മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്
Thursday, October 30, 2014 12:30 AM IST
കുമളി: കനത്ത മഴയും നീരൊഴുക്കും തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തുകയാണ്. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 134.8 അടിയാണ്. രാവിലെ ജലനിരപ്പ് 134.4 അടിയായിരുന്നു.

ഇന്നലെ ഒന്നര അടിയുടെ വര്‍ധനയാണുണ്ടായത്. സെക്കന്‍ഡില്‍ 3,698 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ചൊവ്വാഴ്ച സെക്കന്‍ഡില്‍ 3211 ഘനയടി വെള്ളമാണ് ഒഴുകിയെത്തിയിരുന്നത്. സെക്കന്‍ഡില്‍ 457 ഘനയടിയുടെ വര്‍ധനയാണുണ്ടായത്.

ചൊവ്വാഴ്ച കനത്ത മഴയാണു പെയ്തത്. അണക്കെട്ട് പ്രദേശത്തു ചൊവ്വാഴ്ച 46.6 മില്ലിമീറ്ററും തേക്കടിയില്‍ 35 മില്ലിമീറ്ററും മഴ പെയ്തു. ഇന്നലെ അണക്കെട്ട് പ്രദേശത്ത് 25.4 മില്ലിമീറ്ററും തേക്കടിയില്‍ 24.2 മില്ലിമീറ്ററും മഴ പെയ്തു.

വനത്തില്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ പകലും ശക്തമായ മഴയുള്ളതിനാല്‍ നീരൊഴുക്ക് വീണ്ടും ഉയരാനിടയാകും. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇന്ന് ജലനിരപ്പ് 136 അടിയിലെത്തുമെന്നാണു തമിഴ്നാടിന്റെ കണക്കുകൂട്ടല്‍. ജലനിരപ്പ് 142 അടിയാക്കാനുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്നു തമിഴ്നാട് സ്പില്‍വേയുടെ ഷട്ടറുകള്‍ താഴ്ത്തിയിരിക്കുകയാണ്. ഇതിനുമുമ്പ് ജലനിരപ്പ് 136 അടി പിന്നിട്ടാല്‍ അധികജലം സ്പില്‍വേയിലൂടെ പെരിയാറ്റിലേക്ക് ഒഴുകുകയായിരുന്നു.


മുന്നറിയിപ്പില്ലാതെ മലങ്കര ഡാം തുറന്നു

തൊടുപുഴ: മുന്നറിയിപ്പില്ലാതെ മലങ്കര അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നതോടെ തൊടുപുഴ ആറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. രണ്ട് മീറ്ററോളമാണു ഷട്ടറുകള്‍ തുറന്നത്. മുന്നറിയിപ്പില്ലാതെ തുറന്നതില്‍ ജനരോഷം ഉയര്‍ന്നതോടെ അഞ്ചു മിനിറ്റിനു ശേഷം ഷട്ടറുകള്‍ അടച്ചു. ഡാമില്‍ വെള്ളം ഉയര്‍ന്നതിനാലാണു മുന്നറിയിപ്പു നല്‍കാതെ ഡാം തുറന്നതെന്നാണ് അധികൃതര്‍ പറയുന്നത്. മുന്നറിയിപ്പ് നല്‍കിയിട്ടേ സാധാരണ ഷട്ടറുകള്‍ തുറക്കാറുള്ളൂ.

രാത്രിയില്‍ തൊടുപുഴ ആറിന്റെ ഇരുകരകളിലും കുളിക്കാനും മറ്റുമായി നിരവധി പേര്‍ എത്താറുണ്ട്. വെള്ളം പെട്ടെന്ന് ഉയരുന്നതുമൂലം ഇവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്.

ഇടുക്കിയില്‍ 0.84 അടി വെള്ളം ഉയര്‍ന്നു

ചെറുതോണി: ഇടുക്കിയില്‍ മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി. 2381.36 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 75.28 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. പദ്ധതിപ്രദേശത്തു രണ്ടുമില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്.മൂലമറ്റത്ത് ഇന്നലെ 7.630 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 57756.92 ദശലക്ഷം ഘനയടി ജലം അണക്കെട്ടില്‍ നിലവിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.