മൂവാറ്റുപുഴ ആദ്യ സമ്പൂര്‍ണ സേവാഗ്രാം നിയോജക മണ്ഡലം
മൂവാറ്റുപുഴ ആദ്യ സമ്പൂര്‍ണ സേവാഗ്രാം നിയോജക മണ്ഡലം
Saturday, January 31, 2015 1:17 AM IST
മൂവാറ്റുപുഴ: സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ സേവാഗ്രാം നിയോജക മണ്ഡലമായി മൂവാറ്റുപുഴ മാറി. നിര്‍മ്മല ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.ജെ. ജോസഫ് മൂവാറ്റുപുഴയെ ആദ്യ സമ്പൂര്‍ണ സേവാഗ്രാം നിയോജക മണ്ഡലമായി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ഭരണത്തിലും ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാനാണു ഗ്രാമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നൂതന പദ്ധതിയായ സേവാഗ്രാമങ്ങളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു ലഭിക്കേണ്ട സേവനങ്ങളും ആനുകൂല്യങ്ങളും തുടര്‍ന്നു ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ നേട്ടം കൈവരിക്കുന്നതിനു നേതൃത്വം നല്‍കിയ ജോസഫ് വാഴയ്ക്കന്‍ എംഎല്‍എയെ മന്ത്രി ചടങ്ങില്‍ അനുമോദിച്ചു. യോഗത്തില്‍ ജോസഫ് വാഴയ്ക്കന്‍ അധ്യക്ഷത വഹിച്ചു. അധികാരകൈമാറ്റത്തിന്റെ അടുത്ത ഘട്ടമാണ് സേവാഗ്രാമ കേന്ദ്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണം ഏറ്റവും താഴെ തട്ടില്‍ എത്തിക്കാനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമസഭകളില്‍ ജനപങ്കാളിത്തം കൂടുതല്‍ സജീവമാക്കാനും അധികാരം ജനങ്ങളിലേക്കു കൂടുതലായി എത്തിക്കാനും സേവാഗ്രാമകേന്ദ്രങ്ങള്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ 155 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 28 മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമായി ആകെ 183 വാര്‍ഡുകളില്‍ സേവാഗ്രാമ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന സേവനങ്ങള്‍ ഇനി മുതല്‍ സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളില്‍ നിന്നു ജനങ്ങള്‍ക്കു നേരിട്ട് ലഭിക്കും. ഇതിനു പുറമെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനും ഗ്രാമകേന്ദ്രങ്ങള്‍ സഹായകമാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന ഗ്രാമകേന്ദ്രങ്ങളുടെ മുഖ്യ ചുമതല വാര്‍ഡ് അംഗത്തിനായിരിക്കും. വാര്‍ഡ് അംഗങ്ങളുടെ ഓഫീസായും വാര്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായും ഗ്രാമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.


നഗരസഭ ചെയര്‍മാന്‍ യു.ആര്‍. ബാബു, മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസീസ് പാണ്ട്യാരപ്പിള്ളി, കോതമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എച്ച്. സിദ്ദിഖ്, മേരി ബേബി, ബിന്ദു ഗോപി, ടോമി ജോണ്‍, മേഴ്സി ജോര്‍ജ്, ഉല്ലാസ് തോമസ്, ടി.വി. ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു. കില അസോസിയേറ്റ് പ്രഫസര്‍ ഡോ.സണ്ണി ജോര്‍ജ് സ്വാഗതവും അസിസ്റന്റ് ഡയറക്ടര്‍ കെ.എം. സലിം നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.