മറുപടി കേള്‍ക്കാന്‍ ക്ഷമയില്ലാതെ പ്രതിപക്ഷം
Friday, December 19, 2014 1:18 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ മന്ത്രി കെ.എം. മാണിക്കും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷം കത്തിക്കയറിയപ്പോള്‍ ഭരണപക്ഷത്തുനിന്നു പ്രസംഗിച്ചവര്‍ ഒരു അഭ്യര്‍ഥന നടത്തി. നിങ്ങള്‍ എന്തു വേണമെങ്കിലും പറഞ്ഞോ. പക്ഷേ കെ.എം. മാണിയുടെ മറുപടി കൂടി കേള്‍ക്കണം.

പറയാനുള്ളതെല്ലാം വിശാലമായി പറഞ്ഞ പ്രതിപക്ഷം പക്ഷേ മാണിയുടെ മറുപടിക്കു കാത്തുനിന്നില്ല. മാണി പ്രസംഗിക്കാനെഴുന്നേറ്റ നിമിഷം അവര്‍ പ്ളക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്കു കുതിച്ചു.

പ്രതിപക്ഷ ബഹളം വകവയ്ക്കാതെ പ്രസംഗിച്ചു തുടങ്ങിയ മാണി അമര്‍ഷം മറച്ചു വച്ചില്ല. അവിടെയിരുന്നു വിമര്‍ശിക്കുക, എന്നിട്ട് എന്റെ മറുപടി വരുമ്പോള്‍ കോ.. കോ... കോ... എന്നു പറയുക. നാണം കെട്ട ഇടപാട്. പക്ഷേ ഇതുകൊണ്ടും പ്രതിപക്ഷത്തിനു മനംമാറ്റമുണ്ടായില്ല. അവര്‍ ബഹളം തുടര്‍ന്നു കൊണ്േടയിരുന്നു. അതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുന്നേറ്റു. മാണി സാറിന്റെ മറുപടി കേള്‍ക്കാന്‍ ധൈര്യമുണ്േടാ. നിങ്ങള്‍ക്കു ഭയമല്ലേ. ഇതെന്തൊരു ജനാധിപത്യമാണ്. പറയാനുള്ളതെല്ലാം പറയുക. മറുപടി കേള്‍ക്കാന്‍ തയാറാകാതിരിക്കുക.

ഇതു കേട്ടിട്ടും പ്രതിപക്ഷത്തിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല. അവര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. ചെയറിലിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ ബില്ലുകള്‍ പാസാക്കിക്കൊണ്ടുമിരുന്നു. ഏതായാലും നിയമസഭാസമ്മേളനത്തിന്റെ സമാപനം മുദ്രാവാക്യത്തിന്റെയും ബഹളത്തിന്റെയും അകമ്പടിയോടെ ആയിരുന്നു.

ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയില്‍ രാഷ്ട്രീയവും ആരോപണങ്ങളുമെല്ലാം നിറഞ്ഞു നിന്നു. പ്രതിപക്ഷം കെ.എം. മാണിയില്‍ ഒതുക്കി നിര്‍ത്തിയില്ല. സലിംരാജും സരിതയും പാമോയിലും എല്ലാം സഭാതലത്തില്‍ എത്തിച്ചു എ.കെ. ബാലന്‍. ഒടുവില്‍ ബിജെപി- കോണ്‍ഗ്രസ് ധാരണ നിലവില്‍വരുന്നു എന്നൊരു സിദ്ധാന്തവും ബാലന്‍ അവതരിപ്പിച്ചു.

ബാലനു മറുപടി നല്‍കിയതു കെ. ശിവദാസന്‍ നായരായിരുന്നു. സര്‍ക്കാരിന്റെ ജനക്ഷേമ- വികസന പ്രവര്‍ത്തനങ്ങളുടെ പട്ടിക നിരത്തിയാണു ശിവദാസന്‍ നായര്‍ പ്രസംഗം തുടങ്ങിയത്. ഒടുവില്‍ പ്രസംഗം കൃഷ്ണപിള്ള പ്രതിമയുടെ നേരേയുണ്ടായ ആക്രമണത്തിലും പേമെന്റ് സീറ്റ് വിവാദത്തിലുമെത്തിനിന്നു. നിയമസഭാകക്ഷി നേതാവല്ലായിരുന്നെങ്കില്‍ സി. ദിവാകരന്റെ ഗതി വെഞ്ഞാറമൂട് ശശിയുടെയും രാമചന്ദ്രന്‍ നായരുടെയും വഴിയേ ആകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സിപിഐയെ വിമര്‍ശിച്ചാല്‍ രാമചന്ദ്രന്‍ നായരെ സിപിഎമ്മില്‍ എടുക്കാമെന്നാണു ധാരണയെന്ന് അറിയാമോയെന്ന് അതിനിടെ മന്ത്രി ഷിബു ബേബി ജോണ്‍ ചോദിച്ചു. ടി.ജെ. ആഞ്ചലോസിനെ സിപിഐക്കാര്‍ക്ക് എടുക്കാമെങ്കില്‍ രാമചന്ദ്രന്‍ നായരെ എന്തുകൊണ്ടു സിപിഎമ്മുകാര്‍ക്ക് എടുത്തുകൂടാ എന്നായിരുന്നു ശിവദാസന്‍ നായരുടെ മറുപടി.

