ചാവറയച്ചന്റെ ജന്മദിനത്തില്‍ മാന്നാനം സംസ്കൃത സ്കൂളില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ്
ചാവറയച്ചന്റെ ജന്മദിനത്തില്‍ മാന്നാനം സംസ്കൃത സ്കൂളില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ്
Thursday, January 29, 2015 12:37 AM IST
കോട്ടയം: വിശുദ്ധ ചാവറയച്ചന്റെ 210-ാം ജന്മദിന അനുസ്മരണത്തോടനുബന്ധിച്ചു മാന്നാനത്ത് ചാവറയച്ചന്‍ സ്ഥാപിച്ച സംസ്കൃത സ്കൂളില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് നടത്തും.

എല്ലാ മതവിഭാഗങ്ങളിലുംപെട്ട കുട്ടികള്‍ക്കു ചാവറയച്ചന്‍ അക്ഷരവും അറിവും പകര്‍ന്നു നല്‍കിയതിനെ അനുസ്മരിച്ചാണ് ആദ്യാക്ഷരംകുറിക്കല്‍.

രാവിലെ 6.30നു സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടിയുടെ കാര്‍മിത്വത്തില്‍ ആശ്രമദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്നു വിശുദ്ധ പദവി പ്രഖ്യാപന സ്മാരകമായി ആശ്രമത്തോടു ചേര്‍ന്നു നാലുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം റവ.ഡോ പോള്‍ ആച്ചാണ്ടി നിര്‍വഹിക്കും.

ഒന്‍പതിന് സമൂഹബലിക്കു ശേഷമാണ് അക്ഷരം കുറിക്കല്‍ ചടങ്ങു നടക്കുന്നത്. പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. സിറിയക് മഠത്തില്‍, പാലാ സെന്റ് വിന്‍സെന്റ് ആശ്രമാധിപനും ദീപിക മുന്‍ ചീഫ് എഡിറ്ററുമായ ഫാ. അലക്സാണ്ടര്‍ പൈകട, മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. സെബാസ്റ്യന്‍ ചാമത്തറ, കുടമാളൂര്‍ ഫൊറോന പള്ളിവികാരി ഫാ. എബ്രഹാം വെട്ടുവയലില്‍ എന്നിവര്‍ അക്ഷരം എഴുതിക്കല്‍ ചടങ്ങില്‍ കാര്‍മികരാകും. വൈകുന്നേരം നാലു വരെ വചനപ്രഘോഷണം- ഫാ. ഷാംലോ ഏഴാനിക്കാട്ട് സിഎസ്ടി.


പള്ളിക്കൂടങ്ങളില്‍ പഠനത്തിനൊപ്പം ഉച്ചക്കഞ്ഞി ചാവറയച്ചന്‍ ആരംഭിച്ചതിനെ അനുസ്മരിച്ച് ആശ്രമത്തില്‍ അന്ന് ഉച്ചയ്ക്കു പിടിയരിക്കഞ്ഞി തയാറാക്കി നല്‍കും. പാരമ്പര്യത്തെ അനുസ്മരിച്ച് പ്രദേശത്തെ ഭവനങ്ങളില്‍ നിന്നു വിശ്വാസികള്‍ പിടിയരി എത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.