സിപിഎമ്മിനു സിപിഐയെ സഹിക്കാനാവില്ല: പി.സി. ജോര്‍ജ്
സിപിഎമ്മിനു സിപിഐയെ സഹിക്കാനാവില്ല: പി.സി. ജോര്‍ജ്
Monday, March 2, 2015 12:24 AM IST
കടുത്തുരുത്തി: സിപിഎം പോലെ ജനപിന്തുണയുള്ളൊരു പാര്‍ട്ടിക്കു സിപിഐയെ ഇനിയും സഹിച്ചു കൊണ്ടു പോകാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്.

മഹാത്മ അയ്യങ്കാളി എഡ്യൂക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി കടുത്തുരുത്തിയിലെത്തിയ പി.സി. ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സിപിഐയുടെ നേതൃത്വത്തിലുള്ളവര്‍ ഓരോ ദിവസവും എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞു സിപിഎമ്മിന്റെ നേതാക്കളെ ചെളി വാരി തേയ്ക്കുകയും മോശക്കാരാക്കുകയും ചെയ്യുന്ന സമീപനമാണ് അടുത്ത കാലത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ജനപിന്തുണ തീരെയില്ലാത്ത സിപിഐയെ പോലൊരു പാര്‍ട്ടി സിപിഎമ്മിനെ വിമര്‍ശിക്കുന്നത് എന്തു കണ്ടു കൊണ്ടാണെന്നു മനസിലാകുന്നില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കു ലഭിച്ച സീറ്റ് വിറ്റു കാശ് വാങ്ങിയ ചരിത്രമാണ് സിപിഐക്കുള്ളത്. ലോകത്ത് ഇത്തരമൊരു പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന മറ്റൊരു പാര്‍ട്ടിയില്ലെന്നും ചീഫ് വിപ്പ് പരിഹസിച്ചു. മാര്‍ച്ച് ഒമ്പതിന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കും. സമവായത്തിലൂടെ പ്രശ്നങ്ങളില്ലാതെ നിയമസഭാ സമ്മേളനം നടത്തുന്നതിനാണ് യൂഡിഎഫ് ആഗ്രഹിക്കുന്നത്. യുഡിഎഫില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ഏല്ലാവരും ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ടു പോകുന്നതെന്നും എന്നാല്‍ എല്‍ഡിഎഫില്‍ എന്നും പ്രശ്നങ്ങളാണെന്നും ഇത്തരത്തില്‍ അധികകാലം മുന്നോട്ട് പോകാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.