മനോജ് വധം: പി. ജയരാജന്‍ പോലീസിനെ ഭീഷണിപ്പെടുത്തിയെന്നു ബിജെപി
മനോജ് വധം: പി. ജയരാജന്‍ പോലീസിനെ ഭീഷണിപ്പെടുത്തിയെന്നു ബിജെപി
Tuesday, September 16, 2014 12:35 AM IST
കോഴിക്കോട്: കണ്ണൂര്‍ കതിരൂരിലെ ആര്‍എസ്എസ് നേതാവ് കെ. മനോജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും, അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലാ സെക്രട്ടറി നേരിട്ടു വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരു ഡിവൈഎസ്പിയെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നേരിട്ട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇത്തരത്തില്‍ ഭീഷണിമുഴക്കി അന്വേഷണം വഴിതിരിച്ചുവിടാന്‍ സിപിഎം ശ്രമിക്കുകയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അനുവര്‍ത്തിച്ച അതേനിലപാട് തന്നെ മനോജ് വധക്കേസിന്റെ അന്വേഷണത്തിലും സിപിഎം തുടരുകയാണ്.

നിര്‍ഭയമായി ഉദ്യോഗസ്ഥര്‍ക്ക്് കേസ് അന്വേഷിക്കാന്‍ സാധിക്കുന്നില്ല.

സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതായി അറിഞ്ഞിട്ടും യാതൊരു നടപടികളും സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് തയാറായിട്ടില്ല. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പും, മന്ത്രിയും കുറ്റകരമായ മൌനം പാലിക്കുകയാണ്. കൊലക്കേസ് പ്രതി വിക്രമന്‍ കീഴടങ്ങിയതിനു പിന്നില്‍ സിപിഎമ്മിന്റെ ഒത്തുകളി നടന്നിട്ടുണ്േടായെന്ന് പരിശോധിക്കണം. കേന്ദ്ര അന്വേഷണം വരുന്നതിനു മുമ്പ് കുറച്ചു റെഡിമെയ്ഡ് പ്രതികളെ ഹാജരാക്കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്േടായെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സിപിഎമ്മിന്റെ ഓഫീസിലിരുന്ന് നേതൃത്വവും, അഭിഭാഷകരുമാണ് പ്രതികളെ തീരുമാനിച്ച് പോലീസിലേല്‍പ്പിക്കുന്നത്. ഇത്തരം രാഷ്ട്രീയ നാടകം അരങ്ങേറാന്‍ ബിജെപി അനുവദിക്കില്ല. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി നീതിക്കും, നിയമത്തിനും അതീതനാണെന്ന ഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മനോജ് വധക്കേസില്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.


വി.എസിന്റെ നിലപാട് ബിജെപിക്ക് അനുകൂലമാണോ എന്ന ചോദ്യത്തിന് ടി.പി കേസിലും വി.എസ്. സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കേസ് അട്ടിമറിച്ചാല്‍ യാതൊരു കാരണവശാലും അടങ്ങിയിരിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പുനല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.