അവശ്യമരുന്നുകളുടെ പട്ടികയില്‍നിന്നു 186 ഇനങ്ങള്‍ ഒഴിവാക്കി
Tuesday, March 3, 2015 12:16 AM IST
പി. ജയകൃഷ്ണന്‍

കണ്ണൂര്‍: കേരള മെഡിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (കെഎംസിഎല്‍) അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി സമര്‍പ്പിച്ച 698 ഇനം അവശ്യ മരുന്നുകളുടെ പട്ടികയില്‍നിന്നും 186 വിഭാഗം മരുന്നുകളെ ഒഴിവാക്കി. സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൌജന്യമായി വിതരണം ചെയ്തിരുന്ന ഈ മരുന്നുകള്‍ ഇനി പുറത്തുനിന്നു വലിയ വിലകൊടുത്തു വാങ്ങേണ്ടിവരും. പാവപ്പെട്ടവര്‍ക്ക് ഏറെ ദുരിതമുണ്ടാക്കുന്ന തീരുമാനമാണിത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു മരുന്നുകള്‍ ഒഴിവാക്കിയതെന്നാണു ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

മാനസിക രോഗികള്‍ക്കു സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്തിരുന്ന അല്‍പ്രാസോം-5 മില്ലിഗ്രാം, ക്ളോര്‍ഡിയസെപോക്സൈഡ് 25 മില്ലിഗ്രാം, ക്യൂട്ടിയാപിന്‍ 25 മില്ലിഗ്രാം, ക്യൂട്ടിയാപിന്‍ 100 മില്ലിഗ്രാം, വെന്‍ലാഫാക്സിന്‍ 75 മില്ലിഗ്രാം, ലിഥിയം കാര്‍ബോണേറ്റ് 400 മില്ലിഗ്രാം, ലോറാസെപം ഒരു മില്ലിഗ്രാം എന്നീ ഏഴു തരം മരുന്നുകളും ഒഴിവാക്കിയതില്‍ ഉള്‍പ്പെടുന്നു. മാനസിക രോഗം പിടിപ്പെട്ടവര്‍ ചികിത്സയുടെ ഭാഗമായി സ്ഥിരമായി ഉപയോഗിക്കേണ്ട ഗുളികകളാണിവ. പ്രഷറിനുള്ള മെറ്റോപ്രൊലോള്‍ 25 മില്ലിഗ്രാം, അമ്ലോഡിപിന്‍ 2.5 മില്ലിഗ്രാം. കൊളസ്ട്രോളിന് ഉപയോഗിക്കുന്ന അറ്റോര്‍വാസ്റാടിന്‍ 20 മില്ലിഗ്രാം എന്നിവയെയും അവശ്യ മരുന്നുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

ഷുഗര്‍ രോഗികള്‍ക്കുള്ള ഗ്ളിബെന്‍ക്ളാമിഡ് 2.5 മില്ലിഗ്രാം. മേജര്‍ ആശുപത്രികളില്‍ അത്യാവശ്യം വേണ്ട ആല്‍ബുമിന്‍ ഇഞ്ചക്ഷന്‍, കുട്ടികള്‍ക്ക് നെഞ്ചില്‍ കഫക്കെട്ട് ഉണ്ടായാല്‍ നല്കുന്ന അമോക്സിലിന്‍ 125 മില്ലിഗ്രാം, അലര്‍ജിക്കായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം സൂക്ഷിക്കേണ്ട ക്ളോര്‍ഫെനിറാമൈന്‍ മാലിയേറ്റ് രണ്ട് മില്ലിഗ്രാം, ഹൃദയാഘാതം സംഭവിച്ച രോഗികള്‍ക്കു നാവിനടിയില്‍ വയ്ക്കാന്‍ സ്ഥിരം ഉപയോഗിക്കേണ്ട ഐസോസോര്‍ബിഡ് ഡിനിട്രേറ്റ് 5 മില്ലിഗ്രാം എന്നിവയും ലിസ്റിലില്ല.


ചെറിയ സര്‍ജറിക്കും മറ്റും അനസ്തേഷ്യയ്ക്കായി ഉപയോഗിക്കുന്ന ലിഗ്നോ കെയിന്‍ എച്ച്സിഎല്‍ രണ്ട് മില്ലിഗ്രാം, അപകടം, ബ്ളോക്ക് എന്നിവ സംഭവിച്ചവര്‍ക്ക് ആശുപത്രിയിലെത്തിയ ഉടന്‍ നല്കുന്ന ലോ മോളിക്കുലാര്‍ വെയിറ്റ് ഹെപ്പാറിന്‍ 20 മില്ലിഗ്രാം, പാരാസറ്റമോള്‍ സിര്‍ഫ്, വിവിധ ആന്റീബയോട്ടിക്കുകള്‍, ഓപ്പറേഷനുപയോഗിക്കുന്ന വിലകൂടിയതും സുരക്ഷിതവുമായ സിന്തറ്റിക്ക് നൂല്‍, ഓപ്പറേഷനുശേഷം ഡ്രസിംഗിനുപയോഗിക്കുന്ന വിലകൂടിയ പ്ളാസ്റ്ററുകള്‍, ഓപ്പറേഷനുമാത്രമായി ഉപയോഗിക്കുന്ന വിവിധതരം ബ്ളേഡുകള്‍ തുടങ്ങിയവയും പട്ടികയില്‍നിന്ന് ഒഴിവാക്കിയവയില്‍പ്പെടുന്നു.

സംസ്ഥാനത്തെ 105 സിഎച്ച്സികള്‍, 943 പിഎച്ച്സികള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ എന്നിവ വഴി പ്രതിവര്‍ഷം ശരാശരി 600 കോടിയിലേറെ രൂപയുടെ മരുന്നുകളാണ് സര്‍ക്കാര്‍ നിലവില്‍ വിതരണം ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.