മുഖപ്രസംഗം: തെരുവുനായകളില്‍നിന്നു ജനങ്ങളെ രക്ഷിക്കണം
Thursday, October 2, 2014 11:53 PM IST
തെരുവുനിറയെ നായക്കൂട്ടം. രാത്രിയും പകലും വ്യത്യാസമില്ല. നഗര- ഗ്രാമ വ്യത്യാസമില്ല. ഭീതിജനകമായ ഒരു സാഹചര്യമാണ് ഇതു സൃഷ്ടിച്ചിരിക്കുന്നത്. ദിവസേന സംസ്ഥാനത്തു പലേടത്തും നായകളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിക്കേല്‍ക്കുന്നതിന്റെ വാര്‍ത്തകള്‍ കേള്‍ക്കാം. ഗൌരവമേറിയ ഒരു സാമൂഹ്യ-പരിസ്ഥിതി പ്രശ്നമായി മാറിയിട്ടുണ്ട് ഇത്. പക്ഷേ അധികാരികളും ഇക്കാര്യത്തില്‍ നടപടികള്‍ എടുക്കാന്‍ ചുമതലപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളും വിഷയത്തെ വേണ്ടത്ര ഗൌരവത്തില്‍ എടുത്തു കാണുന്നില്ല.

ഈ പശ്ചാത്തലത്തിലാണു 'നായപ്പട തെരുവില്‍, നാട്ടുകാര്‍ തടവില്‍' എന്ന പഠന പരമ്പര ദീപിക പ്രസിദ്ധീകരിച്ചത്. പല മാനങ്ങളുള്ള ഒന്നാണു തെരുവുനായ പ്രശ്നം. അതിന്റെ പരിഹാരത്തിനും പല തലങ്ങളിലുള്ള നടപടികള്‍ ആവശ്യമാണ്. ഗവണ്‍മെന്റും സന്നദ്ധ സംഘടനകളും തദ്ദേശഭരണ സ്ഥാപനങ്ങളുമൊക്കെ കൈകോര്‍ത്തു നീങ്ങിയാലേ അതു സാധിക്കൂ.

പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ക്കും സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കുമൊക്കെ ഭീതിയുണര്‍ത്തുന്ന നായക്കൂട്ടങ്ങളുടെ തേര്‍വാഴ്ച അവസാനിപ്പിക്കാന്‍ ശാസ്ത്രീയമായ നടപടികളാണു വേണ്ടത്. നായകള്‍ക്ക് ഇഷ്ടംപോലെ ഭക്ഷണം ലഭിക്കുന്ന സ്ഥലമായി തെരുവുകള്‍ മാറിയതാണു നായപ്പെരുപ്പത്തിന്റെ മുഖ്യകാരണം. ഈ അവസ്ഥയ്ക്കു മാറ്റം വരുമ്പോഴേ നായപ്പെരുപ്പത്തിനു സ്വാഭാവിക ശമനമുണ്ടാകൂ. നാട്ടില്‍പുറത്തായാലും നഗരങ്ങളിലായാലും തെരുവിലേക്കു ഭക്ഷണവസ്തുക്കളും നായകള്‍ക്ക് ഇഷ്ടപ്പെട്ട മത്സ്യമാംസാദികളും അവയുടെ അവശിഷ്ടങ്ങളുമൊക്കെ വലിച്ചെറിയുന്നതാണല്ലോ നമ്മുടെ നാട്ടിലെ ശീലം. ഭക്ഷണം സുലഭമായി കിട്ടിയാല്‍ നായകള്‍ അവിടെ തമ്പടിക്കും; പെറ്റു പെരുകും. ഭക്ഷണാവശിഷ്ടങ്ങളും മറ്റും വലിച്ചെറിയുന്ന പ്രവണത തീര്‍ത്തും ഇല്ലാതായാല്‍ ആ ജീവികള്‍ ഇങ്ങനെ പെരുകുകയില്ല.

അതു സാധിക്കുംമുമ്പ് അവയുടെ പെരുപ്പവും അവയെക്കൊണ്ടുള്ള ഉപദ്രവവും കുറയ്ക്കേണ്ടതുണ്ട്. നായകളെ പേടിച്ചു വഴിയിലിറങ്ങി നടക്കാനോ പിഞ്ചുകുഞ്ഞുങ്ങളെ സ്കൂളിലയയ്ക്കാനോ പറ്റില്ലെന്നു വരുന്നത് ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല. അതുകൊണ്ടുതന്നെ നായശല്യം തീര്‍ക്കാന്‍ ഭരണകൂടം മുന്നിട്ടിറങ്ങിയേ മതിയാകൂ. മനുഷ്യന്‍ ഭയപ്പാടോടെ മാത്രം ഓര്‍ക്കുന്ന പേവിഷബാധയ്ക്കു കാരണമാകാവുന്നതാണു നായയുടെ കടിയും മറ്റും.

