ഐഎഎസ് പാലംവലി; ഡെപ്യൂട്ടി കളക്ടര്‍ പരിശീലനം ഡ്യൂട്ടിയല്ല !
Saturday, February 28, 2015 12:24 AM IST
ഫ്രാങ്കോ ലൂയിസ്

തൃശൂര്‍: ഡ്യെപ്യൂട്ടി കളക്ടര്‍മാരുടെ 14 മാസത്തെ പരിശീലനകാലം സര്‍ക്കാര്‍ ഡ്യൂട്ടിയായി കണക്കാക്കാനാവില്ലെന്നു റവന്യൂ വകുപ്പിന്റെ പുതിയ വ്യാഖ്യാനം. പരിശീലനകാലത്തു പൂര്‍ണ ശമ്പളം നല്‍കാത്തതിനാല്‍ സര്‍ക്കാര്‍ ഡ്യൂട്ടിയായി കണക്കാക്കാനാവില്ലെന്ന റവന്യൂ വകുപ്പു സെക്രട്ടറി നല്‍കിയ വിശദീകരണമാണു വിവാദമാകുന്നത്.

പരിശീലനകാലം സര്‍ക്കാര്‍ സര്‍വീസ് കാലമായി പരിഗണിച്ച് ഐഎഎസ് പദവിയും ഐഎഎസ് തസ്തികയിലേക്കു സ്ഥാനക്കയറ്റവും നല്‍കുന്നതു തടയാനാണ് ഇങ്ങനെയൊരു വിശദീകരണം പുറത്തിറക്കിയിരിക്കുന്നത്. പരിശീലനകാലവും സര്‍ക്കാര്‍ സര്‍വീസ് കാലമായി പരിഗണിച്ചുകൊണ്ടാണു സീനിയോറിറ്റി പട്ടികയും സ്ഥാനക്കയറ്റ പട്ടികയും ഇതുവരേയും തയാറാക്കിയിരുന്നത്. ഇതനുസരിച്ച് ഐഎഎസ് പദവി നേടിയവര്‍ ഉയര്‍ന്ന തസ്തികകളില്‍ സേവനമനുഷ്ഠിക്കുമ്പോഴാണു പുതിയ വ്യാഖ്യാനം.

ഡെപ്യൂട്ടി കളക്ടര്‍മാരായി നേരിട്ടു നിയമിതരായവര്‍ക്ക് എട്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയായാല്‍ 54 വയസ് തികഞ്ഞിട്ടില്ലെങ്കില്‍ ഐഎഎസ് പദവി നല്‍കാമെന്നാണു ചട്ടം. ഇതനുസരിച്ചു കുറേപ്പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കി. ഇപ്പോഴും സംസ്ഥാനത്ത് 27 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. എന്നാല്‍, യോഗ്യരായ പലര്‍ക്കും പദവിയും സ്ഥാനക്കയറ്റവും നല്‍കാന്‍ റവന്യൂ വകുപ്പു തയാറല്ല.


ഇതിനെതിരേ ഡെപ്യൂട്ടി കളക്ടര്‍മാരുടെ സംഘടനയായ കേരള സ്റേറ്റ് ഡെപ്യൂട്ടി കളക്ടേഴ്സ് അസോസിയേഷന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന് ഇക്കഴിഞ്ഞ 16നു നല്‍കിയ മറുപടിയിലാണു പ്രിന്‍സിപ്പല്‍ സെക്രട്ടറി ആഷാ വര്‍ഗീസ് പരിശീലനകാലം സര്‍ക്കാര്‍ സര്‍വീസായി പരിഗണിക്കില്ലെന്നു വ്യാഖ്യാനിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ പുതിയ വ്യാഖ്യാനത്തിനെതിരേ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രസിഡന്റ് ബി. അബ്ദുള്‍ നാസര്‍ വ്യക്തമാക്കി.

ഡെപ്യൂട്ടി കളക്ടര്‍മാരും പിന്നോക്ക സമുദായാംഗങ്ങളുമായ നാലു പേരുടെ ഐഎഎസ് സ്ഥാനക്കയറ്റത്തിനുള്ള ഫയല്‍ റവന്യൂ വകുപ്പ് തടഞ്ഞുവച്ചതാണു വിവാദത്തിനിടയാക്കിയത്. ഡോ. പി. സുരേഷ് ബാബു, ഡോ. സജിത് ബാബു, എസ്. ഷാനവാസ്, ബി. അബ്ദുള്‍ നാസര്‍ എന്നിവരുടെ സ്ഥാനക്കയറ്റ ഫയലുകളാണു മാറ്റിവച്ചത്. പതിനാലു മാസത്തെ പരിശീലനകാലം ഡ്യൂട്ടിയായി പരിഗണിച്ചില്ലെങ്കില്‍ ഇവരുടെ സേവനകാലം എട്ടു വര്‍ഷം തികയില്ല. അതേസമയം, രണ്ടു പേരുടെ പ്രായം 54 കവിയുകയും ചെയ്യും. ഇവരുടെ പരിശീലനകാലം ഡ്യൂട്ടിയല്ലെന്ന വ്യാഖ്യാനം നല്‍കിയതു റവന്യൂ വകുപ്പിലെ ചില ക്ളാര്‍ക്കുമാരാണെന്നാണു ഡെപ്യൂട്ടി കളക്ടര്‍മാരുടെ ആക്ഷേപം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.