കെ.സി. കിടങ്ങൂര്‍ അന്തരിച്ചു
കെ.സി. കിടങ്ങൂര്‍ അന്തരിച്ചു
Tuesday, October 21, 2014 12:34 AM IST
അങ്കമാലി: മുന്‍കാല കോണ്‍ഗ്രസ് നേതാവും സാഹിത്യകാരനുമായ കെ.സി. കിടങ്ങൂര്‍ (82) അന്തരിച്ചു. 1993ല്‍ ഉണ്ടായ വാഹനാപകടത്തെത്തുടര്‍ന്നു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്കാരം ഇന്നു നാലിനു കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍.

അങ്കമാലി കിടങ്ങൂര്‍ ഗ്രാമത്തില്‍ 1933 മേയ് 24ന് കൂരന്‍ കല്ലൂക്കാരന്‍ ചെറിയാന്റെയും റോസമ്മയുടെയും മകനായാണ് ജനനം. കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് എല്‍പി സ്കൂള്‍, തുറവൂര്‍ സെന്റ് അഗസ്റിന്‍ യുപി സ്കൂള്‍, അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, കാലടി ശ്രീശങ്കര കോളജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. സ്റുഡന്റ് ഫെഡറേഷനിലൂടെയാണു പൊതുരംഗത്തേക്കു പ്രവേശിച്ചത്. 1954ല്‍ ഡിസിസി അംഗം, 1967ല്‍ കെപിസിസി അംഗം, 1970ല്‍ എഐസിസി അംഗം എന്നീ നിലകളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശോഭിച്ചു. ദേശീയ നേതാക്കളായ ഇന്ദിരാഗാന്ധി, വി.പി. സിംഗ്, ദേവഗൌഡ, ജഗജീവന്‍ റാം, ഫക്രുദീന്‍ അലി അഹമ്മദ് തുടങ്ങിയവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. 1952 മുതല്‍ ഫാ. വടക്കന്‍ നയിച്ച കമ്യൂണിസ്റ് വിരുദ്ധ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവായി പ്രവര്‍ത്തിച്ചു. 1970-84 കാലഘട്ടത്തില്‍ ബാംബൂ കോര്‍പറേഷന്‍ സ്ഥാപക ഡയറക്ടറായിരുന്നു. ദേശാഭിമാനി പത്രത്തില്‍ ഐഎന്‍ടിയുസി യൂണിയന്‍ സംഘടിപ്പിച്ചു ശ്രദ്ധേയനായി. അങ്കമാലിയില്‍നിന്നു ധര്‍മദീപം എന്ന പത്രം ഇദ്ദേഹത്തിന്റ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1950-60 കാലഘട്ടത്തില്‍ കൊലയാളികള്‍, ഇവിടമാണ് നിന്റെ ശവകുടീരം, ചോരപുരണ്ട വോട്ടുകള്‍ എന്നീ രാഷ്ട്രീയ നാടകങ്ങളും, ലൌലെറ്റര്‍, തങ്ക കൊട്ടാരം എന്നീ സമൂഹ്യനാടകങ്ങളും, 1997ല്‍ അന്ത്യകിതപ്പ് എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. ഒരു ധിക്കാരിയുടെ കുമ്പസാരം എന്ന നോവലും രചിച്ചു. ഏതാണ്ട് 140 ട്രേഡ് യൂണിയനുകള്‍ക്ക് കെ.സി. കിടങ്ങൂര്‍ നേതൃത്വം നല്‍കി. ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നു.


ഭാര്യ: ഇടപ്പള്ളി തായങ്കരി കുടുംബാംഗം എല്‍സി. മക്കള്‍: സൈര, സൈജൂണ്‍ സി. കിടങ്ങൂര്‍ (സിറാജ്), അഡ്വ. സൈബി സി. കിടങ്ങൂര്‍ (ഹൈക്കോടതി), സരിത (ഡിപോള്‍ കോളജ്, അങ്കമാലി). മരുമക്കള്‍: താണിശേരി പോട്ടപ്പറമ്പന്‍ ജോണി, കുണ്ടൂര്‍ അയ്നിക്കല്‍ ലീന, ചിറ്റൂര്‍ കോലത്തറ അമ്പിളി, മൂക്കന്നൂര്‍ മൂലന്‍ മൂഴ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.