ടയര്‍ കമ്പനികളും ഇടനിലക്കാരും കരാര്‍ പാലിക്കുന്നില്ലെന്നു കര്‍ഷക സംഘടനകള്‍
Saturday, January 31, 2015 1:24 AM IST
കൊച്ചി: റബറിന്റെ വിലയിടിവു തടയാന്‍ ലക്ഷ്യമിട്ടു കഴിഞ്ഞ ഡിസംബര്‍ 18നു സംസ്ഥാന സര്‍ക്കാരും ടയര്‍ നിര്‍മാണ കമ്പനികളും തമ്മില്‍ ഒപ്പിട്ട കരാറിലെ വ്യവസ്ഥകളെയും അന്തഃസത്തയെയും കമ്പനികള്‍ നഗ്നമായി ലംഘിക്കുകയാണെന്നു വിവിധ റബര്‍ കര്‍ഷക സംഘടനകള്‍.

യുണൈറ്റഡ് പ്ളാന്റേഴ്സ് അസോസിയേഷന്‍ ഓഫ് സൌത്ത് ഇന്ത്യ (ഉപാസി), അസോസിയേഷന്‍ ഓഫ് പ്ളാന്റേഴ്സ് ഓഫ് കേരള, ഇന്ത്യന്‍ റബര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി, റബര്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്നീ സംഘടനകളാണു സംയുക്ത പത്രക്കുറിപ്പില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

റബര്‍ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ദിവസേന പ്രസിദ്ധീകരിക്കുന്ന സൂചിത വിലയില്‍ (റഫറന്‍സ് പ്രൈസ്) ആര്‍എസ്എസ്4 വാങ്ങാമെന്നു ടയര്‍ കമ്പനികള്‍ അംഗീകരിച്ചിരുന്നു. ആ ദിവസത്തെ ബാങ്കോക്ക് ആര്‍എസ്എസ്3 വിലയും 20 ശതമാനം ഇറക്കുമതി തീരുവയും അഞ്ചു ശതമാനം പര്‍ച്ചേസ് നികുതിയും ചേര്‍ന്ന സംഖ്യ എന്ന ഫോര്‍മുലയാണു സൂചിത വില കണക്കാക്കാന്‍ നിശ്ചയിച്ചത്. കരാര്‍ ഒപ്പിട്ട ദിവസം ബാങ്കോക്ക് വില കിലോഗ്രാമിനു 103 ആയിരുന്നപ്പോള്‍ സൂചിതവില 130 രൂപ ആയിരുന്നു.

ഇടനിലക്കാര്‍ (ഡീലര്‍മാര്‍) അവരുടെ കമ്മീഷന്‍ 50 ശതമാനം കണ്ടു കുറയ്ക്കാമെന്നും കിലോയ്ക്ക് ഒന്നര രൂപ മാത്രം കമ്മീഷന്‍ ഈടാക്കിക്കൊണ്ടു കര്‍ഷകര്‍ക്കു മികച്ച കൃഷിയിടവില (ഫാം ഗേറ്റ് വില) ലഭ്യമാക്കാമെന്നും തീരുമാനിച്ചിരുന്നു. കമ്പനികള്‍ ഒടുക്കിയിരുന്ന പര്‍ച്ചേസ് നികുതി പര്‍ച്ചേസ് ബില്‍ കാണിക്കുമ്പോള്‍ തിരിച്ചുനല്‍കാനും തീരുമാനിച്ചിരുന്നു - 30 ദിവസത്തിനുള്ളില്‍ രണ്ടര ശതമാനവും ബാക്കി രണ്ടര ശതമാനവും വാറ്റ്ക്രെഡിറ്റായും. ഫലത്തില്‍ ടയര്‍ കമ്പനികള്‍ക്കു സൂചിതവിലയില്‍നിന്നു പര്‍ച്ചേസ് നികുതി കിഴിച്ചുള്ള വിലയ്ക്കു റബര്‍ ലഭിച്ചിരുന്നു.

എന്നാല്‍, ഡിസംബര്‍ 20-ലെ ഉത്തരവു പ്രകാരം ആര്‍എസ്എസിന്റെ മാത്രമല്ല എല്ലാ തരത്തില്‍പ്പെട്ട റബര്‍ ഇനങ്ങളുടെയും പര്‍ച്ചേസ് നികുതി എടുത്തുകളഞ്ഞു. ദൈനംദിന സൂചിതവില ബാങ്കോക്ക് ആര്‍എസ്എസ്3 വിലയും 20 ശതമാനവും ചേര്‍ന്ന സംഖ്യ എന്നുമാക്കി. ഇപ്പോഴത്തെ അവസ്ഥ അപകടമാണെന്നു പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. റബര്‍ ബോര്‍ഡിന്റെ അറിയിപ്പു പ്രകാരമുള്ള വിലയില്‍ ഒരു വാങ്ങലും നടക്കുന്നില്ല. മാത്രമല്ല സൂചിതവിലയില്‍നിന്നു കിലോഗ്രാമിനു 10 മുതല്‍ 12 രൂപ വരെ കുറവാണു കര്‍ഷകര്‍ക്കു ലഭിക്കുന്നത്.

