മദ്യനയം അട്ടിമറിക്കാന്‍ വീണ്ടും നീക്കം: റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്
Thursday, January 29, 2015 12:34 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയവും അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെസിബിസി) ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് കുറ്റപ്പെടുത്തി. പൊതുസമൂഹം അംഗീകരിച്ച ആദ്യത്തെ മദ്യനയത്തില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടുപോയി. ഇപ്പോഴത്തെ മദ്യനയത്തിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി ഉള്‍പ്പെടെ സമരം തുടരുകയാണ്. ചില നല്ല വശങ്ങളുള്ള പുതിയ മദ്യനയവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. മന്ത്രിസഭയിലെ ഒരാള്‍ക്കെതിരേ മാത്രം ആരോപണം ഉന്നയിക്കുകയും മറ്റു പലര്‍ക്കുമെതിരെ അഴിമതിക്കു തെളിവുകളുണ്െടന്നു പ്രസ്താവനയിറക്കുകയും ചെയ്യുന്നവരുടെ വിശ്വസനീയതയില്‍ സമൂഹത്തിനു സംശയമുണ്ട്. ആരോപണങ്ങള്‍ വിശ്വസനീയമെന്നു തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സമൂഹത്തില്‍ വിശ്വസനീയരായ ആളുകളല്ല ആരോപണം ഉന്നയിച്ചിട്ടുള്ളത്.


സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി മാറ്റം വരുത്തിയ മദ്യനയവും ബാറുടമകള്‍ക്കു തൃപ്തികരമല്ല. അവര്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള മദ്യനയം കൊണ്ടുവരുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ ഇവര്‍ സര്‍ക്കാരിനുമേല്‍ ആരോപണങ്ങള്‍ ഉന്നയിച്ചു സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ ആരോപണങ്ങള്‍ എത്രത്തോളം വിശ്വസനീയമാണെന്നു സംശയമുണ്ട്.

തെളിയിക്കപ്പെടാത്ത ആരോപണത്തിന്റെ പേരില്‍ മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നു പറയുന്നത് ഉചിതമല്ലെന്നും റവ. ഡോ. വള്ളിക്കാട്ട് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.