നികുതിവര്‍ധനയില്‍ ഭേദഗതി ആവശ്യപ്പെട്ടു കെപിസിസി
നികുതിവര്‍ധനയില്‍ ഭേദഗതി  ആവശ്യപ്പെട്ടു കെപിസിസി
Tuesday, September 23, 2014 12:11 AM IST
തിരുവനന്തപുരം: നികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു കെപിസിസി രംഗത്ത്. വെള്ളക്കരവും വസ്തുകൈമാറ്റത്തിനുള്ള സ്റാമ്പ് ഡ്യൂട്ടിയും തോട്ടംനികുതിയും വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ ഭേദഗതി വേണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കെപിസിസി ഓഫീസിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരോട് ആവശ്യപ്പെട്ടു. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് ഇവര്‍ നല്‍കിയതായി സൂചനയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കൂടുതല്‍ നിര്‍ദേശങ്ങള്‍ നാളെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണു പാര്‍ട്ടി നിര്‍ദേശം വന്നിരിക്കുന്നത്. ഇന്നലെ സ്ഥലത്തുണ്ടായിരുന്ന കെപിസിസി ഭാരവാഹികളും സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്തശേഷമാണ് വി.എം. സുധീരന്‍ നിലപാട് സ്വീകരിച്ചത്. ഇതിനിടെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി ഓഫീസിലെത്തിയതോടെ പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പ്രസിഡന്റ് അവര്‍ക്കു മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു.

ഇരുപതിനായിരം ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളെ വെള്ളക്കരം വര്‍ധനയില്‍നിന്ന് ഒഴിവാക്കണമെന്ന് കെപിസിസി നിര്‍ദേശിച്ചു. നാലംഗ കുടുംബത്തിന്റെ പ്രതിമാസ ഉപയോഗമെന്ന നിലയിലാണ് ഇരുപതിനായിരം ലിറ്ററിനു വരെ നിരക്കു വര്‍ധന ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

ഇപ്പോള്‍ പതിനായിരം ലിറ്ററിനു വരെയാണ് നിരക്കുവര്‍ധന ഒഴിവാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടു പരിഹരിക്കുന്നതിനുള്ള മറ്റു ചില നിര്‍ദേശങ്ങളും പാര്‍ട്ടി മുന്നോട്ടുവച്ചു. വില്‍പന നികുതിയിനത്തില്‍ തര്‍ക്കമില്ലാത്ത 15,276 കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കുക, എക്സൈസ് നികുതിയിനത്തില്‍ പിരിച്ചെടുക്കാനുള്ള തര്‍ക്കമില്ലാത്ത 215 കോടിയുടെ കുടിശിക പിരിച്ചെടുക്കുക, കോടതികളില്‍ നികുതിക്കുടിശികയുമായി ബന്ധപ്പെട്ടു കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുക, സര്‍ക്കാര്‍ വക ഭൂമിയുടെ കുത്തകപ്പാട്ടക്കാരില്‍ നിന്നു സര്‍ക്കാരിനു ലഭിക്കേണ്ട കുടിശിക പിരിക്കുക, സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നു ലഭിക്കേണ്ട നികുതി കൃത്യമായി പിരിച്ചെടുക്കുക, വന്‍കിട ക്രഷര്‍ യൂണിറ്റുകളില്‍ നിന്നു ലഭിക്കേണ്ട കോടിക്കണക്കിനു രൂപയുടെ നികുതി പൂര്‍ണമായി പിരിച്ചെടുക്കുക, ചെക്ക്പോസ്റുകളിലെ നികുതിവെട്ടിപ്പു തടയുക, സര്‍ക്കാര്‍ വാഹനങ്ങള്‍, ടെലിഫോണ്‍, വൈദ്യുതി തുടങ്ങിയവയുടെ ദുരുപയോഗം തടയുക എന്നീ കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു കടുത്ത നടപടികള്‍ മന്ത്രിസഭ പ്രഖ്യാപിക്കുന്നതിനു മുമ്പായി പാര്‍ട്ടിയിലോ മുന്നണിയിലോ കൂടിയാലോചന നടത്തിയിരുന്നില്ല. നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിനിടയിലാണു നികുതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച നിലപാടു കൈക്കൊള്ളുന്നതിനായി ഇന്നലെ കെപിസിസി ആസ്ഥാനത്തു പല തലങ്ങളിലുള്ള ആശയവിനിമയം നടന്നത്. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അപ്രതീക്ഷിതമായി കെപിസിസി ആസ്ഥാനത്ത് എത്തി സുധീരനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഇരുപതു മിനിറ്റോളം നീണ്ടു.

നികുതി വര്‍ധനക്കെതിരേ പ്രതിപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി വര്‍ധിപ്പിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് പാസാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ ഗവര്‍ണറെ കണ്ടിരുന്നു. നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണു സര്‍ക്കാര്‍. ചെലവുചുരുക്കല്‍ നിര്‍ദേശങ്ങള്‍ ധനവകുപ്പ് ഉത്തരവായി ഇന്നലെ പുറത്തിറങ്ങി. നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഏതാനും ചില നിര്‍ദേശങ്ങള്‍ കൂടി ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.

ബിയര്‍, വൈന്‍ ലൈസന്‍സ് സംബന്ധിച്ച പ്രശ്നം യുഡിഎഫില്‍ എത്തിയെങ്കിലും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.