മുഖപ്രസംഗം: നോക്കുകൂലി അന്യായവും അക്രമവും
Sunday, November 23, 2014 11:34 PM IST
അധ്വാനിക്കാതെ പ്രതിഫലം വാങ്ങുകയെന്നതു തൊഴിലിനോടുള്ള അവഹേളനമാണ്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു സമ്പ്രദായം കേരളത്തില്‍ അടുത്തകാലത്തു വേരുപിടിച്ചു. നോക്കുകൂലി എന്നാണതിന്റെ ഓമനപ്പേര്. പേരു ദ്യോതിപ്പിക്കുംപോലെ, ചെയ്യാതെ വെറുതെ ജോലി നോക്കിനില്‍ക്കുന്നതിനുള്ള കൂലിയാണത്. ചിലര്‍ ജോലി ചെയ്യുക, അതു നോക്കിനില്‍ക്കുന്ന വേറെ ചിലര്‍ കൂലി വാങ്ങിക്കൊണ്ടുപോവുക! ഇത് ഏതു വെള്ളരിക്കാപ്പട്ടണം എന്നു പണ്ടു ചോദിക്കാമായിരുന്നു. ആ വെള്ളരിക്കാപ്പട്ടണം കേരളമാണെന്നത് ഇന്നു പ്രസിദ്ധം.

നോക്കുകൂലി നമ്മുടെ നാടിന്റെ തൊഴില്‍ സംസ്കാരത്തിനു വലിയ നാണക്കേടാണ് ഉണ്ടാക്കിയിട്ടുള്ളത്. ഹൈക്കോടതി പലവട്ടം നോക്കുകൂലിക്കെതിരേ കടുത്ത പരാമര്‍ശനങ്ങള്‍ നടത്തി. രാഷ്ട്രീയ നേതാക്കളും ഇപ്പോള്‍ നോക്കുകൂലിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. ഒരുകാലത്തു നോക്കുകൂലി വാങ്ങുന്നവരെ സംരക്ഷിച്ചിരുന്ന പ്രസ്ഥാനങ്ങള്‍തന്നെ ഈ സമ്പ്രദായം അപലപനീയമാണെന്ന് ഇപ്പോള്‍ സമ്മതിക്കുന്നു. അതേസമയം, പല കക്ഷികളും നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളെ ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്.

നോക്കുകൂലിയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതു ഗുണ്ടാ നിയമത്തിന്റെ പരിധിയില്‍ വരുന്ന സാമൂഹ്യവിരുദ്ധ നടപടിയാണെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. ഒരു ചെറുകിട വ്യവസായ യൂണിറ്റില്‍ ക്രെയിനിന്റെ സഹായത്തോടെ യന്ത്രഭാഗങ്ങള്‍ ഇറക്കിയപ്പോള്‍ കുറേ തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരേ സ്ഥാപനത്തിന്റെ ഉടമ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

അധ്വാനിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരായിരുന്നു മലയാളി എന്നും. കായികാധ്വാനം കൂടുതല്‍ ആവശ്യമായവ ഉള്‍പ്പെടെ എല്ലാ തൊഴില്‍ രംഗങ്ങളിലും അധ്വാനത്തിലൂടെയാണു നാം നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. അധ്വാനിക്കുന്നത് അഭിമാനകരവും പണിയെടുക്കാത്തത് അപമാനകരവുമായി കരുതപ്പെടുന്ന നാടാണിത്, നൂറ്റാണ്ടുകളായി. അന്യനാടുകളില്‍ പോയി മലയാളികള്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായാണു കേരളം സാമ്പത്തികമായി ഇന്നത്തെ സ്ഥിതിയില്‍ എത്തിയതും. മറുനാട്ടില്‍ എല്ലുമുറിയെ പണിയെടുക്കാന്‍ വിമുഖതയില്ലാത്ത പലരും തിരികെയിവിടെയെത്തുമ്പോള്‍ അധ്വാനത്തിന്റെ ആ ശൈലി മറക്കുന്നതായാണു കാണുന്നത്. പണി ചെയ്യാതെ എങ്ങനെ പണമുണ്ടാക്കാമെന്നാണു പലരുടെയും ചിന്ത. നോക്കുകൂലി മുതല്‍ കോടിക്കണക്കിനു രൂപയുടെ കള്ളക്കടത്തും തൊഴില്‍തട്ടിപ്പും ഇടനില ഇടപാടുകളുംവരെ ഈ അലസസംസ്കാരത്തിന്റെ ഉത്പന്നങ്ങളാണ്.

