വേമ്പനാട്ട് കായല്‍ സംരക്ഷിക്കണം: ശാസ്ത്രകോണ്‍ഗ്രസ്
Thursday, January 29, 2015 12:36 AM IST
ആലപ്പുഴ: പ്രകൃതി സൌന്ദര്യം കൊണ്ടു ലോകടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച ആലപ്പുഴയുടെ പൈതൃകവും വേമ്പനാട്ടു കായലും സംരക്ഷിക്കുന്നതിനായി പാതിരപ്പള്ളിയില്‍ സംഘടിപ്പിച്ച കേരള ശാസ്ത്രകോണ്‍ഗ്രസില്‍ നിര്‍ദേശം. 27-ാമത് കേരള സയന്‍സ് കോണ്‍ഗ്രസില്‍ ആലപ്പുഴയിലെ ജലശാസ്ത്രവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ഇതിനുള്ള വിവിധ പ്രബന്ധങ്ങളും റിപ്പോര്‍ട്ടുകളും അവതരിപ്പിക്കപ്പെട്ടത്.

കേരള ശാസ്ത്ര കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സമാപനസമ്മേളനത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ സമാപനപ്രഭാഷണം നടത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.

സെമിനാറില്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ചു മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ടായി നല്‍കുമെന്നും ആലപ്പുഴയുടെ പൈതൃകസംരക്ഷണത്തിന് ഇത് പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും സെമിനാറില്‍ പങ്കെടുത്ത കെ.സി. വേണുഗോപാല്‍ എംപി ഉറപ്പുനല്‍കി. കാലാവസ്ഥാ വ്യതിയാനങ്ങളും പാരിസ്ഥിതികപ്രശ്നങ്ങളും ആഗോളതാപനവുമെല്ലാം ജില്ലയിലെ കാര്‍ഷിക മേഖലയെ ആകെ മാറ്റിമറിച്ചിരിക്കുന്നു. പ്രത്യേകിച്ച് കുട്ടനാട്ടിലെ കൃഷിരീതിയും വേമ്പനാട്ട് കായലിലെ ജൈവസമൃദ്ധിയും മാറിയിരിക്കുന്നു.

പൈതൃകം സംരക്ഷിച്ചുകൊണ്ട് നമ്മുടെ പൂര്‍വികരായ കര്‍ഷകര്‍ സാഹസികമായി രൂപപ്പെടുത്തിയ കൃഷി രീതികള്‍ എന്നും വിലപ്പെട്ടതാണ്. കുട്ടനാട്ടിലെ കൃഷിരീതികള്‍ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയതിന് പ്രധാനകാരണവും ഇതുതന്നെയാണ്. സമുദ്രനിരപ്പില്‍ നിന്ന് താഴെയായി സ്ഥിതിചെയ്യുന്ന ഭൂപ്രദേശത്ത് ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി കൃഷിയിടങ്ങള്‍ രൂപപ്പെടുത്തിയെന്ന സാഹസികതയാണ് പൂര്‍വികരായ കര്‍ഷകര്‍ നമുക്ക് കാണിച്ചുതന്നത്. അവര്‍ പൈതൃകം സംരക്ഷിക്കുന്നതിനായി കാലാവസ്ഥയുടെ താളക്രമമനുസരിച്ച് കൃഷിയൊരുക്കിയിരുന്നു.


വേമ്പനാട്ട് കായലിന്റെ തെക്ക് ഭാഗത്തുള്ള കുട്ടനാട്ടില്‍ ഒരുസമയത്ത് പുഞ്ചകൃഷിയും വടക്കേ ഭാഗത്തായി പൊക്കാളി കൃഷിരീതിയും തുടര്‍ന്നുപോന്നിരുന്നു. ആലപ്പുഴയുടെ ജൈവ സംരക്ഷണത്തിനും വരുംതലമുറയുടെ നിലനില്‍പ്പിനും കായലിന്റെ സംരക്ഷണം അനിവാര്യമാണെന്നും സെമിനാര്‍ വിലയിരുത്തി. സെമിനാറില്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഇ.ജെ. ജെയിംസ്, ചെന്നൈ ഐഐടി പ്രഫസര്‍ ഡോ. കെ.പി. സുധീര്‍, കാര്‍ഷിക സര്‍വകലാശാല കുമരകം പ്രാദേശിക കേന്ദ്രത്തിലെ മുന്‍ ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെകനോളജി (ആര്‍ജിസിബി)സയന്റിസ്റ് ഡോ. ഇ. ശ്രീകുമാര്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. കെ.കെ. രാമചന്ദ്രന്‍, നാറ്റ്പാക്ക് ഡയറക്ടര്‍ ബി.ജി. ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.