102-ാം വയസില്‍ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി യശോദ വാരസ്യാര്‍
102-ാം വയസില്‍ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി യശോദ വാരസ്യാര്‍
Monday, January 26, 2015 12:53 AM IST
തളിപ്പറമ്പ്: 102-ാം വയസില്‍ ആദ്യമായി തെരഞ്ഞെടുപ്പു കാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ തളിപ്പറമ്പ് തൃച്ചംബരത്തെ ചെങ്ങളാവാര്യത്ത് യശോദ വാരസ്യാര്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുപ്പു ക്രമീകരണങ്ങളുടെ ചരിത്രത്തിലിടം നേടിയ വ്യക്തിയായി. വോട്ടേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി തളിപ്പറമ്പ് തഹസില്‍ദാര്‍ കെ.രാധാകൃഷ്ണന്‍ തൃച്ചംബരം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിയാണ് ഇവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്.

യശോദ വാരസ്യാര്‍ അവസാനമായി വോട്ടു ചെയ്തത് 1982ലായിരുന്നു. 87ല്‍ ഇളയ മകന്റെ മരണത്തോടെ വീടിനു പുറത്തിറങ്ങാതായ ഇവര്‍ മകള്‍ പത്മിനി ടീച്ചറുടെ വീട്ടില്‍ വിശ്രമജീവിതം നയിച്ചു വരികയാണ്. തൃച്ചംബരം 76-ാം ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസറും മോറാഴ സെന്‍ട്രല്‍ യുപി സ്കൂള്‍ അധ്യാപകനുമായ കെ.രാജീവന്‍ യശോദയുടെ ചെറുമകനും സിന്‍ഡിക്കറ്റ് ബാങ്ക് പഴയങ്ങാടി ശാഖാ മാനേജരുമായ സി.വി.ജയചന്ദ്രനുമായി നടത്തിയ സൌഹൃദ സംഭഷണത്തിലാണു വോട്ടര്‍പട്ടികയില്‍ ഇവരുടെ പേരില്ലെന്നു അറിയുന്നത്.

വോട്ടര്‍പട്ടികയില്‍ പേരില്ലെന്നറിഞ്ഞതോടെ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ ടോം ജോസഫ് നേരിട്ടു വീട്ടിലെത്തിയാണു പേരു ചേര്‍ത്തത്. ഇതേവരെ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാത്ത സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വനിത യശോദ വാരസ്യാരാണെന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1913 ഡിസംബര്‍ 29നാണ് യശോദ വാരസ്യാര്‍ ജനിച്ചതെന്നുള്ള രേഖകള്‍ അധികൃതര്‍ പരിശോധിച്ചു ബോധ്യപ്പെട്ടിട്ടുണ്ട്. നേരിയ ഓര്‍മക്കുറവ് ഉണ്െടന്നതല്ലാതെ ഇവര്‍ക്കു മറ്റ് അസുഖങ്ങളൊന്നുമില്ല. തമിഴ്നാട് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച ശങ്കര വാര്യരുടെ ഭാര്യയാണു യശോദ. 1956ലാണ് ഇദ്ദേഹം മരിച്ചത്. അഞ്ചു മക്കളില്‍ രണ്ടു പെണ്‍മക്കള്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.


സമ്മതിദായകരുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ പുതുതായി പേരു ചേര്‍ത്ത 18 വയസു തികഞ്ഞവര്‍ക്കു മാത്രം ഭാഗികമായി കാര്‍ഡ് വിതരണം ചെയ്യാനാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നതെങ്കിലും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറില്‍നിന്നു പ്രത്യേക അനുമതി വാങ്ങിയാണു യശോദയ്ക്കു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 18 നായിരുന്നു ഫോട്ടോയെടുക്കല്‍. തളിപ്പറമ്പ് ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ ടോം ജോസഫ്, പി.വി.വിനോദ്, ബിഎല്‍ഒ കെ.രാജീവന്‍ എന്നിവരും സന്നിഹിതരായി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.