കഠിനാധ്വാനം ആവശ്യമായ ജോലികള്‍ക്ക് ആളെ കിട്ടാത്ത അവസ്ഥ കേരളത്തില്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുകയാണ്. യന്ത്രവത്കരണമാണ് അതിനൊരു പരിഹാരം. യന്ത്രവത്കരണം ഏറിവരുന്നതു കയറ്റിറക്കുപോലുള്ള മേഖലകളില്‍ തൊഴിലില്ലായ്മ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ആ മേഖലകളിലെ തൊഴിലാളികള്‍ക്കു മറ്റു തൊഴില്‍ മേഖലകളിലേക്കു മാറുന്നതിനു യാതൊരു തടസവുമില്ല. പലരും അപ്രകാരം ചെയ്യുന്നുമുണ്ട്. ലക്ഷക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു സംസ്ഥാനത്തു നാട്ടുകാര്‍ക്ക് തൊഴിലവസരങ്ങള്‍ ഇല്ലെന്ന് എങ്ങനെ പറയാനാവും? എന്തു ജോലിയുംചെയ്യാന്‍ നാം തയാറല്ല എന്നതാണു വസ്തുത. ഏതു മനുഷ്യനും ചെയ്യാവുന്ന ജോലികളുണ്ട്. ഓരോരുത്തരുടെയും ആരോഗ്യവും താത്പര്യവും സാധ്യതയും അനുസരിച്ചു തൊഴില്‍ കണ്െടത്തുകയും ആത്മാര്‍ഥമായി ജോലി നിര്‍വഹിക്കുകയുമാണു വേണ്ടത്.


കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്കു സ്ഥലംമാറി വന്നൊരു ഐഎഎസ് ഉദ്യോഗസ്ഥയില്‍നിന്നു നോക്കുകൂലി ആവശ്യപ്പെട്ട അംഗീകൃത തൊഴിലാളി യൂണിയന്‍ നേതാവിനെതിരേ ഉദ്യോഗസ്ഥയ്ക്കു പോലീസില്‍ പരാതി നല്‍കേണ്ടിവന്നത് ഏതാനും മാസം മുമ്പാണ്. തലസ്ഥാനത്തുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? ഈ തൊഴിലാളി യൂണിയന്റെ മാതൃസംഘടനയായ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍തന്നെ നോക്കുകൂലിയെ പരസ്യമായി എതിര്‍ത്തിട്ടുള്ളവരാണ്. ആ പാര്‍ട്ടിയുടെ സമുന്നതനായൊരു നേതാവ് ഇക്കഴിഞ്ഞ ദിവസവും നോക്കുകൂലിക്കെതിരേ ഒരു ദിനപത്രത്തില്‍ ലേഖനമെഴുതി. നോക്കുകൂലി എന്നതു ഹീനമായൊരു സാമൂഹിക കാഴ്ചപ്പാടാണെന്നും അതു തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനു ചേര്‍ന്നതല്ലെന്നും മുന്‍മന്ത്രികൂടിയായ നേതാവ് ലേഖനമെഴുതിയ ദിവസംതന്നെയാണു നോക്കുകൂലിയുടെ പേരില്‍ നിയമവിരുദ്ധമായും അനധികൃതമായും പണം പിടുങ്ങുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ തൊഴിലാളികള്‍ നോക്കുകൂലി പോലുള്ള അനീതികളില്‍നിന്നു പിന്തിരിയാതിരിക്കില്ല. നോക്കുകൂലിപോലെതന്നെ എതിര്‍ക്കപ്പെടേണ്ടതാണ് കഴുത്തറപ്പന്‍ കയറ്റിറക്കുകൂലിയും വിവിധ തൊഴിലാളിയൂണിയനുകള്‍ തമ്മിലുള്ള അവകാശത്തര്‍ക്കങ്ങളും. ഇത്തരം കാര്യങ്ങളില്‍ നിയമങ്ങളും നിരക്കുകളും നോക്കുകുത്തികള്‍ മാത്രം. കൊച്ചി- മുസിരിസ് രണ്ടാം ബിനാലെയ്ക്കുവേണ്ടി സംസ്ഥാനത്തിനു പുറത്തുനിന്നു കൊണ്ടുവരുന്ന സാധനങ്ങള്‍ ഇറക്കുന്നതിനു നിലവിലുള്ള നിരക്കിന്റെ രണ്ടും മൂന്നും ഇരട്ടിയാണ് ആവശ്യപ്പെടുന്നതത്രേ. ഇതുമൂലം കലാവസ്തുക്കള്‍ ഇറക്കുന്നതു തടസപ്പെട്ടിരിക്കുകയാണ്. കൊച്ചി മെട്രോ നിര്‍മാണത്തിലും ഇത്തരം ചില തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.

സംഘടിത തൊഴിലാളി ശക്തിയുടെ പേരില്‍ അധികാരി ചമയുന്നത് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു. നീതിപീഠം പലതവണ ചൂണ്ടിക്കാണിച്ചിട്ടും, രാഷ്ട്രീയ നേതൃത്വങ്ങള്‍ പരസ്യപ്രസ്താവനകളിലൂടെ നോക്കുകൂലിയെ എതിര്‍ത്തിട്ടും ഇത്തരം അന്യായങ്ങള്‍ ഈ നാട്ടില്‍ അഴിഞ്ഞാട്ടം തുടരുന്നുവെങ്കില്‍ അത് ഒരുതരം അരാജകത്വമാണ്. അതിന് അറുതി കുറിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒട്ടും അമാന്തിക്കരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.