ഹെഡ്മാസ്ററുടെ മരണം: ജയിംസ് മാത്യു എംഎല്‍എ കീഴടങ്ങി; റിമാന്‍ഡ് ചെയ്തു
ഹെഡ്മാസ്ററുടെ മരണം: ജയിംസ് മാത്യു എംഎല്‍എ കീഴടങ്ങി; റിമാന്‍ഡ് ചെയ്തു
Saturday, February 28, 2015 12:10 AM IST
ശ്രീകണ്ഠപുരം: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുഖ്യാധ്യാപകന്‍ ചുഴലി അരണൂരിലെ ഇ.പി. ശശിധരന്‍ ജീവനൊടുക്കിയ കേസില്‍ രണ്ടാം പ്രതിയായ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു എംഎല്‍എ പോലീസില്‍ കീഴടങ്ങി. അഞ്ചേകാല്‍ മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം തളിപ്പറമ്പ് ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് ആര്‍.കെ. രമയുടെ വസതിയില്‍ ഹാജരാക്കിയ ജയിംസ് മാത്യുവിനെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു കണ്ണൂര്‍ സ്പെഷല്‍ സബ്ജയിലിലടച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്േടകാലോടെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകണ്ഠപുരം സിഐ കെ.എ. ബോസിനു മുമ്പാകെയാണു ജയിംസ് മാത്യു കീഴടങ്ങിയത്. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി പി.വി. ഗോപിനാഥ്, ഡിവൈഎഫ്ഐ ജില്ലാ ട്രഷറര്‍ കെ.വി. സുമേഷ്, തളിപ്പറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനു തോമസ് എന്നിവര്‍ക്കൊപ്പം ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം എത്തിയത്. സിഐയുടെയും രണ്ട് എഎസ്ഐമാരുടെയും നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ശശിധരന്റെ മരണത്തിനു മുമ്പ് അദ്ദേഹത്തെ വിളിക്കാന്‍ ഉപയോഗിച്ച എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റഡിയിലെടുത്തു. ശശിധരനെ ഫോണില്‍ വിളിച്ചിരുന്നെന്നു സമ്മതിച്ച ജയിംസ് മാത്യു, അദ്ദേഹത്തെ ഭീഷണിപ്പെടുത്താനോ കേസില്‍ കുടുക്കാനോ ശ്രമിച്ചില്ലെന്നു മൊഴി നല്‍കി. രാത്രി ഏഴരയോടെ എംഎല്‍എയെ സിഐ ഓഫീസില്‍നിന്നു മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോയി. എട്ടരയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയിയിലേക്കു കൊണ്ടുപോയി. ചികിത്സയെത്തുടര്‍ന്നു പോലീസില്‍ ഹാജരാകാന്‍ ഒരാഴ്ചത്തെ സമയം ചോദിക്കുകയും പോലീസ് സമയമനുവദിക്കുകയും ചെയ്തശേഷം നാടകീയമായിട്ടായിരുന്നു ജയിംസ് മാത്യുവിന്റെ കീഴടങ്ങല്‍. കാസര്‍ഗോഡ് ബേക്കല്‍ പള്ളിക്കരയിലെ സൌഖ്യം യോഗ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ജയിംസ് മാത്യു ഇന്നലെ രാവിലെ ആറോടെ അവിടെനിന്നു ഡിസ്ചാര്‍ജായി കണ്ണൂരിലെത്തുകയായിരുന്നു. കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ രാവിലെ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ജയിംസ് മാത്യു പങ്കെടുത്തു. ഇവിടെനിന്നാണ് ശ്രീകണ്ഠാപുരത്തെത്തിയത്.


സിപിഎം സംസ്ഥാന സമ്മേളനത്തിനുശേഷം കഴിഞ്ഞ 24നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയ്ക്കു പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്നു ഹാജരായിരുന്നില്ല. പകരം ഒരാഴ്ചത്തെ സമയം കൂടി ചോദിച്ച് അഭിഭാഷകന്‍ മുഖേനെ കത്തു നല്‍കുകയും പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ അഡ്മിറ്റാകുകയുമായിരുന്നു. കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകനും സിപിഎം നേതാവുമായ അഡ്വ. പി. അപ്പുക്കുട്ടന്റെ മകളുടെ ഭര്‍ത്താവ് ഡോ. ഷിംജി പി. നായരുടേതായിരുന്നു ജയിംസ് മാത്യു അഡ്മിറ്റായ ചികിത്സാകേന്ദ്രം. എംഎല്‍എയ്ക്കു കലശലായ നടുവേദനയും ഛര്‍ദിയും രക്തസമ്മര്‍ദവും അനുഭവപ്പെടുന്നുണ്െടന്നു ഡോ. ഷിംജി പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.