സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവം സോഷ്യല്‍ മീഡിയയില്‍
സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവം സോഷ്യല്‍ മീഡിയയില്‍
Monday, September 22, 2014 12:05 AM IST
പയ്യന്നൂര്‍: യുവതിയുടെ പ്രസവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരേ വന്‍ ജനരോഷം. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പ്രസവദൃശ്യങ്ങളാണു നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. വാട്സ് ആപ്പിലും യുട്യൂബിലും പ്രചരിച്ചിരുന്ന രംഗങ്ങള്‍ ഇന്നലെ രാവിലെ ചാനല്‍ പുറത്തുവിട്ടതോടെയാണു സംഭവം വിവാദമായത്. ഇതോടെ വിവിധ യുവജന സംഘടനകള്‍ പ്രതിഷേധവുമായി എത്തി. ആശുപത്രി പരിസരം സംഘര്‍ഷഭരിതമായി.

ഒന്നരമാസം മുമ്പ് കാസര്‍ഗോഡ് ഉദിനൂരിലെ യുവതി ഒറ്റ പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയിരുന്നു. പ്രസവത്തിനുശേഷം കുട്ടികളുടെയും യുവതിയുടെയും ദൃശ്യങ്ങള്‍ ബന്ധുക്കളുടെ അനുവാ ദത്തോടെ പത്രങ്ങളും മറ്റും പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രസവത്തിന്റെ തത്സമയ ദൃശ്യങ്ങളാണു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

സംഭവം ഒരു ചാനലില്‍ വാര്‍ത്തയായതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണു പ്രകടനമായി ആദ്യമെത്തിയത്. പിന്നാലെ കോണ്‍ഗ്രസ്, മുസ്ലിം യൂത്ത്ലീഗ്, യുവമോര്‍ച്ച, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും പ്രകടനമായി എത്തിയതോടെ ആശുപത്രി പരിസരം സംഘര്‍ഷഭരിതമായി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കള്‍ ഇടപെട്ടാണു പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ഇന്നു ചര്‍ച്ച നടത്തി ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ നടപടിയെടുക്കാമെന്ന ആശുപത്രി സൂപ്രണ്ടിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും ഉറപ്പിലാണു പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.


ആശുപത്രിയില്‍ പ്രസവിച്ച യുവതിയില്‍നിന്നു പോലീസ് മൊഴിയെടുത്തു. ഒരുമാസം മുമ്പേ ഇത്തരം ചിത്രങ്ങള്‍ പ്രചരിക്കുന്നതായി ആളുകള്‍ പറഞ്ഞിരുന്നുവെന്നും ചിത്രം കണ്ടതില്‍നിന്നും താനറിയാതെ എടുത്ത പ്രസവരംഗമാണു പ്രചരിക്കുന്നതെന്നു വ്യക്തമായതായും യുവതി മൊഴി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസവ സമയത്തുണ്ടായിരുന്ന മൂന്നു ഡോക്ടര്‍മാരുടെയും നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള നാലു ജീവനക്കാരുടെയും പേരില്‍ പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.