മുഖപ്രസംഗം: മതേതരത്വം തകര്‍ന്നാല്‍ ഇന്ത്യ തകര്‍ന്നു
Friday, January 30, 2015 11:18 PM IST
മതേതരത്വം ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ അടിസ്ഥാന അടയാളമാണ്. വിവിധ മതങ്ങളും സംസ്കാരങ്ങളും നിലനില്‍ക്കുന്ന ഈ രാജ്യം ഐക്യത്തിലും അഖണ്ഡതയിലും മുന്നോട്ടു പോകുന്നെങ്കില്‍ അതിന്റെ പിന്നിലുള്ള പ്രധാന ഘടകം ഇവിടത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും പൌരസ്വാതന്ത്യ്രവുമുള്‍പ്പെടെയുള്ള മൂല്യങ്ങളാണ്. അവ ഒഴിവാക്കി പുതിയ ദിശയിലേക്കു രാജ്യത്തെ നയിക്കാന്‍ ശ്രമിക്കുന്നവര്‍ വലിയ അപകടമാണു വിളിച്ചുവരുത്തുന്നത്. സംശുദ്ധഭരണം വാഗ്ദാനം ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നണിക്കും വിജയം നേടിക്കൊടുത്തപ്പോള്‍ ജനത്തിനു ചില പ്രതീക്ഷകളുണ്ടായിരുന്നു. ആ പ്രതീക്ഷ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി മാത്രമായിരുന്നില്ല. മഹത്തായ ഈ രാജ്യം ഐക്യത്തിലും സഹിഷ്ണുതയിലും മുന്നേറണമെന്ന ആഗ്രഹംകൂടി ആ ജനവിധിയില്‍ പ്രതിഫലിച്ചിരുന്നു. എന്നാല്‍, ജനഹിതത്തിനു വിരുദ്ധമായ നിലപാടുകളിലേക്കു ഭരണകൂടം മാറിക്കൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

ഇതര മതസ്ഥര്‍ രാജ്യത്തു രണ്ടാംകിട പൌരന്മാരാണെന്ന മട്ടില്‍ ജനപ്രതിനിധികള്‍ കൂടിയായ ചില ഹൈന്ദവാചാര്യന്മാരും സംഘപരിവാര്‍ നേതാക്കളും തുടരെത്തുടരെ പ്രസ്താവനകളിറക്കി. പ്രകോപനപരമായ ഇത്തരം പ്രസ്താവനകള്‍ നിഷേധിക്കാനോ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് അവരെ തടയാനോ ഉത്തരവാദപ്പെട്ടവര്‍ ശ്രമിച്ചതുമില്ല. ഇത്തരം വിഭാഗീയ പ്രസ്താവനകളും പ്രകോപനപരമായ നിലപാടുകളും അവര്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോള്‍, ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളിലേക്കുപോലും അവര്‍ കൈവയ്ക്കുന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.

ഭരണഘടന രാജ്യത്തിന്റെ വിശുദ്ധ പുസ്തകമാണെന്ന് ഇക്കഴിഞ്ഞ റിപ്പബ്ളിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറയുകയുണ്ടായി. എന്നാല്‍, രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ അടങ്ങിയിരിക്കുന്ന ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന വിധത്തിലുള്ള ഒരു ഔദ്യോഗിക പരസ്യം കേന്ദ്രസര്‍ക്കാരിന്റേതായി ഇക്കഴിഞ്ഞ റിപ്പബ്ളിക് ദിനത്തില്‍ ഇറങ്ങിയെന്നതു ഞെട്ടിക്കുന്ന കാര്യമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലുള്ള മതേതര, സോഷ്യലിസ്റ് എന്നീ വാക്കുകള്‍ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പരസ്യം നിസാരമായൊരു വീഴ്ചയായി കണക്കാക്കാനാവില്ല. രാജ്യത്തിന്റെ ഭരണഘടനയോടുതന്നെ ഇപ്രകാരം അവഹേളനം കാട്ടിയിട്ടും അതിനെ ന്യായീകരിക്കാനാണു ഭരണഘടനയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്.

റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ചു കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് പുറത്തിറക്കിയ പരസ്യത്തില്‍ മതേതര, സോഷ്യലിസ്റ് എന്നീ വാക്കുകള്‍ രേഖപ്പെടുത്താത്ത ഭരണഘടനയുടെ ആമുഖ പേജാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1976ല്‍ അടിയന്തരാവസ്ഥക്കാലത്താണ് ഈ രണ്ടു വാക്കുകളും ഭരണഘടനയില്‍ മുന്‍കാല പ്രാബല്യത്തോടെ എഴുതിച്ചേര്‍ത്തത്. സ്വതന്ത്ര ഭാരതം സോഷ്യലിസത്തിനും മതേതരത്വത്തിനും എക്കാലവും നിര്‍ണായക പ്രാധാന്യം നല്‍കിയിരുന്നു. ഭരണഘടനയില്‍ ഇവ രേഖപ്പെടുത്താതിരുന്ന കാലത്തും ഈ രണ്ടു തത്ത്വങ്ങള്‍ക്കും എല്ലാ സര്‍ക്കാരുകളും പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. ജുഡീഷറിയും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, മതേതരവും സോഷ്യലിസ്റും ഭരണഘടനയില്‍നിന്നു നീക്കുന്നതില്‍പ്പോലും യാതൊരു കുഴപ്പവുമില്ലെന്നാണു ടെലികോം വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് ഇപ്പോള്‍ പറയുന്നത്. വേണമെങ്കില്‍ ഇതേക്കുറിച്ചൊരു സംവാദമാകാമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.


ഇപ്രകാരമൊരു സംവാദത്തിനു വിഷയമാക്കേണ്ട കാര്യങ്ങളാണോ മതേതരത്വവും സോഷ്യലിസവും? ഭരണഘടനയില്‍ പറയുന്ന കാര്യങ്ങളുടെ നിയമസാധുതയും നിലനില്പും എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് അറിയാത്ത ആളല്ല രവിശങ്കര്‍ പ്രസാദ്. അത് അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍, ഇപ്പോഴത്തെ പരസ്യവും അതിനോടനുബന്ധിച്ചു നടക്കുന്ന മറ്റു ചില കാര്യങ്ങളും കരുതിക്കൂട്ടിയുള്ള ചെയ്തികളല്ലേ എന്നു ന്യായമായി സംശയിക്കേണ്ടിവരും. ആദ്യ ഭരണഘടനയുടെ ആമുഖ പേജുതന്നെ ഇനി ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നൊരു സൂചനയും മന്ത്രിയുടെ വാക്കുകളിലുണ്ട്. അങ്ങനെയെങ്കില്‍, കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ നയങ്ങള്‍ക്കു വഴങ്ങി രാജ്യത്തെ ശൈഥില്യത്തിലേക്കു നയിക്കാന്‍ കേന്ദ്ര ഭരണകൂടം കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് എന്നു പറയേണ്ടിയിരിക്കുന്നു.

ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളേറെയുള്ള ഒരു രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതി വച്ചുപുലര്‍ത്തുന്നവരാകരുത്. മതേതരം, സോഷ്യലിസ്റ് എന്നീ വാക്കുകള്‍ ഇത്തവണ സര്‍ക്കാര്‍ പരസ്യത്തില്‍ അബദ്ധത്തില്‍ വിട്ടുപോയതാണെങ്കില്‍പ്പോലും അവ ഭരണഘടനയില്‍നിന്ന് എന്നേക്കുമായി നീക്കിക്കളയുകയാണു ചെയ്യേണ്ടതെന്നാണു ശിവസേനയുടെ പാര്‍ലമെന്റംഗമായ സഞ്ജയ് റാവത്തിന്റെ അഭിപ്രായം. ഇത്തരക്കാരുടെ സ്വാധീനത്തില്‍ ഗൂഢലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങളിലാണു സര്‍ക്കാരെന്നു സംശയിക്കണം. എങ്കില്‍ അതിനെതിരേ ശക്തമായ പ്രതികരണം ഉണ്ടാകേണ്ടിയിരിക്കുന്നു.

സ്വാതന്ത്യ്രാനന്തര ഭാരതം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഇന്ത്യ-പാക് വിഭജനം. അതിന്റെ മുറിപ്പാടുകള്‍ ഇന്നും കരിഞ്ഞിട്ടില്ല. നിരന്തരമായ സംഘര്‍ഷങ്ങള്‍ അതിര്‍ത്തിയില്‍ മാത്രമല്ല ആഭ്യന്തരരംഗത്തും പടരുന്നു. അവയെയെല്ലാം അതിജീവിക്കാനാവുന്നതു ജനങ്ങളുടെ ഐക്യബോധവും ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളും നല്‍കുന്ന കരുത്തിലൂടെയാണ്. ഇതു നഷ്ടമാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനു രാജ്യം വലിയ വില നല്‍കേണ്ടിവരും. രാജ്യതാത്പര്യങ്ങളെക്കുറിച്ചു വാതോരാതെ പറയുന്ന ഭരണകര്‍ത്താക്കള്‍ യാഥാര്‍ഥ്യബോധത്തോടെ വേണം ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാനും തീരുമാനമെടുക്കാനും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.