കരിമണല്‍ ഖനനത്തിനു സ്വകാര്യമേഖലയെ പരിഗണിക്കണം: ഹൈക്കോടതി
കരിമണല്‍ ഖനനത്തിനു സ്വകാര്യമേഖലയെ പരിഗണിക്കണം: ഹൈക്കോടതി
Saturday, November 29, 2014 11:50 PM IST
കൊച്ചി: സംസ്ഥാനത്തു കരിമണല്‍ ഖനനം നടത്തുന്നതിനു സ്വകാര്യമേഖലയെ പരിഗണിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണു ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. മണല്‍ ഖനനത്തിന് അനുമതി തേടി സ്വകാര്യകമ്പനികള്‍ സമര്‍പ്പിച്ച 16 അപേക്ഷകള്‍ പരിഗണിക്കണമെന്നു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതമായ അധികാരം മാത്രമാണുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനു വിരുദ്ധമായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതു നീതിനിഷേധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി, മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ എന്നിവര്‍ സമര്‍പ്പിച്ച മൂന്ന് അപ്പീലുകളാണു ഹൈക്കോടതി പരിഗണിച്ചത്. സിംഗിള്‍ ബെഞ്ചിന്റെ 2013 ഫെബ്രുവരി 21ലെ ഉത്തരവിനെതിരേ ഒന്നര വര്‍ഷം കഴിഞ്ഞാണു സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചതെന്നു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കരിമണല്‍ ഖനനം സംബന്ധിച്ച നയതീരുമാനം പരിഗണനയിലായിരുന്നു എന്നാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇത് അപ്പീലില്‍ സര്‍ക്കാര്‍ തന്നെ ഉന്നയിക്കുന്ന വാദത്തിനെതിരാണ്. അപ്പീലിന്റെ കാലതാമസം പരിഗണിക്കാതെ കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിഗണിച്ച് ഉത്തരവു നല്‍കുകയാണെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 1957ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് അപ്പീല്‍ പരിഗണിക്കേണ്ടത്. സംസ്ഥാനത്തു കരിമണല്‍ ഖനനം നടത്തുന്നതിന് 2009 നവംബര്‍ 30ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. സ്വകാര്യമേഖലയെ ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തള്ളിയാണ് 2008ലെ ദേശീയ ഖനനനയം അനുസരിച്ചു കേന്ദ്രം ഉത്തരവു നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനു വിരുദ്ധമായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.


സ്വകാര്യ- പൊതുമേഖലാ സംയുക്ത ഖനനത്തിന് അനുമതി നല്‍കാന്‍ 2003 മേയ് അഞ്ചിനു തീരുമാനമെടുത്തിരുന്നു. കേന്ദ്ര ആണവ-പരിസ്ഥിതി മന്ത്രാലയങ്ങളുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഖനനം അനുവദിക്കൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ആറാട്ടുപുഴയിലെ നാലു മേഖലകളില്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിലിക്കോണ്‍ തുടങ്ങി പട്ടികയില്‍ ഉള്‍പ്പെടാത്ത ധാതുക്കള്‍ 20 കൊല്ലത്തേക്കു ഖനനം ചെയ്യാനാണു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 2004ല്‍ ഇതു സംബന്ധിച്ച 13 അപേക്ഷകളില്‍ നാല് എണ്ണത്തിനു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. മറ്റ് ഒന്‍പത് അപേക്ഷകള്‍ നിരസിച്ചു.

ഖനനം നിര്‍ത്തുന്നതു വന്‍ സാമ്പത്തികനഷ്ടമുണ്ടാക്കുമെന്ന കേരള റെയര്‍ എര്‍ത്സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡിന്റെ ഹര്‍ജിയിലെ വാദം അംഗീകരിച്ച സിംഗിള്‍ ബെഞ്ച് സ്വകാര്യ-സംയുക്ത സംരംഭകരുടെ അപേക്ഷകള്‍ കൂടി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒരേ കമ്പനി പല സ്ഥലത്തു നല്‍കിയ വ്യത്യസ്ത അപേക്ഷകളില്‍ ഒരേ നയതീരുമാനമേ പാടുള്ളൂ എന്നു സിംഗിള്‍ ബെഞ്ച് വിലയിരുത്തിയിരുന്നു.

ധാതുക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ വിഷയമാണെങ്കിലും ഖനനത്തിനായി കണ്െടത്തിയിട്ടുള്ള കായല്‍ പുറമ്പോക്കും കടലോരവും സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലാണെന്നായിരുന്നു അപ്പീലിലെ ഒരു വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.