മേട്ടോര്‍ വാഹന നിയമ ഭേദഗതി കെഎസ്ആര്‍ടിസിക്കു ദോഷം ചെയ്യുമെന്ന് ആശങ്ക
മേട്ടോര്‍ വാഹന നിയമ ഭേദഗതി കെഎസ്ആര്‍ടിസിക്കു ദോഷം ചെയ്യുമെന്ന് ആശങ്ക
Monday, September 22, 2014 12:08 AM IST
തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതു കെഎസ്ആര്‍ടിസിക്കു ദോഷം ചെയ്യുമെന്ന് ആശങ്ക. ഭേദഗതി നടപ്പായാല്‍ റൂട്ടുകളുടെ ദേശസാത്കരണം അട്ടിമറിക്കപ്പെടുമെന്നും ഗതാഗതമേഖല പൂര്‍ണമായും സ്വകാര്യവത്കരിക്കപ്പെടുമെന്നുമാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. കൂടാതെ കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ നിലനില്പുതന്നെ നിയമംമൂലം അപകടത്തിലായേക്കുമെന്നും ആശങ്കയുണ്ട്. രാജ്യത്തെതന്നെ പൊതുഗതാഗത സംവിധാനങ്ങളെ തകര്‍ക്കുന്നതാണു നിയമഭേദഗതി എന്നാരോപിച്ചു വ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണു വിവിധ തൊഴിലാളി സംഘടനകള്‍.

റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്ലിന്റെ കരടിലാണു വിവാദ നിര്‍ദേശങ്ങളുള്ളത്. യാത്രാവാഹനങ്ങളുടെ സര്‍വീസ് നടത്തിപ്പിനു സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയും പ്രത്യേക പദ്ധതി രൂപവത്കരിക്കണം. തുടര്‍ന്ന് ഇവയുടെ നടത്തിപ്പിനു ടെന്‍ഡര്‍ വിളിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ളവയ്ക്കും ടെന്‍ഡറില്‍ പങ്കെടുക്കാം. കൂടുതല്‍ തുക മുടക്കി ടെന്‍ഡര്‍ നേടുന്നവര്‍ക്കു സര്‍വീസ് നട ത്താന്‍ അനുവാദം ലഭിക്കും.

യാത്രാവാഹനങ്ങളുടെ സര്‍വീസിന്റെ നികുതി തീരുമാനിക്കാനുള്ള അവകാശവും ഇനി നാഷണല്‍ അഥോറിറ്റിക്കായിരിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതോടെ 1950ലെ ആര്‍ടിസി ആക്ട് അനുസരിച്ച് പൊതുമേഖലാ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ക്കു ദേശസാത്കൃത റൂട്ടുകളും പെര്‍മിറ്റും ലഭിക്കുന്നതിലുള്ള പ്രത്യേക സംരക്ഷണം നഷ്ടപ്പെടും. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ ഇല്ലാതാവുകയും ചെയ്യും. ഇതു ഗതാഗത സംവിധാനങ്ങളുടെ സ്വകാര്യവത്കരണത്തിനു വഴിവയ്ക്കുകയും ദേശസാത്കരണം അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്നാണു മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകളുടെ ആശങ്ക.


റോഡ് സുരക്ഷ സംബന്ധിച്ചും കര്‍ശനനിബന്ധനകളാണു നിയമം പറയുന്നത്. വിവിധ നിയമലംഘനങ്ങള്‍ക്കു ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള ശിക്ഷയ്ക്കെതിരേയും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബസ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം. സിഗ്നല്‍ ലംഘിച്ചാല്‍ മൂന്നുതവണ 15,000 രൂപ വീതം പിഴയും ശേഷം ലൈസന്‍സ് റദ്ദാക്കലുമാണു നിയമത്തില്‍ പറയുന്നത്. അപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാം. അപകടത്തില്‍ കുട്ടികള്‍ക്ക് അപകടം പറ്റിയാല്‍ ഡ്രൈവര്‍ മൂന്നുലക്ഷം രൂപ പിഴയും ഏഴു വര്‍ഷം തടവും അനുഭവിക്കണം. അപകടത്തില്‍ മരണമുണ്ടായാല്‍ ഡ്രൈവര്‍ ഏഴുവര്‍ഷം വരെ തടവിനും ഏഴുലക്ഷം രൂപ പിഴയ്ക്കും വിധേയനാവും. ബില്ലിലെ വ്യവസ്ഥയനുസരിച്ചു വാഹനത്തിനു മുന്നില്‍ ചാടിയുള്ള ആത്മഹത്യകള്‍ക്കും ഡ്രൈവറുടേതല്ലാത്ത കാരണങ്ങളാലുണ്ടാവുന്ന അപകടങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ ശിക്ഷ അനുഭവിക്കേ ണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.