തങ്ങളുടെ പാര്‍ട്ടിയുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാം എന്നു പറഞ്ഞു ചിറ്റയം ഗോപകുമാര്‍ സിപിഐയ്ക്കു വേണ്ടി പ്രതിരോധം തീര്‍ത്തു. ശുണ്ഠി പിടിച്ചാല്‍ എന്തും പറയുന്ന മുസ്ലിംലീഗിന്റെ പി.കെ. ബഷീര്‍ ഗണേഷ്കുമാറിനോടുള്ള ദേഷ്യം പ്രകടിപ്പിച്ചപ്പോള്‍ മുന്നണി മര്യാദയൊന്നും നോക്കിയില്ല. ഗണേഷ്കുമാറിനെ ഇടതുപക്ഷം പിന്തുണച്ചതിലായിരുന്നു ബഷീറിന്റെ രോഷം. നിങ്ങള്‍ ഏതു ചണ്ടിയും ഏറ്റെടുക്കുമെന്നു പറഞ്ഞപ്പോള്‍ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. ബഷീറിനു കുലുക്കമൊന്നുമില്ല. അഴിമതിക്കാരനായ പാപ്പാന്റെ മകനല്ലേ ഗണേഷ്കുമാര്‍ എന്നായി ബഷീര്‍. മാണിസാറിനെതിരേ അന്വേഷണം വേണമെന്നു പറഞ്ഞു നടക്കുന്ന സിപിഐക്കാര്‍ എന്തിനാണു ലോകായുക്ത കേസിനെതിരേ സ്റേ വാങ്ങാന്‍ ഹൈക്കോടതിയില്‍ പോയതെന്നായിരുന്നു ബഷീറിന്റെ ചോദ്യം. മൂന്നു കൊല്ലം സരിത, കിരിത എന്നൊക്കെ പറഞ്ഞു നടന്നിട്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്തായി എന്നും ബഷീര്‍ ചോദിച്ചു.


കെ.എം. മാണിയെ കോണ്‍ഗ്രസുകാര്‍ കുരുക്കിയെന്നു സ്ഥാപിക്കാനായിരുന്നു എളമരം കരീമിന്റെ ശ്രമം. ഒരു കാട്ടില്‍ ഒരു സിംഹം മതിയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം. കോട്ടയത്ത് ഒരു നേതാവ് മതി എന്നാണു തീരുമാനമെന്നും കരീം പറഞ്ഞു.

പാര്‍ലമെന്റ് സീറ്റിനു കോടികള്‍ കോഴ വാങ്ങിയതിനു കോടതി വരാന്ത നിരങ്ങുന്ന പാര്‍ട്ടി ഇവിടെ വന്ന് ആരോപണം ഉന്നയിക്കുന്നു എന്നായിരുന്നു തോമസ് ഉണ്ണിയാടന്റെ ആക്ഷേപം. ഏതായാലും ചര്‍ച്ച കഴിഞ്ഞു മാണി എഴുന്നേറ്റ നിമിഷം നിശ്ചയിച്ചുറപ്പിച്ചതുപോലെ പ്രതിപക്ഷം നടുത്തളത്തിലേക്കു പാഞ്ഞുവരികയായിരുന്നു.

രാവിലെ ശൂന്യവേളയില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരന്‍ ആത്മഹത്യ ചെയ്ത സംഭവം മുന്‍നിര്‍ത്തി പ്രതിപക്ഷത്തു നിന്നു കെ. രാജു അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി. കെഎസ്ആര്‍ടിസിയുടെ സ്ഥിതിയെക്കുറിച്ചും രക്ഷിക്കാനായി കൈക്കൊള്ളാന്‍ പോകുന്ന നടപടികളെക്കുറിച്ചും പറയാനായിരുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രമം. പ്രതിപക്ഷം പലതവണ ഇടപെട്ടിട്ടും ഇടയ്ക്കിടെ ക്ഷോഭിച്ചിട്ടും മന്ത്രി ട്രാക്ക് മാറ്റിയില്ല. ആത്മഹത്യ ചെയ്ത ജീവനക്കാരന്റെ കുടുംബത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിനു മാത്രം മന്ത്രി മറുപടി പറഞ്ഞില്ല.

ഒടുവില്‍ പ്രതിപക്ഷം ബഹളത്തിലേക്കു കടക്കുന്നുവെന്നു കണ്ടതോടെ മുഖ്യമന്ത്രി ഇടപെട്ടു. അക്കാര്യം പരിഗണിക്കാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായി.

ഇപ്പം ശരിയാക്കാം, ഇപ്പം ശരിയാക്കാം എന്നു പറയുന്നതല്ലാതെ കെഎസ്ആര്‍ടിസി കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. കോഴ സര്‍ക്കാര്‍ എന്നു വിളിപ്പേരുള്ള സര്‍ക്കാര്‍ ഇനി കൊലയാളി സര്‍ക്കാര്‍ എന്നു കൂടി അറിയപ്പെടുമെന്നും വി.എസ്. പറഞ്ഞു. ഏതായാലും വാക്കൌട്ടോടു കൂടിയാണ് ഈ വിഷയം അവസാനിച്ചത്.

അവസാനദിനം 45 സബ്മിഷനുകളാണു ലിസ്റ് ചെയ്തിരുന്നത്. ചട്ടപ്രകാരം ധനവിനിയോഗ ബില്‍ പരിഗണനയ്ക്കെടുക്കേണ്ട 12.30 ആയപ്പോഴും ഇതു പൂര്‍ത്തിയായിരുന്നില്ല. ബാക്കിയുള്ളവര്‍ക്ക് സബ്മിഷന്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതുമില്ല. ഡിസംബര്‍ ഒന്നിന് ആരംഭിച്ച സമ്മേളനം ഇന്നലെ അവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.