മദ്യനയം വന്നശേഷം ഉപഭോഗം കുറഞ്ഞു; വരുമാനത്തില്‍ വര്‍ധനയെന്നും മന്ത്രി ബാബു
മദ്യനയം വന്നശേഷം ഉപഭോഗം കുറഞ്ഞു; വരുമാനത്തില്‍ വര്‍ധനയെന്നും മന്ത്രി ബാബു
Saturday, October 25, 2014 12:09 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മദ്യനയം നിലവില്‍ വന്നശേഷം സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ഉപഭോഗത്തില്‍ നാലു ശതമാനത്തിന്റെ കുറവുണ്ടായതായി എക്സൈസ് മന്ത്രി കെ. ബാബു. പൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ചു മദ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചു ബിയര്‍ വില്‍പനയിലും ഏഴു ശതമാനത്തിന്റെ കുറവുണ്ടായി. 2013 സെപ്റ്റംബര്‍ വരെ 120.70 ലക്ഷം കെയ്സ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണു ബിവറേജസ് കോര്‍പറേഷന്‍ വഴി വിറ്റഴിച്ചതെങ്കില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ ഇത് 116.15 ലക്ഷം കെയ്സായി കുറഞ്ഞു. നാലു ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ ഓഗസ്റ് വരെ ഒരു ശതമാനം കുറവാണുണ്ടായിരുന്നതെങ്കില്‍ സെപ്റ്റംബറില്‍ ഇതു നാലു ശതമാനമായി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെ 50.63 ലക്ഷം കെയ്സ് ബിയറാണു വിറ്റതെങ്കില്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ 46.94 ലക്ഷം കെയ്സായി വില്‍പന കുറഞ്ഞു. കഴിഞ്ഞ ഓഗസ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ഒരു ശതമാനത്തിന്റെ കുറവ് ഉണ്ടായതായും മന്ത്രി പറഞ്ഞു.

എന്നാല്‍, നികുതി വര്‍ധിപ്പിച്ചതിനാല്‍ വരുമാനത്തില്‍ എട്ടു ശതമാനം വര്‍ധനയുണ്ടായി. മുന്‍വര്‍ഷം ഇതേ കാലളയവില്‍ 4578.19 കോടി രൂപയാണു വരുമാനമെങ്കില്‍ ഈ സെപ്റ്റംബറില്‍ ഇത് 4939.29 കോടിയായി ഉയര്‍ന്നു. 361.1 കോടി രൂപയുടെ അധികവരുമാനം കഴിഞ്ഞ മാസമുണ്ടായി. വില്‍പന നികുതി ഇനത്തില്‍ 12 ശതമാനവും സര്‍ചാര്‍ജ് ഇനത്തില്‍ 37 ശതമാനവും സെസ് ഇനത്തില്‍ 13 ശതമാനവും വര്‍ധിച്ചു.

ബാറുകള്‍ അടച്ചുപൂട്ടിയതുമൂലം തൊഴില്‍ നഷ്ടമുണ്ടായ 7,463 തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് തയാറാക്കും. ഇവര്‍ക്കു പിഎഫ് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കും. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റര്‍ ചെയ്തവര്‍ക്ക് 1000 രൂപ വീതം പെന്‍ഷന്‍ നല്‍കും. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിലേക്കു ശിപാര്‍ശ ചെയ്തിട്ടുണ്ട്.


ബിവറേജസ് കോര്‍പറേഷനിലേക്കു പിഎസ്സി അഡ്വൈസ് ചെയ്ത മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കും. ഒരാള്‍ക്കു പോലും ജോലി കൊടുക്കാതിരുന്നിട്ടില്ല. ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരും ബാര്‍ തൊഴിലാളികളും അടക്കമുള്ളവരുടെ കണക്കെടുക്കാന്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റിനെ (സിഎംഡി) ചുമതലപ്പെടുത്തി.

25,000 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ബിവറേജസ് കോര്‍പറേഷനില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കില്ല. ഇക്കാര്യത്തില്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കും. പിഎസ്സി വഴി 892 പേര്‍ക്കു ബിവറേജസില്‍ നിയമനം നല്‍കി. ദിവസവേതനത്തിനു നിയമിച്ച 806 പേരെ പിന്നീടു സ്ഥിരപ്പെടുത്തിയിട്ടുണ്െടന്നും മന്ത്രി കെ. ബാബു പറഞ്ഞു.

മദ്യഷാപ്പുകള്‍ പൂട്ടുമെന്ന സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നു മദ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നയത്തില്‍ നിന്നു പിന്നോട്ടു പോകാനാകില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിയും അറിയിച്ചു. തൊഴിലാളി പുനരധിവാസം സംബന്ധിച്ച്

വിശദമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി കെ. ബാബു പറഞ്ഞു. തൊഴില്‍ മന്ത്രി ഷിബുബേബിജോണും വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.