വിള്ളല്‍; കാലടിപ്പാലം അടച്ചു
വിള്ളല്‍; കാലടിപ്പാലം അടച്ചു
Sunday, September 21, 2014 11:31 PM IST
കാലടി: എംസി റോഡില്‍ കാലടി ശ്രീശങ്കര പാലത്തില്‍ രൂപപ്പെട്ട കുഴികള്‍ വലിയ നീളത്തില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞു വിള്ളലായതോടെ പാലം അപകടാവസ്ഥയിലായി. പാലത്തോടു ചേര്‍ന്ന് ഇരുവശങ്ങളും കഴിഞ്ഞദിവസം കട്ടവിരിച്ചു കോണ്‍ക്രീറ്റ് ചെയ്തിരുന്നു. കാലടിയില്‍നിന്നു പാലത്തിലേക്കു പ്രവേശിക്കുന്നിടത്തു കോണ്‍ക്രീറ്റ് ചെയ്തിരുന്ന ഭാഗത്താണു നീളത്തില്‍ വിള്ളലുണ്ടായത്. കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങളില്‍ പൊട്ടല്‍ വീണു കോണ്‍ക്രീറ്റ് കട്ടകളായി പൊളിഞ്ഞാണു വിള്ളല്‍ ഉണ്ടായത്. പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു.

ഇന്നലെ രാവിലെ ഒന്‍പ തരയോടെ പാലത്തിലൂടെ കടന്നുപോയ മോട്ടോര്‍ ബൈക്ക് കുഴിയില്‍ വീണാണ് ആദ്യം അപകടമുണ്ടായത്. തുടര്‍ന്ന് ഒരു കാറും കുഴിയില്‍ വീണു. ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു കാര്‍ കുഴിയില്‍നിന്നു തള്ളിക്കയറ്റിയപ്പോഴാണു വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ വാഹന ഗതാഗതം നിയന്ത്രിച്ച് ഒരു വശത്തുകൂടി മാത്രം വണ്ടികള്‍ കടത്തിവിട്ടു. പിഡബ്ള്യുഡി ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്ത് എത്തണമെന്നാവശ്യപ്പെട്ടു ബിജെപി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. കെഎസ്യു പ്രവര്‍ത്തകര്‍ പാലത്തില്‍ കിടന്നു റോഡ് ഉപരോധിച്ചതോടെ വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇതോടെ സംഘര്‍ഷാവസ്ഥയായി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തി സ്ഥിതി ശാന്തമാക്കിയെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു പാലത്തിലേക്ക് എത്തിയതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമായി.


ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശവമഞ്ചമൊരുക്കി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റീത്ത് വയ്ക്കുകയും ചെയ്തു. പാലം അപകടാവസ്ഥയില്‍ എന്നു വലിയ ബാനര്‍ സ്ഥാപിച്ചതിനു പിന്നാലെ വിള്ളല്‍ വീണ ഭാഗത്തു സാമൂഹ്യവിരുദ്ധര്‍ കോണ്‍ക്രീറ്റ് കട്ടകള്‍ കുത്തിപ്പൊളിക്കുകയും വാഹനഗതാഗതം തടസപ്പെടുത്തുന്ന തരത്തില്‍ ഇരുമ്പുപൈപ്പിന്റെ പോസ്റ് റോഡിനു കുറുകെയിടുകയും ചെയ്തു. ഇതിനിടെ, ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥലത്തെത്തിയപ്പോള്‍ ജനങ്ങള്‍ കൂകിവിളിച്ചു.

പാലം അപകടനിലയിലായെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ കൂട്ടത്തോടെ പാലത്തില്‍ എത്തി. ബിജെപി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാലടിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും പ്രകടനം നടത്തുകയും ചെയ്തു. ഇതോടെ കടകമ്പോളങ്ങളും അടച്ചു.

പെരുമ്പാവൂരില്‍നിന്ന് അങ്കമാലി ഭാഗത്തേക്കുള്ള വാഹന ങ്ങള്‍ ആലുവ വഴിയും അങ്കമാലിയില്‍നിന്നു കാലടി ടൌണ്‍ കൂടി പെരുമ്പാവൂരിലേക്കു പോകുന്ന വാഹനങ്ങള്‍ ശ്രീമൂലനഗരം പാലം വഴിയും തിരിച്ചുവിട്ടു. ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ പാലത്തിലൂടെ കടത്തിവിടുന്നില്ല.

പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്‍, കാലടി സിഐ ക്രിന്‍സ്പിന്‍ സാം, എസ്ഐ പി.എച്ച്. സമീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പോലീസ് ഇപ്പോഴും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.