അധ്യാപക ബാങ്ക് രൂപീകരണത്തില്‍ ആശങ്ക വേണ്ട: മന്ത്രി അബ്ദു റബ്
അധ്യാപക ബാങ്ക് രൂപീകരണത്തില്‍  ആശങ്ക വേണ്ട: മന്ത്രി അബ്ദു റബ്
Wednesday, October 1, 2014 12:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ അധികമായുള്ള അധ്യാപകരെ ഉള്‍പ്പെടുത്തി അധ്യാപക ബാങ്കു രൂപീകരിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് ഉടന്‍ തീരുമാനം എടുക്കും. അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി ഏഴായിരത്തിലധികം അധ്യാപകരാണ് അധികമായുള്ളത്.

അധ്യാപകരെ പുനര്‍വിന്യസിക്കുന്നതിലും അധ്യാപക ബാങ്ക് രൂപീകരിക്കുന്നതിലും ആശങ്ക വേണ്ട. പൊതുവിദ്യാഭ്യാസ രംഗം പൂര്‍ണമായും സംരക്ഷിച്ച് സംതൃപ്തമായ അധ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2011ലെ അധ്യാപക പാക്കേജിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ചര്‍ച്ചയില്‍ സംഘടനാ നേതാക്കള്‍ക്ക മന്ത്രി ഉറപ്പു നല്കി.


വിദ്യാഭ്യാസ ചട്ടഭേദഗതിയുടെ ഭാഗമായി കൊണ്ടുവന്ന ജില്ലാതല അധ്യാപക അപ്രൈസല്‍ കമ്മിറ്റി സംബന്ധിച്ച ആശങ്കകളും ചര്‍ച്ച ചെയ്യും. അപ്രൈസല്‍ കമ്മിറ്റിയില്‍ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തിയതിലുള്ള ആശങ്ക സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.