ല എന്നു പറഞ്ഞുകൊണ്ടുതന്നെ പുഞ്ചിരി തൂകി ഹസ്തദാനം നടത്തുന്നു.

മായം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കള്‍പോലെ മനുഷ്യന്‍ തന്നില്‍ മായം കലര്‍ത്തുന്നു. അതു പാടില്ല എന്ന അറിവ് പൂര്‍ണമായും നിലനില്‍ക്കെ അവന്‍ അറിഞ്ഞുകൊണ്ടു തന്റെ തിരിച്ചറിവിനു മുഖംമൂടിയിടുന്നു. ആഗ്രഹിക്കുന്ന നന്മയേക്കാള്‍ ആഗ്രഹിക്കാത്ത തിന്മചെയ്യാന്‍ അത് അവനു സഹായമൊരുക്കുന്നു. ആഗ്രഹങ്ങളുടെ തടവുകാരായി മനുഷ്യന്‍ മാറുന്ന ദയനീയ അവസ്ഥ, കാണുന്നു എന്നതിനേക്കാള്‍ അനുഭവിക്കുന്നവരാണു നമ്മള്‍. കയറൂരിവിട്ട ആഗ്രഹങ്ങള്‍ മനുഷ്യനെ, ഗതിവേഗം വിട്ട വാഹനംപോലെ, കൈയില്‍നിന്നു തെറിച്ചുപോയ കല്ലുപോലെ, ചെന്നെത്താന്‍ ആഗ്രഹിക്കാത്ത ഇടങ്ങളിലെത്തിക്കുന്നു. നിരാശയിലും അനാരോഗ്യത്തിലും അസ്വസ്ഥതകളിലും കുടുങ്ങിയ ഒരു യാത്രയായി ജീവിതം പരിണമിക്കുന്നു. സ്വന്തവും ബന്ധവും നഷ്ടപ്പെടുന്ന, പ്രകൃതിയുടെ ജീവദായകത്വത്തെ ആസ്വദിക്കാനാവാത്ത ഒരു തകര്‍ച്ചയിലേക്കാണ് ആഗ്രഹങ്ങളാകുന്ന പാശങ്ങള്‍ മനുഷ്യനെ വരിഞ്ഞുമുറുക്കുന്നത്.


ആഗ്രഹങ്ങളുടെ തോരോട്ടത്തിനു കടിഞ്ഞാണിടുന്നതിന്റെ അര്‍ഥമാണു തീര്‍ഥാടകന്റെ അന്വേഷണം. അത് ആഗ്രഹങ്ങളില്ലാതാക്കുക എന്നതല്ല, മറിച്ച് ആഗ്രഹങ്ങളെ രൂപപ്പെടുത്താന്‍ കഴിയുക എന്നതാണ്. ആഗ്രഹങ്ങള്‍ രൂപപ്പെടുമ്പോള്‍ അഥവാ അവയെ രൂപപ്പെടുത്തുമ്പോള്‍ മനുഷ്യന്‍ പ്രകൃതത്തിനുപരിയായി അതിസ്വാഭാവികതയിലേക്കു കുതിക്കുന്നു. സ്വാഭാവികതയില്‍നിന്ന് അതിസ്വാഭാവികതയിലേയ്ക്കു കുതിക്കാന്‍ കരുത്തു നല്‍കിയാണു ദൈവം മനുഷ്യനു രൂപം കൊടുത്തത്. ആഗ്രഹങ്ങളെ രൂപപ്പെടുത്തുന്നവന്‍ ആ ചിറകുകള്‍ക്കു കരുത്തുനല്‍കുകയായി.

സ്നേഹിക്കുക എന്നത് ആഗ്രഹമാണ്. സ്നേഹം വഴിതെറ്റാതെ സൂക്ഷിക്കുക നിയന്ത്രണമാണ്. നമ്മുടെ കാഴ്ചപ്പാടുകള്‍ക്കും ശരികള്‍ക്കും എതിരായി പെരുമാറുന്നവരോടു തട്ടിക്കയറുക സ്വാഭാവികമാണ്. എന്നാല്‍, അവരെ ശാന്തതയോടെ തിരുത്തുക നിയന്ത്രണമാണ്. വീടിനു മുമ്പില്‍ മുഴുവന്‍ പൂക്കളുണ്ടാവുക ആഗ്രഹമാണ്. എന്നാല്‍, ചെടികള്‍ വച്ചുപിടിപ്പിക്കുക ആഗ്രഹങ്ങളുടെ രൂപീകരണമാണ്. തീര്‍ഥാടനം ആഗ്രഹമാണ്, തീര്‍ഥാടകനാവുക ആഗ്രഹ രൂപീകരണമാണ്.

രൂപീകരിക്കപ്പെട്ട ആഗ്രഹങ്ങളാണു പുണ്യങ്ങളെന്നും അവ സ്വാഭാവികതയില്‍നിന്ന് അതിസ്വാഭാവികതയിലേക്കു പറക്കാനുള്ള ചിറകുകളാണെന്നും ഓര്‍മിക്കുക. ആഗ്രഹിക്കുന്ന നന്മ ആഗ്രഹിക്കുന്നതുപോലെ ചെയ്യാന്‍ കഴിയുന്നവരാകുമ്പോള്‍ നാം ജീവിക്കുന്ന വിശുദ്ധരാകും. കാരണം, നമ്മുടെ പ്രവൃത്തികള്‍ക്കു സ്വര്‍ഗത്തിലേക്കു നമ്മെ ഉയര്‍ത്താന്‍ കഴിയുന്ന ചിറകുകള്‍ ഉണ്ടാകും. ആഗ്രഹങ്ങളില്ലാത്ത മനുഷ്യരില്ല. ആഗ്രഹങ്ങളുടെ പൂര്‍ണതയാണു മനുഷ്യന്റെ വളര്‍ച്ചയും ഉയര്‍ച്ചയും നിശ്ചയിക്കുക. രൂപീകരിക്കപ്പെട്ട ആഗ്രഹങ്ങളുമായി ഈ യാത്ര മുന്നോട്ടു നീങ്ങട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.