കാഴ്ചയില്ലാത്തവരുടെ സംഗീതമാധുരി നുകരാന്‍ ആസ്വാദകരേറെ
കാഴ്ചയില്ലാത്തവരുടെ സംഗീതമാധുരി  നുകരാന്‍ ആസ്വാദകരേറെ
Thursday, October 2, 2014 12:26 AM IST
ജോമി കുര്യാക്കോസ്

കോട്ടയം: പ്രകൃതിയെ കാണാന്‍ കണ്ണുകളില്ലെങ്കിലും ഇത്തിത്താനം ചിറവംമുട്ടം പഞ്ചശ്രീ നാദകളരിയില്‍ അന്ധരായ ഗുരുവും ശിക്ഷ്യരും സമ്മാനിക്കുന്നത് സംഗീതത്തിന്റെ ഏഴ് സ്വരങ്ങള്‍. ചങ്ങനാശേരി ഈരയിലെ പാടശഖരങ്ങള്‍ അതിരിടുമ്പോള്‍ കേള്‍ക്കുന്നതു വഴിഞ്ഞൊഴുകുന്ന നാദമാധുരി. അകകണ്ണിലെ ഇരുളില്‍നിന്നും സംഗീതമാധുരി പുതുതലമുറയ്ക്കു പകര്‍ന്നു നല്കുകയാണു വി.കെ. കരുണാകരന്‍ ഭാഗവതരും ശിഷ്യരായ ഈര ജി. ശശികുമാറും ചങ്ങനാശേരി എന്‍. ഗോപകുമാറും. ഇവര്‍ സംഗീതശിക്ഷണം നല്‍കാന്‍ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടുകള്‍ പിന്നിട്ടു.

പൂരംപടയണിയുടെ നാടായ നീലംപേരൂരിലാണ് ഇരുവരുടെയും സംഗീതപ്രഭ ചൊരിയുന്ന കളരികള്‍. ശശികുമാറാണു പഞ്ചശ്രീ നാദകളരിക്ക് 1994ല്‍ തുടക്കം. അന്ധനായ വി.കെ. കരുണാകരന്‍ ഭാഗവതരുടെ നേതൃത്വമായിരുന്നു ഇതിനുപിന്നില്‍. ആദ്യകാലങ്ങളില്‍ ഏതാനും കുട്ടികള്‍ മാത്രമാണു കളരിയില്‍ എത്തിയിരുന്നത്. അന്ധര്‍ എങ്ങനെ പഠിപ്പിക്കും എന്നതായിരുന്നു പലരും ഉയര്‍ത്തിയ വിമര്‍ശനം. കുരുന്നുകള്‍ അടക്കം ഒട്ടേറെ കുട്ടികള്‍ പഠനകളരിയില്‍നിന്നു പരിശീലനം നേടി പുറത്തിറങ്ങിയതോടെ വിമര്‍ശകരുടെ വായടങ്ങി.

തുശ്ചമായ വരുമാനത്തില്‍നിന്നാണ് ഭാഗവതരും ശശികുമാറും കളരിയുമായി നീങ്ങിയത്. മുന്നോട്ടുള്ള യാത്രയ്ക്കിടയില്‍ അടുത്തസുഹൃത്തും കാഴ്ചപൂര്‍ണമായി നശിച്ച ഗോപകുമാറും ഒപ്പംചേര്‍ന്നു. ഇപ്പോള്‍ ശശികുമാറും ഗോപകുമാറും അടങ്ങുന്ന സംഘമാണ് സംഗീതാഭ്യാസമായി മുന്നോട്ടുപോകുന്നത്. രണ്ടു പതിറ്റാണ്ടിനിടെ ആയിരത്തിലേറെ ശിക്ഷ്യര്‍ കലാകളരിയില്‍നിന്നു സംഗീതോപാസന പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഇതില്‍ ചലചിത്ര പിന്നണിരംഗത്ത് എത്തിയവരുമുണ്ട്. കാഴ്ചന്യൂനതയുള്ള ശശികുമാറിനും ഗോപകുമാറിനും കുട്ടിക്കാലത്തുതന്നെ ശാസ്ത്രീയ സംഗീതത്തോടായിരുന്നു പ്രിയം. രണ്ടുകാലഘട്ടങ്ങളിലായി ഇരുവരും സ്വാതി തിരുനാള്‍ സംഗീത കോളജില്‍നിന്നും ഗാനഭൂഷണം, ഗാനപ്രവീണ ബിരുദങ്ങള്‍ നേടി. ശശികുമാര്‍ പാട്ടിനെ സ്നേഹിച്ചപ്പോള്‍ ഗോപകുമാറിനു മൃദംഗത്തെ കൂടെക്കൂട്ടി.


പ്രശസ്തരായ സംഗീതജ്ഞരുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് നീലംപേരൂരില്‍ പഞ്ചശ്രീ കലാപീഠം തുടങ്ങുന്നത്. കലാപീഠത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ശശികുമാര്‍ സംഗീതകച്ചേരിയും നടത്തുന്നുണ്ട്. കാഴ്ചാ വൈകല്യത്തിന്റെ പേരില്‍ ചിലര്‍ സംഗീതസദസുകളില്‍നിന്നും ഇരുവരെയും മാറ്റിനിര്‍ത്തിയ സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ ദുഖഃസാന്ദ്രമാകുമെന്നു ശശികുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.