ഫീസ് നിര്‍ണയം: കണ്ണൂര്‍, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്കു നോട്ടീസ് നല്കി
Wednesday, September 17, 2014 12:38 AM IST
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എംബിബിഎസ് ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്കാനാവശ്യപ്പെട്ട് കണ്ണൂര്‍, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് നോട്ടീസ് നല്കി

പ്രവേശന നടപടികള്‍ക്കു മേല്നോട്ടം വഹിക്കുന്ന ജസ്റീസ് ജയിംസ് കമ്മിറ്റിയാണ് രണ്ടു മെഡിക്കല്‍കോളജുകള്‍ക്കും ഇന്നലെ നോട്ടീസ് അയച്ചത്. കമ്മിറ്റി ആവശ്യപ്പെട്ട വിവരങ്ങള്‍ ഈ മാസം 23 നു വൈകുന്നേരം അഞ്ചിനു മുമ്പായി നല്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു കോളജുകളിലേക്കും 2014 ലെ എംബിബിഎസ് പ്രവേശനത്തിനു താത്പര്യമുള്ളവരുടെ പട്ടിക തയാറാക്കി നല്കണമെന്നു നേരത്തേ സുപ്രീം കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 1175 പേരുടെ പട്ടിക തയാറാക്കി. രണ്ടു കോളജുകളുടേയും പ്രോസ്പെക്ടസില്‍ പ്രതിപാദിക്കുന്ന 5.95 ലക്ഷം രൂപ എന്ന വാര്‍ഷിക ഫീസും പലിശരഹിത കോഷന്‍ ഡിപ്പോസിറ്റും ഹോസ്റല്‍ ഫീസ് ഉള്‍പ്പെടെയുള്ളവയും ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന പ്രകാരം മാറ്റം വരുത്തുന്നതനുസരിച്ച് വിദ്യാര്‍ഥികള്‍ നല്കിയാല്‍ മതിയെന്നും ജസ്റീസ് ജയിംസ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.


ഫീസ് നിര്‍ണയത്തിനാവശ്യമായ വിവരങ്ങള്‍ നല്കണമെന്നാവശ്യപ്പെട്ടു രണ്ടു തവണ കമ്മിറ്റി ഈ കോളജുകള്‍ക്ക് കത്തു നല്കിയിരുന്നെങ്കിലും മറുപടി ലഭിക്കാത്തസാഹചര്യത്തിലാണു വീണ്ടും നോട്ടീസ്. ഈ കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണമായ പട്ടിക പരിശോധിച്ച അംഗീകരിച്ചാല്‍ മാത്രമേ രജിസ്ട്രേഷനായി സര്‍വകലാശാലയിലേക്ക് അയയ്ക്കുകയുള്ളുവെന്നും ജസ്റീസ് ജയിംസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.