മുഖപ്രസംഗം: അമിതവേഗം കുറയ്ക്കാതെ അപകടങ്ങള്‍ കുറയില്ല
മുഖപ്രസംഗം: അമിതവേഗം കുറയ്ക്കാതെ അപകടങ്ങള്‍ കുറയില്ല
Saturday, January 31, 2015 11:22 PM IST
അശ്രദ്ധ വാഹനാപകടങ്ങള്‍ക്കു വലിയൊരു കാരണമാണെങ്കിലും റോഡില്‍ ജാഗ്രത പുലര്‍ത്തുന്നവര്‍പോലും അപകടത്തിനിരയാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. വലിയ വാഹനങ്ങളോടിക്കുന്നവരുടെ അശ്രദ്ധയോ അപകടമുണ്ടായാലും തങ്ങളുടെ ജീവന് അപകടമൊന്നുമുണ്ടാകില്ലെന്ന സുരക്ഷിതത്വബോധമോ കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളോടിക്കുന്നവരെയും അപകടത്തില്‍ പെടുത്താം. ഇത്തരം നിരവധി സംഭവങ്ങള്‍ അടുത്തകാലത്തു നടന്നു. ചങ്ങനാശേരിയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു വീട്ടമ്മമാരാണു വാഹനാപകടങ്ങളില്‍ മരിച്ചത്.

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ചെറുപ്പക്കാരുടെ അമിതവേഗവും അശ്രദ്ധയുമാണു പല അപകടങ്ങള്‍ക്കും കാരണമെന്നു പറയാറുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാനുള്ള പ്രായമെത്തുംമുമ്പുതന്നെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ അപകടത്തില്‍പ്പെടുകയോ മറ്റുള്ളവരെ അപകടത്തിലാക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഏറെയാണ്. പലപ്പോഴും മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ചും സുഹൃത്തുക്കളുടെ പ്രേരണയാലുമാവും കൌമാരക്കാര്‍ ഇത്തരം സാഹസയാത്രകള്‍ക്കൊരുമ്പെടുന്നത്. അപകടങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ അവര്‍ക്കു മുന്നില്‍ത്തന്നെ ഉണ്ടാകുമെങ്കിലും കൌമാരത്തിളപ്പില്‍ അവര്‍ അതൊന്നും വകവച്ചെന്നു വരില്ല. ഇങ്ങനെയുണ്ടാകുന്ന അപകടങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവന്നപ്പോഴാണു കര്‍ശനമായ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്. അതിനെതിരേയും ചിലര്‍ രംഗത്തെത്തി. ഏതായാലും തലയ്ക്കു ഗുരുതരമായ പരിക്കേറ്റു ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം ഹെല്‍മറ്റ് നിര്‍ബന്ധിതമാക്കിയതോടെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അപകടത്തില്‍പ്പെട്ടെങ്കിലും ഹെല്‍മറ്റ് ഉണ്ടായിരുന്നതുകൊണ്ടുമാത്രം ജീവന്‍ നഷ്ടപ്പെടാതിരുന്ന എത്രയോപേരുണ്ട്.

കോട്ടയം-കുമരകം റോഡില്‍ ഇല്ലിക്കല്‍ ജംഗ്ഷനു സമീപം കഴിഞ്ഞദിവസം ഉണ്ടായ അപകടത്തില്‍, പേരക്കുട്ടിയുമായി സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മധ്യവയസ്കന്‍ മരണമടഞ്ഞു. സ്കൂട്ടറില്‍ ഇടിച്ച ബസ് അമിതവേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു. ഇത്തരം സംഭവങ്ങളില്‍, അപകടമുണ്ടാക്കുന്നവരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഇനിയും പെരുകും. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ കര്‍ശനമായി നടപ്പാക്കിയെങ്കില്‍ മാത്രമേ വാഹനമോടിക്കുന്നവര്‍ക്കു തങ്ങളുടെ ഉത്തരവാദിത്വത്തിന്റെ ഗൌരവം മനസിലാക്കാനാവൂ.

ആസിഡ് ആക്രമണം നടത്തുന്നവര്‍ക്കു കുറഞ്ഞതു പത്തു വര്‍ഷം തടവും ഭാരിച്ച ശിക്ഷയും പിഴയായി നല്‍കണമെന്ന നിയമം രണ്ടു വര്‍ഷം മുമ്പു നിലവില്‍ വന്നിരുന്നു. ഇതനുസരിച്ചുള്ള ഒരു കോടതിവിധി ഈയടുത്ത ദിവസം കേരളത്തിലുമുണ്ടായി. അശ്രദ്ധമായ വാഹനമോടിക്കലിനെ കഠിന കുറ്റകൃത്യങ്ങളില്‍പ്പെടുത്തിയാല്‍ വാഹനാപകടം കുറയാനിടയുണ്ട്. തികഞ്ഞ അശ്രദ്ധമൂലം വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കുള്ള നിലവില്‍ ശിക്ഷ ലഘുവാണെന്നൊരു പരാതിയുണ്ട്.


ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്രവാഹനങ്ങളും സീറ്റ് ബെല്‍റ്റില്ലാതെ കാറുകളും ഓടിക്കുന്നവരെ പിടികൂടി ഫൈന്‍ അടിക്കുന്നതു പതിവായതോടെ വാഹനാപകടങ്ങളുടെ നിരക്കില്‍ കുറവു വന്നു. ബാറുകള്‍ കൂട്ടത്തോടെ അടഞ്ഞുകിടന്ന കാലത്ത് മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരുന്നു.എന്നാല്‍, ഇപ്പോള്‍ അപകടനിരക്ക് ഉയരുന്നതായാണു റിപ്പോര്‍ട്ട്. പരിശോധനകളും ജാഗ്രതയും അല്പമെങ്കിലും കുറയുമ്പോള്‍ അപകടങ്ങളുടെ ഗ്രാഫ് മുകളിലേക്കുയരുന്നു.

വിദ്യാസമ്പന്നര്‍, സംസ്കാരസമ്പന്നര്‍ എന്നൊക്കെ നാം അഭിമാനിക്കുന്നുണ്െടങ്കിലും പ്രാഥമികമായ റോഡ് നിയമങ്ങള്‍പോലും കേരളീയര്‍ പാലിക്കാത്തതാണ് ഇവിടെ അപകടങ്ങള്‍ ഇത്രയും വര്‍ധിക്കാന്‍ കാരണം. പല കാര്യങ്ങളിലും സാമാന്യ മര്യാദയും അടിസ്ഥാന നിയമങ്ങളും പാലിക്കുന്നതില്‍ മലയാളി ഏറെ പിന്നിലാണ്. നിരത്തില്‍ എല്ലാവരെയും കടത്തിവെട്ടി മുന്നിലെത്തണമെന്നാണു വാഹനമോടിക്കുന്ന ഓരോരുത്തരും ചിന്തിക്കുന്നതെങ്കില്‍ അപകടമുണ്ടാകാതിരിക്കുന്നതെങ്ങനെ?

ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിംഗ് നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചയാണ്. ഇടുങ്ങിയ റോഡുകളിലും, ടാര്‍ റോഡില്‍നിന്നു തിട്ട താഴ്ന്നുകിടക്കുന്ന സ്ഥലങ്ങളിലും ഇത്തരം ഓവര്‍ ടേക്കിംഗിനിടെ വാഹനം തെന്നിമറിയാന്‍ സാധ്യത കൂടുതലാണ്. തിരക്കേറിയ റോഡുകളില്‍ ഇരുചക്രവാഹനങ്ങളില്‍നിന്നു തെന്നിവീഴുന്നവര്‍ വലിയ വാഹനങ്ങളുടെ ചക്രങ്ങള്‍ക്കടിയിലാവും പെടുക. ഓവര്‍ടേക്കിംഗില്‍ ചെറിയൊരു അശ്രദ്ധ സംഭവിച്ചാല്‍, ഓടിക്കൊണ്ടിരിക്കുന്ന മറ്റ് ഏതെങ്കിലും വാഹനത്തിന്റെ വശത്തു തട്ടി ചെറുവാഹനങ്ങള്‍ തെറിച്ചുപോകാം. ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ ഒരു വശത്തേക്കു ചെരിഞ്ഞിരിക്കുന്ന സ്ത്രീകള്‍ കൂടുതലും അപകടത്തില്‍പ്പെടുന്നത് ഇത്തരം ചെറിയ കൂട്ടിമുട്ടലുകളുടെ ഫലമായാണ്.

കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതു കൂടുതലായും അവര്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതുകൊണ്േടാ വാഹനങ്ങള്‍ റോഡ് സൈഡുകള്‍ കൂടി കൈവശപ്പെടുത്തി ഓടുന്നതുകൊണ്േടാ ആണ്. മിക്ക റോഡുകള്‍ക്കും ഫുട്പാത്തുകളില്ലാത്തതും അപകടത്തിനു കാരണമാകുന്നു. ഫുട്പാത്തുകള്‍ ഉള്ളിടത്തു റോഡിലേക്ക് ഇറങ്ങിനടക്കുന്നതും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു റോഡ് കുറുകെ കടക്കുന്നതുമൊക്കെ അപകടത്തിനു കാരണമാകാറുണ്ട്. സ്വകാര്യബസുകളുടെ മത്സരയോട്ടം എക്കാലവും അപകടങ്ങള്‍ക്കു കാരണമാണ്. ടിപ്പറുകള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളും നിരവധിയാണ്. വലിയ യാത്രാവാഹനങ്ങള്‍ ഓടിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്വബോധം പ്രകടിപ്പിക്കണം. ബസിനുള്ളിലുള്ള ഒട്ടേറെ യാത്രക്കാരുടെയും നിരത്തിലൂടെ പോകുന്നവരുടെയും ജീവന്‍ തങ്ങളുടെ കൈകളിലാണെന്ന കാര്യം അവര്‍ വിസ്മരിക്കരുത്. അശ്രദ്ധയും അമിതവേഗവും എത്രമാത്രം ഒഴിവാക്കുന്നുവോ അത്രയും അപകടങ്ങള്‍ കുറയ്ക്കാനാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.