യുഡിഎഫിലും കോണ്‍ഗ്രസിലും ബിയര്‍, വൈന്‍ പോര്
Tuesday, September 16, 2014 11:36 PM IST
തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിവാദത്തിന്റെ വഴിയേ ബിയര്‍, വൈന്‍ ലൈസന്‍സും യുഡിഎഫിലും കോണ്‍ഗ്രസിലും വിവാദമാകുന്നു. പുതുതായി ബിയര്‍, വൈന്‍ ലൈസന്‍സുകള്‍ അനുവദിക്കണമെന്നും വേണ്െടന്നുമുള്ള അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് നേതാക്കള്‍ രംഗത്തുവന്നതോടെ ഇക്കാര്യത്തിലും തീരുമാനത്തിലെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിവരുമെന്ന സൂചനയാണു പുറത്തുവരുന്നത്. പുതുതായി ബിയര്‍, വൈന്‍ ലൈസന്‍സുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഇക്കാര്യത്തില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഇവരുടെ ഭിന്നാഭിപ്രായം വ്യക്തമാക്കുന്നതാണ്. പുതിയ ലൈസന്‍സുകള്‍ കൊടുക്കേണ്െടന്നു യുഡിഎഫ് തീരുമാനിച്ചിട്ടുണ്െടന്നായിരുന്നു വി.എം. സുധീരന്‍ കഴിഞ്ഞ ദിവസം കെപിസിസി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. അന്നുതന്നെ ചേര്‍ന്ന യുഡിഎഫ് യോഗത്തിലും സുധീരന്‍ ഇതേ നിലപാടു സ്വീകരിച്ചു. എന്നാല്‍, യുഡിഎഫ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ തന്നെ നിലപാടെടുത്തു എന്നാണു പുറത്തുവന്ന വാര്‍ത്തകള്‍. മുമ്പു നടന്ന യുഡിഎഫ് യോഗത്തിന്റെ മിനിറ്റ്സ് വായിച്ചാണത്രെ മുഖ്യമന്ത്രി കെപിസിസി പ്രസിഡന്റിനെ തിരുത്തിയത്.

പുതുതായി ബിയര്‍, വൈന്‍ ലൈസന്‍സ് അനുവദിക്കണമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുവരെ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. ഘടകകക്ഷികള്‍ അഭിപ്രായം സ്വരൂപിച്ചശേഷം യുഡിഎഫ് യോഗം ചേര്‍ന്നു തീരുമാനമെടുക്കാം എന്ന നിലപാടിലാണു മുഖ്യമന്ത്രി. എന്നാല്‍, ബാറുകള്‍ മുഴുവന്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കണമെന്ന നിലപാട് ഭരണനേതൃത്വത്തില്‍ പ്രബലമായുണ്ട്. ടൂറിസം മേഖലയില്‍ നിന്നുള്ള സമ്മര്‍ദവും ശക്തമാണ്.

അതേസമയം, പുതുതായി ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കേണ്ടതില്ലെന്ന കര്‍ക്കശനിലപാടിലേക്കു സുധീരന്‍ മാറിയിട്ടുണ്ട്. നിലവിലുള്ളവ പ്രവര്‍ത്തിക്കുന്നതിനോട് അദ്ദേഹം വിയോജിപ്പു പ്രകടിപ്പിച്ചിട്ടില്ല. സംസ്ഥാനത്ത് ഒട്ടാകെ നൂറിലേറെ ബിയര്‍, വൈന്‍ ലൈസന്‍സുകള്‍ മാത്രമേ നിലവിലുള്ളൂ. ഈ സാഹചര്യത്തില്‍ ടൂറിസം മേഖലകളിലെങ്കി ലും പുതിയ ലൈസന്‍സ് അനുവ ദിക്കുന്നതില്‍ തെറ്റില്ലെന്ന ചിന്താഗതിയാണ് ഭരണനേതൃത്വത്തില്‍ ഒരു വിഭാഗത്തിനുള്ളത്.


ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അഭിപ്രായത്തോടു പ്രതികരിച്ചുകൊണ്ട്, പുതിയ ലൈസന്‍സ് പാടില്ലെന്ന നിലപാടാണു സുധീരന്‍ സ്വീകരിച്ചത്. കേരള കോണ്‍ഗ്രസിന്റെ നിലപാട് എന്ന നിലയിലാണു പി.സി. ജോര്‍ജ് അഭിപ്രായം പറഞ്ഞതെങ്കിലും ജോര്‍ജിന്റെ നിലപാട് വ്യക്തിപരമെന്നാണു കെ.എം. മാണി വിശേഷിപ്പിച്ചത്. സര്‍ക്കാരിന്റെ മദ്യനയത്തെ പരാജയപ്പെടുത്താനുള്ളവരുടെ വാദമുഖങ്ങള്‍ എന്ന നിലയ്ക്കാണു പുതിയ ബിയര്‍, വൈന്‍സ് ലൈസന്‍സിനു വേണ്ടിയുള്ള ആവശ്യത്തെയും സുധീരന്‍ കാണുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ബാറുകളുടെ കാര്യത്തിലെന്നതുപോലെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കുവേണ്ടി വാദിക്കാനും ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസിലെ നേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന സ്ഥിതിയിലേക്കായിരിക്കും കാര്യങ്ങളെത്തുക.

ബാറുകളുടെ വിഷയത്തിലും ഇതേ രീതിയിലായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. നിലവാരമില്ലെന്നു പറഞ്ഞ് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 418 ബാറുകളുടെ കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. സാമ്പത്തികവര്‍ഷം തുടങ്ങി അഞ്ചു മാസം പിന്നിട്ടപ്പോഴും കോണ്‍ഗ്രസിനുള്ളില്‍ ഇക്കാര്യത്തില്‍ സമവായമുണ്ടായില്ല. 418 ബാറുകള്‍ തുറക്കാന്‍ പാടില്ലെന്ന അഭിപ്രായം മുന്നണിക്കുള്ളിലും പ്രബലമായതോടെ മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കമാണ് ഇപ്പോഴത്തെ മദ്യനയത്തിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. ഈ തീരുമാനത്തെ പുറമേക്ക് എല്ലാവരും സ്വാഗതം ചെയ്യുമ്പോഴും കോണ്‍ഗ്രസിലും ഘടകകക്ഷികളിലുമെല്ലാം അതൃപ്തി പുകയുകയാണ്. ഇതിനു പിന്നാലെയാണ് ബിയര്‍, വൈന്‍ ലൈസന്‍സിന്റെ പേരില്‍ മറ്റൊരു ബലപരീക്ഷണത്തിനുള്ള വേദിയൊരുങ്ങുന്നത്. ഏതായാലും ഇക്കാര്യത്തില്‍ ഉടനടി ഒരു തീരുമാനത്തിലേക്കു സര്‍ക്കാര്‍ നീങ്ങാനിടയില്ല. ബാറുകള്‍ അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട കേസുകളിന്മേലുള്ള വിസ്താരം ഈ മാസം 22നു തുടങ്ങാനിരിക്കെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമാകും ഇനി ബിയര്‍, വൈന്‍ പാര്‍ലര്‍ വിഷയത്തിലും തീരുമാനമെടുക്കുക. ഈ മാസം 30നകം തീരുമാനമെടുക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്െടങ്കിലും ഇതുസംബന്ധിച്ച നിയമപോരാട്ടം നീണ്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.