ബിജുവിനു സര്‍വം ഗാന്ധിമയം
ബിജുവിനു സര്‍വം ഗാന്ധിമയം
Thursday, October 2, 2014 12:12 AM IST
മാവേലിക്കര: മനസുനിറയെ ഗാന്ധിജിയുമായി കഴിയുന്ന മാവേലിക്കര ബിജു വില്ലയില്‍ ബിജു ജോസഫിന് മകന്റെ പേരിനൊപ്പം ഗാന്ധിയെന്നു ചേര്‍ക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഗാന്ധി ജോസഫ് ജോണ്‍ എന്നാണു മകന്റെ പേര്. മനസില്‍ അലിഞ്ഞു ചേര്‍ന്ന ഗാന്ധിജിയുടെ ഭിന്നഭാവങ്ങളെ ശില്പങ്ങളുടെ രൂപത്തില്‍ പുനരാവിഷ്കരിക്കുന്നതും അദ്ദേഹത്തിനു ഹരമാണ്. ഇതിനോടകം പതിനേഴോളം ഗാന്ധിശില്പങ്ങള്‍ അദ്ദേഹം സൌജന്യമായി നിര്‍മിച്ചു സ്ഥാപിച്ചുകഴിഞ്ഞു.

ബിജു ജോസഫിനു ചെറുപ്പം മുതലേ മഹാത്മാവിനോടു കടുത്ത ആരാധനയായിരുന്നു. സ്കൂള്‍ കാലഘട്ടം മുതല്‍തന്നെ ശില്പകലയിലും ചിത്രരചനയിലും മികവ് തെളിയിച്ചിരുന്നു. തൊഴില്‍കൊണ്ട് ഇന്റീരിയര്‍ ഡിസൈനറാണു ബിജു. ഇതില്‍നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഗാന്ധിശില്പങ്ങളുടെ നിര്‍മാണത്തിനായി ചെലവഴിക്കാന്‍ ഒരു മടിയുമില്ല. ഇങ്ങനെ നിര്‍മിക്കുന്ന ഗാന്ധിശില്പങ്ങള്‍ സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും സൌജന്യമായി സ്ഥാപിക്കും. ഗാന്ധി ആദര്‍ശങ്ങളുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന പീസ് ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുകൂടിയാണു ബിജു.

പീസ് ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗാന്ധിപ്രതിമയും സബര്‍മതിയിലെ ഒരുപിടി മണ്ണും എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കിവരികയാണ് ഇദ്ദേഹം. ഗാന്ധിജയന്തിയോടനുബന്ധിച്ചു തമിഴ്നാട്ടിലെ പൊള്ളാച്ചി, കൃഷ്ണപുരം, മാവേലിക്കര, പാറത്തോട്, കോട്ടയം, കോഴിക്കോട് തുടങ്ങിയ ഇരുപതോളം സ്ഥലങ്ങളില്‍ ഗാന്ധിപ്രതിമയും സബര്‍മതിയിലെ ഒരുപിടി മണ്ണും എന്ന പദ്ധതി നടപ്പിലാക്കുന്നു. പുതിയ തലമുറയ്ക്കു ഗാന്ധിജിയുടെ ആശയങ്ങള്‍ മനസിലാക്കിക്കൊടുക്കുകയാണ് തന്റെയും പീസ് ഫൌണ്േടഷന്റെയും ലക്ഷ്യമെന്ന് ബിജു ജോസഫ് പറയുന്നു.


കുട്ടികളിലും മുതിര്‍ന്നവരിലും ഗാന്ധി സ്മൃതികള്‍ ഉണര്‍ത്തുന്നതിനായി ഗാന്ധിജിയുടെ അര്‍ധകായ പ്രതിമകള്‍ക്കൊപ്പം സബര്‍മതിയിലെ ഗാന്ധിയുടെ പാദസ്പര്‍ശമേറ്റ ഒരു പിടി മണ്ണും കാണത്തക്ക രീതിയില്‍ പ്രതിമയില്‍ ക്രമീകരിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കളക്ടറേറ്റിനു മുന്നിലെ ഗാന്ധി പ്രതിമ മുതല്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലടക്കം പതിനേഴ് ഇടങ്ങളില്‍ ഇതുവരെ ഈ പദ്ധതി നടപ്പിലാക്കി. ലോക സമാധാനത്തിന്റെ പ്രതീകമായി പ്രത്യേകരീതിയില്‍ ഡിസൈന്‍ ചെയ്ത ഗാന്ധിജിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ചിത്രീകരിക്കുന്ന 154 ശില്പങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള തയാറെടുപ്പിലാണു ബിജു ജോസഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.