കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ചര്‍ച്ച തുടങ്ങി
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ചര്‍ച്ച തുടങ്ങി
Monday, September 15, 2014 12:09 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാനുള്ള ചര്‍ച്ച തുടങ്ങി. കഴിഞ്ഞ 28നു തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.

ഇക്കാര്യം കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡിലും മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലും കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതു പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് യോഗത്തിന്റെ മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുണ്െടന്നു തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട കെഎസ്ആര്‍ടിസിക്കു താങ്ങാകുമെങ്കിലും കണ്ടക്ടര്‍, ഡ്രൈവര്‍, അസിസ്റന്റ് ഗ്രേഡ് റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ടവരെ അതു ബാധിക്കും.

അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ശിപാര്‍ശ ധനവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, അടുത്ത വര്‍ഷം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പു ധൃതി പിടിച്ചു പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു യുഡിഎഫിനു തിരിച്ചടിയാകുമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെടാതെ പിടിച്ചുനില്‍ക്കാന്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന അഭിപ്രായവുമുണ്ട്.


അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ ആരംഭത്തില്‍ 40,000 ജീവനക്കാരാണു വിരമിക്കാനിരിക്കുന്നത്. ഒരു ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ ഏഴു ലക്ഷം മുതല്‍ 35 ലക്ഷം വരെ രൂപ പെന്‍ഷന്‍ ആനുകൂല്യമായി നല്‍കേണ്ടിവരും. തസ്തികയും സര്‍വീസ് കാലാവധിയും കണക്കാക്കിയാണു തുക കണക്കാക്കുന്നത്. ഇതോടൊപ്പം ശമ്പളപരിഷ്കരണം കൂടി നടപ്പാക്കിയാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പ്രതിസന്ധിയിലാകുമെന്നാണു പറയപ്പെടുന്നത്.

ബാറുകള്‍ അടച്ചുപൂട്ടുന്നതുമൂലം കാര്യമായ വരുമാനനഷ്ടം സംസ്ഥാന ഖജനാവിന് ഉണ്ടാകില്ലെങ്കിലും മദ്യനിരോധനം പൂര്‍ണമായി നടപ്പാക്കുമ്പോള്‍ 1,700 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാ കും. ഇതു മറികടക്കാന്‍ പുതിയ മാര്‍ഗം തേടേണ്ടിവരും.

കമ്പനിവത്കരണ നടപടികള്‍ പൂര്‍ത്തിയായ കേരള സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും 58 ആക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍ യുവാക്കളുടെ അവസരമാണു നഷ്ടമാകുന്നത്. വിവിധ തസ്തികളിലേക്കുള്ള ഒരു കോടിയിലേറെ അപേക്ഷകളാണു പിഎസ്സിയില്‍ കെട്ടിക്കിടക്കുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതും മൂലം റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ട നിരവധി പേര്‍ക്ക് അവസരം നിഷേധിക്കപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.