മദ്യവിഷയം: കോടതി ഇടപെടലുകള്‍ നിരാശപ്പെടുത്തുന്നെന്നു സുധീരന്‍
മദ്യവിഷയം: കോടതി ഇടപെടലുകള്‍ നിരാശപ്പെടുത്തുന്നെന്നു സുധീരന്‍
Thursday, November 27, 2014 1:04 AM IST
ഇടുക്കി: മദ്യവിഷയത്തില്‍ കോടതി ഇടപെടലുകള്‍ നിരാശപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ജനകീയ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നടപടികളെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കോടതികള്‍ തടസപ്പെടുത്തുന്നതു ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കുന്നതിനു തുല്യമാണ്. നിയമ നിര്‍മാണം നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് ജനായത്ത സഭകള്‍ക്കാണ്. ഈ സഭയെടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കിയാണ്. ഇത്തരം തീരുമാനങ്ങളെ വിമര്‍ശിച്ചും മാറ്റിമറിച്ചും ഉണ്ടാകുന്ന ഇടപെടലുകള്‍ നിരാശപ്പെടുത്തുന്നതായി സുധീരന്‍ പറഞ്ഞു. ജനപക്ഷയാത്രയ്ക്കു ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളം ലഹരിയുടെ സ്വാധീനത്തിലാണ്. അനുദിനം ആപത്കരമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ വിപത്ത് സാമ്പത്തികമായും ആരോഗ്യപരമായും സാമൂഹികമായും നമ്മുടെ നാടിനെ പ്രതികൂലമായി ബാധിക്കുന്നതാണ്. നമ്മുടെ ഓരോ കുടുംബങ്ങളെയും യുവ തലമുറയെയും വഴിതെറ്റിക്കുന്ന ഈ മാരകമായ വിപത്തിനെ വേരോടെ പിഴുതെറിയേണ്ടത് നാടിന്റെ പുരോഗതിക്കും വികസനത്തിനും ആവശ്യമാണ്.

ഇടുക്കിയിലെ ജനങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ഒരു കാരണവശാലും കാലതാമസം പാടില്ലെന്ന നിലപാടാണ് കെപിസിസിയുടേത്. സമയബന്ധിതമായി ഇടുക്കിയിലെ ജനങ്ങള്‍ക്ക് പട്ടയം ലഭിക്കാന്‍ എല്ലാ നടപടിയും കെപിസിസി സ്വീകരിക്കും.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ അപലപനീയമായ നിലപാടാണു തമിഴ്നാട് സര്‍ക്കാരിന്റേത്. കേരളത്തിലെ ജനങ്ങളുടെ ഹ്യദയവികാരങ്ങളെയും ഭയാശങ്കകളെയും തെല്ലും മാനിക്കാതെ മുട്ടാപ്പോക്ക് സമീപനമാണ് തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്.

രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്കു നിരക്കാത്ത സമീപനമാണ് ഇതെന്നും സുധീരന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷി സംഘം ഉടന്‍ ഡല്‍ഹിക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ജനങ്ങളുടെ ജീവനെ പന്താടുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെടുന്നതോടെ ബിജെപി വീണ്ടും വര്‍ഗീയ അടവുകള്‍ പയറ്റുകയാണ്. രാജ്യത്ത് വീണ്ടും വര്‍ഗീയ കലാപങ്ങള്‍ പടരാന്‍ ഇതാണു കാരണമെന്ന് സുധീരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.