സിഐടിയു സംസ്ഥാനകൌണ്‍സില്‍ 19 മുതല്‍
Tuesday, September 16, 2014 11:56 PM IST
കോട്ടയം: സിഐടിയു സംസ്ഥാന കൌണ്‍സില്‍ 19 മുതല്‍ 21 വരെ കോട്ടയത്തു നടക്കും. കൌണ്‍സിലിന്റെ ഭാഗമായി വിവിധ സെമിനാറുകളും നടക്കും. 16നു വൈകുന്നേരം നാലിനു ചങ്ങനാശേരിയില്‍ നടക്കുന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിനു പൊന്‍കുന്നത്തു വര്‍ഗീയത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

17നു വൈകുന്നേരം നാലിനു തിരുനക്കര പഴയപോലീസ് സ്റേഷന്‍ മൈതാനത്തു മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചേരുന്ന സെമിനാര്‍ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന അസിസ്റന്റ് സെക്രട്ടറി സി.എന്‍. ചന്ദ്രന്‍, ജനതാദള്‍ സംസ്ഥാനപ്രസിഡന്റ് അഡ്വ. മാത്യു ടി. തോമസ്, എന്‍സിപി സംസ്ഥാനപ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സിഐടിയു ദേശീയ കൌണ്‍സിലംഗം കെ.ജെ. തോമസ് എന്നിവര്‍ പങ്കെടുക്കും.


19നു ഉച്ചകഴിഞ്ഞു മൂന്നിനു പോലീസ് പരേഡ് ഗ്രൌണ്ടില്‍നിന്നും റാലി ആരംഭിക്കും. തുടര്‍ന്നു അഞ്ചിനു തിരുനക്കര മൈതാനത്തു ചേരുന്ന പൊതുസമ്മേളനം സിഐടിയു ദേശീയപ്രസിഡന്റ് എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിക്കും. വൈക്കം വിശ്വന്‍, എളമരം കരിം, കെ.ജെ. തോമസ്, വി.ആര്‍. ഭാസ്കരന്‍, വി.എന്‍. വാസവന്‍, പി.ജെ. വര്‍ഗീസ്, ടി.ആര്‍. രഘുനാഥന്‍ എന്നിവര്‍ പങ്കെടുക്കും.

20നു സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ കൌണ്‍സില്‍ ആരംഭിക്കും. ദേശീയപ്രസിഡന്റ് എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. 21നു സമാപിക്കും. 460 പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പത്രസമ്മേളനത്തില്‍ സിഐടിയു ദേശീയ സെക്രട്ടറി പി. നന്ദകുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ വി.എന്‍. വാസവന്‍, ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.