ഹയര്‍സെക്കന്‍ഡറി: ഉച്ചഭക്ഷണ ഇടവേള 40 മിനിറ്റ്
Friday, September 19, 2014 12:46 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഉച്ചഭക്ഷണ ഇടവേള 40 മിനിറ്റും പ്രവൃത്തിസമയ ഇടവേള 10 മിനിറ്റുമായി പുനഃക്രമീകരിച്ചുകൊണ്ട് ഉത്തരവിറങ്ങി. വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയം 95 മിനിറ്റാക്കി. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഹയര്‍ സെക്കന്‍ഡറി ക്ളാസുകള്‍ വൈകുന്നേരം 4.45 ന് അവസാനിക്കുന്ന രീതിയിലാണ് പുനഃക്രമീകരണം.

ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച പ്രഫ. ലബ്ബ കമ്മീഷന്റെ നിര്‍ദേശത്തിന്റെ ഭാഗമായി ശനിയാഴ്ചത്തെ പ്രവൃത്തിദിനം ഒഴിവാക്കിയിരുന്നു. ശനിയാഴ്ച നഷ്ടപ്പെടുന്ന സമയം മറ്റു ദിവസങ്ങളില്‍ ക്രമീകരിക്കുന്നതിനായി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒമ്പതിനു ക്ളാസുകള്‍ ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്ളാസുകള്‍ ക്രമീകരിച്ചിരുന്നത്. പുതിയ സമയഘടനയില്‍ പീരിഡുകള്‍ക്ക് ഇടയിലുള്ള ഇടവേളകളും ഉച്ചഭക്ഷണ ഇടവേളയും അപര്യാപ്തമാണെന്ന പരാതി വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണു ഹയര്‍ സെക്കന്‍ഡറി വകുപ്പ് വിശദമായ പരിശോധനകള്‍ നടത്തിയശേഷം ഇടവേള സമയങ്ങള്‍ പുനഃകമീകരിച്ചു ഉത്തരവിറക്കിയത്.

തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ആദ്യ പീരിയഡ് രാവിലെ ഒമ്പതിന് ആരംഭിച്ച് 9.45 ന് അവസാനിക്കും. സെക്കന്‍ഡ് പീരിയഡ് 9.45 ന് ആരംഭിച്ച് 10.25 നും തേര്‍ഡ് പീരിയഡ് 10.25 നു തുടങ്ങി 11.05 നും അവസാനിക്കും. തുടര്‍ന്നു 11.05 മുതല്‍ 11.15 വരെ പത്തുമിനിറ്റ് ഇന്റര്‍വെല്‍. നാലാം പീരിയഡ് 11.15 മുതല്‍ 11.55 വരെയും അഞ്ചാം പീരിയഡ് 11.55 മുതല്‍ 12.35 വരെയും. 12.35 മുതല്‍ 1.15 വരെ 40 മിനിറ്റ് ഉച്ചഭക്ഷണ ഇടവേള. ആറാം പീരിയഡ് 1.15 മുതല്‍ 1.55 വരെയും ഏഴാം പീരിയഡ് 1.55 മുതല്‍ 2.35 വരെയും എട്ടാം പീരിയഡ് 2.35 മുതല്‍ 3.15 വരെയുമാണു ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് 3.15 മുതല്‍ 3.25 വരെ വിശ്രമസമയം. 3.25 മുതല്‍ നാലുവരെയാണ് ഒമ്പതാം പീരിയഡ്. നാലു മുതല്‍ 4.45 വരെയാണ് പത്താം പീരിയഡ്.


വെളളിയാഴ്ച ഏഴു പീരിയഡയാണു ക്രമീകരിച്ചിട്ടുള്ളത്. രാവിലെ ഒമ്പതു മുതല്‍ 9.55 വരെ ആദ്യപീരിയഡ്. 9.55 മുതല്‍ 10.45 വരെ രണ്ടാം പീരിയഡ്. തുടര്‍ന്നു 10 മിനിറ്റ് ഇന്റര്‍വെല്‍. 10.55 മുതല്‍ 11.40 വരെ മൂന്നും 11.40 മുതല്‍ 12.25 വരെ നാലും പീരിയഡ്. 12.25 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ 95 മിനിറ്റ് ഉച്ചഭക്ഷണത്തിനായുള്ള സമയം. രണ്ടു മുതല്‍ 2.55 വരെ അഞ്ചാം പീരിയഡും 2.55 മുതല്‍ 3.45 വരെ ആറാം പീരിയഡും. തുടര്‍ന്നു 10 മിനിറ്റ് ഇന്റര്‍വെല്‍. 3.55 മുതല്‍ 4.45 വരെ ഏഴാം പീരിയഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.