ബിജു രമേശ് വി.എസിനു സിഡി നല്കി
ബിജു രമേശ് വി.എസിനു സിഡി നല്കി
Friday, January 30, 2015 12:14 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു മദ്യവ്യാപാരി ബിജു രമേശ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ കണ്ടു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഉന്നതതല ബന്ധങ്ങള്‍ വെളിപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ട സിഡിയിലെ വിവരങ്ങള്‍ കൈമാറുന്നതിനുമാണു ബിജു രമേശ് പ്രതിപക്ഷനേതാവിനെ കണ്ടത്.

ഇന്നലെ വൈകുന്നേരം 6.45- ഓടെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൌസിലായിരുന്നു സന്ദര്‍ശനം. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. താന്‍ നല്‍കിയ തെളിവുകളില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും ബിജു രമേശ് അറിയിച്ചു. കോടികളുടെ അഴിമതി നടന്നതിനു വ്യക്തമായ തെളിവുകളുള്ള സാഹചര്യത്തില്‍ ഒരു കാരണവശാലും പിന്നോട്ടു പോകരുതെന്നു പറഞ്ഞു വി.എസ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നു ബിജു രമേശ് പിന്നീടു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.


ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഉടന്‍ കാണുമെന്നും ബിജു പറഞ്ഞു. ബാര്‍ കോഴയില്‍ നാലു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുകൂടി പങ്കുണ്െടന്നു പറയുന്ന ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. നാലു മന്ത്രിമാരുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ സിഡിയുടെ മുഴുവന്‍ ഭാഗവും വിഎസിനു ബിജു രമേശ് കൈമാറിയതായാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.