സത്യാന്വേഷണ ത്വര വിദ്യാര്‍ഥികള്‍ സ്വായത്തമാക്കണം: മാര്‍ ആലഞ്ചേരി
സത്യാന്വേഷണ ത്വര വിദ്യാര്‍ഥികള്‍ സ്വായത്തമാക്കണം: മാര്‍ ആലഞ്ചേരി
Saturday, November 29, 2014 12:19 AM IST
കൊച്ചി: ചൊവ്വയിലേക്കു കുതിച്ച് നാം ശാസ്ത്ര മികവിന്റെ പുത്തന്‍ ദൂരങ്ങള്‍ താണ്ടുമ്പോഴും ഓരോരുത്തരിലും സത്യാന്വേഷണ ത്വരയും ഗവേഷണ ചിന്തയും വളര്‍ത്തുന്നതിന് വിദ്യാഭ്യാസം അവസരം നല്‍കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

യുവമനസുകളില്‍ നീതിബോധം, സത്യനിഷ്ഠ, സമാധാനം, സമൂഹത്തോട് ഒത്തുചേര്‍ന്നു പോകാനുള്ള സന്നദ്ധത തുടങ്ങിയവ വളര്‍ത്തിയെടുക്കാന്‍ ഉതകുന്നതാകണം വിദ്യാഭ്യാസം. യുവ മനസുകളും അത്തരം മൂല്യങ്ങള്‍ സ്വീകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കണം.


വിദ്യാഭ്യാസ രംഗം വിപ്ളവകരമായ വലിയ മാറ്റങ്ങള്‍ക്കാണു സാക്ഷ്യം വഹിക്കുന്നത്. വിവരസാങ്കേതികവിദ്യയും ഇന്റര്‍നെറ്റും ഒക്കെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും വ്യാപ്തിയിലും വലിയ മാറ്റങ്ങള്‍ വരുത്തി. ഇത് ഒരു ഭാഗത്തു സംഭവിക്കുമ്പോള്‍ തന്നെ, മാനവികതയുടെ അതിവര്‍ത്തന മൂല്യങ്ങള്‍ ഉറപ്പിക്കുന്നതിന് ഉതകുന്നതാകണം വിദ്യാഭ്യാസം.

സ്തുത്യര്‍ഹമായ സേവനപ്രവര്‍ത്തനങ്ങളാണു തേവര സേക്രഡ് ഹാര്‍ട്ട് കോളജ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.