മാര്‍ജിനുകളില്‍ കുറവു വരുത്താന്‍ ഡീലര്‍മാരും ഇടനിലക്കാരും വിസമ്മതിക്കുകയാണ്. കിലോഗ്രാമിന് ഒന്നര രൂപ എന്നതിനു പകരം അവര്‍ അഞ്ചു മുതല്‍ എട്ടു രൂപ വരെ ഈടാക്കുന്നു. മികച്ച സീസണായതിനാല്‍ വിപണിയില്‍ ധാരാളം ഉത്പന്നമെത്തുന്നുണ്െടങ്കിലും കമ്പനികളും ഇടനിലക്കാരും വേണ്ടത്ര വാങ്ങാത്തതിനാല്‍ വിലയിലും സ്ഥിതിയിലും വിപണി തകര്‍ച്ചയെ നേരിടുകയാണ്.


കരാറിനു ശേഷമുള്ള ഒരു മാസക്കാലയളവില്‍ എല്ലാ ടയര്‍ കമ്പനികളും കൂടി 18,000 ടണ്‍ റബര്‍ വാങ്ങി. എന്നാല്‍, സാധാരണ 25,000 മുതല്‍ 30,000 ടണ്‍ വരെ വാങ്ങിയിരുന്ന സ്ഥാനത്താണ് ഇതെന്നതിനാല്‍ വിപണിയുടെ മനോഭാവവും വിലകളും ഇടിയുകയായിരുന്നു. ആഭ്യന്തരവിപണിയില്‍നിന്നു കൂടുതല്‍ റബര്‍ വാങ്ങാന്‍ ലക്ഷ്യമിട്ടുള്ളതാണു കരാര്‍ എന്നിരിക്കെ വാഗ്ദാനങ്ങള്‍ക്കു വിരുദ്ധമായി ഇറക്കുമതിയും വന്‍തോതില്‍ നിര്‍ബാധം തുടരുന്നു.

ആര്‍എസ്എസ്4-നെക്കാള്‍ താഴ്ന്ന റബര്‍ വാങ്ങാനാണ് ഇടനിലക്കാര്‍ക്കു താല്പര്യം. അതിനാല്‍ പരമാവധി കുറഞ്ഞ വിലയില്‍ കൂടുതല്‍ ലാഭമുണ്ടാക്കല്‍ മാത്രമാണ് ഇവരുടെ ലക്ഷ്യം. റബര്‍ ബോര്‍ഡ് സൊസൈറ്റികളും കമ്പനികളും ട്രേഡര്‍മാര്‍ വാഗ്ദാനം ചെയ്യുന്ന നിരക്കുകളില്‍ റബര്‍ വാങ്ങാന്‍ നിര്‍ബന്ധിതമാവുകയും ദിവസേന സൈറ്റില്‍ നല്‍കുന്ന വില നല്‍കാതിരിക്കുകയുമാണ് ഇതിന്റെ ഫലമെന്നു കര്‍ഷക സംഘടനകള്‍ പറയുന്നു.

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനു പകരം പര്‍ച്ചേസ് നികുതിയിലെ അഞ്ചു ശതമാനം ഇല്ലായ്മ ചെയ്തതു റബര്‍ കമ്പനികളുടെ കൈയില്‍ കൂടുതല്‍ പണമെത്താന്‍ മാത്രമെ ഉപകരിക്കുന്നുള്ളൂ. ഇറക്കുമതി ചെയ്യുന്ന റബറിനെക്കാള്‍ വളരെ പിന്നിലാണ് ഇന്ത്യന്‍ റബറിന്റെ ഫാക്ടറി-ഗേറ്റ് വില. ഇപ്പോള്‍ ഇറക്കുമതി ചെയ്ത ആര്‍എസ്എസ്3യുടെ ഫാക്ടറി-ഗേറ്റ് വില 133-135 രൂപ നിരക്കിലായിരിക്കുമ്പോള്‍ ഇന്ത്യന്‍ റബറിന്റെ വില ഒരിക്കലും 120-125 രൂപയ്ക്കപ്പുറം പോകാതെ നില്‍ക്കുന്നു.

പര്‍ച്ചേസ് വിലയിലെ ഇളവ് ദൈനംദിന പര്‍ച്ചേസ് വിലയില്‍ വാങ്ങുന്ന കമ്പനികള്‍ക്കും ഇടനിലക്കാര്‍ക്കും മാത്രമെ ഉപകാരപ്പെടുന്നുള്ളൂവെങ്കില്‍ പര്‍ച്ചേസ് വിലയിളവിന്റെ കാര്യവും പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്നും ഉപാസി വൈസ് പ്രസിഡന്റ് എന്‍. ധര്‍മരാജ്, അസോസിയേഷന്‍ ഓഫ് പ്ളാന്റേഴ്സ് ഓഫ് കേരള ചെയര്‍മാന്‍ സി. വിനയരാഘവന്‍, ഇന്ത്യന്‍ റബര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സിബി മോനിപ്പള്ളി, അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.സുരേഷ് കോശി, റബര്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് പ്രസിഡന്റ് പി.സി. സിറിയക് എന്നിവര്‍ പത്രക്കുറിപ്പില്‍ നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.