വ്യാപാരി വ്യവസായി സമിതി സംസ്ഥാന കണ്‍വന്‍ഷന്‍ 26ന്
Sunday, November 23, 2014 11:46 PM IST
ആലപ്പുഴ: വ്യാപാരിവ്യവസായി സമിതി സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ 26നു ആലപ്പുഴ ബീച്ചിലെ പനോരമിക് ഹാളില്‍ നടക്കും. രാവിലെ പത്തിന് ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെടും. നികുതി നിര്‍ദേശങ്ങളുടെ പേരില്‍ കടകളില്‍ സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ കാട്ടുന്ന അതിക്രമങ്ങള്‍ തടയുക, വ്യാപാര മേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഓംബുഡ്സ്മാന്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി മറ്റു സംഘടനകളുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിന് വ്യാപാരി സമിതി തയാറാണെന്ന് സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ അറിയിച്ചു.


ദേശീയപാത വികസനത്തിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെടുന്ന കച്ചവടക്കാര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുക,വ്യാപാരമേഖലയില്‍ ദൈനംദിനം ഇടപെടാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി വ്യാപാരസംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സ്ഥിരം സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ പ്രക്ഷോഭപരിപാടികള്‍ക്ക് കണ്‍വന്‍ഷന്‍ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.