നായകളെ പിടികൂടി കൊല്ലുന്നതു കോടതി വിലക്കിയിട്ടുണ്ട്. എന്നാല്‍, അവയെ പിടികൂടി വന്ധ്യംകരിക്കുന്നതിനു നിയമതടസമില്ല. വന്ധ്യംകരണവും ഒപ്പം പേവിഷബാധയ്ക്കെതിരായ വാക്സിനേഷനും നടത്തിയാല്‍ നായക്കൂട്ടത്തെപ്പറ്റിയുള്ള ഭയാശങ്ക കുറേ കുറയ്ക്കാനാവും. ഓരോ ജില്ലയിലും ആയിരക്കണക്കിനു പേര്‍ക്കാണ് ഓരോ വര്‍ഷവും നായയുടെ കുടിയേല്‍ക്കുന്നത്. കടിയേല്‍ക്കുന്നവര്‍ നിശ്ചിത ദിവസങ്ങള്‍ ഇടവിട്ടുള്ള കുത്തിവയ്പ് എടുക്കേണ്ടിവരുന്നു. അതു ചെയ്തില്ലെങ്കില്‍ വരാവുന്ന ദുരന്തം ഭയന്ന് എല്ലാവരും ആഴ്ചകള്‍ നീളുന്ന ആ ചികിത്സാക്രമത്തിനു വിധേയരാകുന്നു. പലപ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷത്തിനെതിരായ വാക്സിനുകള്‍ ഉണ്ടാകാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചു ഗണ്യമായ പണം ചെലവാക്കേണ്ടിയും വരുന്നു.


നായശല്യം ഒരു സാമൂഹ്യപ്രശ്നമാണെന്നതിനൊപ്പം അതു സമൂഹം മുഴുവനും കൂടി ഉണ്ടാക്കിയതും സമൂഹം തന്നെ വളര്‍ത്തുന്നതുമായ പ്രശ്നമാണെന്നു കൂടി മനസിലാക്കേണ്ടതുണ്ട്. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ പ്രായമാകുകയോ രോഗം മൂലം അവശരാകുകയോ ചെയ്യുമ്പോള്‍ അവയെ വഴിയില്‍ തള്ളുന്നവര്‍ കുറവല്ല. നായക്കുട്ടികള്‍ ഉണ്ടായാല്‍ അവയും വഴിയിലേക്ക് എറിയപ്പെടുന്നു. സ്വന്തം മുറ്റത്തുനിന്നു മാലിന്യം പൊതുസ്ഥലത്തേക്കു നീക്കി സ്വന്തം പരിസരശുചിത്വം ഉറപ്പുവരുത്തുന്ന മലയാളിയുടെ മറ്റൊരു വൃത്തികെട്ട ശീലമാണിത്. ഇതിന്റെ കൂടെ നാടെങ്ങും നായകള്‍ക്കു സുലഭമായി തീറ്റ കിട്ടുന്നതും ചേരുമ്പോള്‍ നായപ്പട ഇനിയും വലിയ ഭീഷണിയാകുമെന്നുറപ്പാണ്.

സമൂഹം ഉണ്ടാക്കുന്നതും സമൂഹം അനുഭവിക്കുന്നതുമായ പ്രശ്നത്തിന്റെ പരിഹാരത്തിനു സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങണം. നായകള്‍ കടിച്ചു കുറേപ്പേര്‍ക്കു പേവിഷബാധ ഉണ്ടാകുന്നതുപോലുള്ള ദുരന്തങ്ങള്‍ക്കു കാത്തിരിക്കാതെ വേഗം നടപടി എടുക്കണം. ഇപ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങളൊന്നും തന്നെ നായശല്യം നിയന്ത്രിക്കാന്‍ നടപടി എടുക്കുന്നില്ല. ഇതിനായി ഫണ്ട് അനുവദിച്ചിട്ടില്ല എന്നതു തന്നെയാണു പ്രധാന പ്രശ്നം. ഒപ്പം അതിനുവേണ്ട ആള്‍ക്കാരുടെയും സൌകര്യങ്ങളുടെയും കുറവും ഉണ്ട്.

നേതാക്കളും ഉന്നതോദ്യോഗസ്ഥരും സമൂഹത്തിലെ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കുന്ന മറ്റാള്‍ക്കാരുമൊക്കെ സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്ന കാലമാണിത്. ഒട്ടുമിക്കവരുടെയും കുട്ടികളെ സ്കൂളുകളിലയയ്ക്കുന്നതും വാഹനങ്ങളില്‍ത്തന്നെ. പ്രഭാതസവാരി നടത്താന്‍പോലും വാഹനങ്ങളില്‍ നിശ്ചിത സ്റേഡിയങ്ങളിലെത്തി സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കുന്നവരാണ് ഇത്തരം വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടവര്‍. പൊതുനിരത്തുകളില്‍ നടക്കേണ്ടിവരുന്ന പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരുടെ മുന്നില്‍ മരണഭീതി ഉയര്‍ത്തി പാഞ്ഞെത്തുന്ന നായക്കൂട്ടങ്ങള്‍ അവരെ പേടിപ്പിക്കുന്നില്ലല്ലോ. അവരെ ചലിപ്പിക്കാവുന്ന വലിയ ദുരന്തങ്ങള്‍ക്കു കാത്തിരിക്കാതെ ഇപ്പോള്‍തന്നെ നായശല്യത്തിനെതിരേ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടിയിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.