മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്നു കൊച്ചിയില്‍
മുന്‍ പ്രധാനമന്ത്രി  മന്‍മോഹന്‍ സിംഗ്  ഇന്നു കൊച്ചിയില്‍
Thursday, November 27, 2014 12:54 AM IST
കൊച്ചി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഇന്നു കൊച്ചിയിലെത്തും. നാളെ തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും കുമ്പളങ്ങിയിലുമാണ് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികള്‍. പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷം ഡോ. മന്‍മോഹന്‍ സിംഗിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.

ഇന്നു രാത്രി ഒന്‍പതിനു ഡല്‍ഹിയില്‍നിന്നുള്ള വിമാനത്തില്‍ നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം വിമാനത്താവളത്തിനു സമീപമുള്ള മാരിയറ്റ് കോര്‍ട്ട്യാര്‍ഡ് ഹോട്ടലില്‍ വിശ്രമിക്കും. സേക്രഡ് ഹാര്‍ട്ട് കോളജില്‍ നാളെ രാവിലെ 11നാണ് ആദ്യ പൊതുപരിപാടി. കോളജിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം മുന്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.


തേവര കോളജിലെ ചടങ്ങിനു ശേഷം ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി ബോള്‍ഗാട്ടി പാലസ് ഹോട്ടലിലെത്തും. 4.30നു കുമ്പളങ്ങിയിലെത്തുന്ന മന്‍മോഹന്‍ സിംഗ് അഞ്ചു പദ്ധതികളുടെ സംയുക്ത ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് നെടുമ്പാശേരിയില്‍ മാരിയറ്റ് കോര്‍ട്ട്യാര്‍ഡ് ഹോട്ടലിലെത്തി വിശ്രമം. 29നു രാവിലെ ഡല്‍ഹിക്കു മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.